Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് യു വി ടയർ നിർമാണത്തിൽ ശ്രദ്ധയൂന്നാൻ അപ്പോളൊ

apollo-logo

രാജ്യത്ത് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോടുള്ള ആഭിമുഖ്യം വർധിക്കുന്നതു മുതലെടുക്കാൻ ടയർ നിർമാതാക്കവായ അപ്പോളൊ ടയേഴ്സ് ഒരുങ്ങുന്നു. ഗുജറാത്തിലെ ബറോഡയിലുള്ള ശാലയിൽ എസ് യു വി ടയർ നിർമാണത്തിനായി പ്രത്യേക അസംബ്ലി ലൈൻ നീക്കിവയ്ക്കാനാണു കമ്പനിയുടെ പദ്ധതി. ഇത്തരത്തിൽ പ്രതിമാസം 3,000 എസ് യു വി ടയറുകൾ കൂടി ഉൽപ്പാദിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. ഓഫ് റേഡിങ് ശേഷിയുള്ള എസ് യു വി ടയറുകളിലൂടെ യുവതലമുറയെ കയ്യിലെടുക്കാമെന്നും അപ്പോളൊ ടയേഴ്സ് കണക്കുകൂട്ടുന്നു.

രാജ്യത്ത് കോംപാക്ട് എസ് യു വി വിഭാഗം വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് എൻട്രി ലവൽ എസ് യു വി വിഭാഗത്തിലെ വിൽപ്പന 2015 ഫെബ്രുവരിയെ അപേക്ഷിച്ച് 75% അധികമായിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘കെ യു വി 100’, ‘ടി യു വി 300’, ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’ തുടങ്ങിയവയുടെ വരവാണ് ഈ വിഭാഗത്തിൽ ഉണർവേകിയത്. ‘വിറ്റാര ബ്രേസ’യിലൂടെ മാരുതി സുസുക്കിയും ഈ വിഭാഗത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം എൻട്രി ലവൽ എസ് യു വി വിഭാഗത്തിന്റെ കുതിപ്പ് ‘സി വിഭാഗം’ സെഡാനുകൾക്കു തിരിച്ചടി സൃഷ്ടിച്ചെന്നാണു കണക്കുകൾ നൽകുന്ന സൂചന. 2015 ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വിഭാഗത്തിന്റെ വിൽപ്പനയിൽ കഴിഞ്ഞ മാസം 14% ഇടിവു നേരിട്ടിരുന്നു.

എസ് യു വി വിഭാഗത്തിനൊപ്പം ട്രക്ക് — ബസ് റേഡിയൽ(ടി ബി ആർ) രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാനും അപ്പോളൊ ടയേഴ്സ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പ്രതിമാസം 6,000 ടി ബി ആർ നിർമിക്കുന്നത് 12,000 ആയി ഉയർത്താനാണു നീക്കം. ഇതിനായി 2,700 കോടി രൂപ ചെലവിൽ ചെന്നൈയിലെ ശാല വികസിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ചെന്നൈയിലെ ടി ബി ആർ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിക്കുന്നുണ്ടെന്നാണ് അപ്പോളൊ ടയേഴ്സിന്റെ അവകാശവാദം.

ഇന്ത്യയിലും വിദേശത്തുമുള്ള നിർമാണശാലകളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനായി നടപ്പു സാമ്പത്തിക വർഷം 60 കോടി ഡോളർ (4,000 കോടിയിലേറെ രൂപ) നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇരുചക്രവാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്ന അപ്പോളൊ ടയേഴ്സിന്റെ ഹംഗറിയിലെ ടയർ നിർമാണശാല അടുത്ത ജനുവരിയിൽ ഉൽപ്പാദനം ആരംഭിക്കും.

വാഹന വ്യവസായത്തിൽ പൂർണ സാന്നിധ്യം ലക്ഷ്യമിട്ടാണ് ഇരുചക്രവാഹനങ്ങൾക്കുള്ള ടയർ നിർമിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമുള്ള അപ്പോളൊ ‘ആക്ടി സീരീസ്’ ടയറുകൾ ആദ്യ ഘട്ടത്തിൽ റീപ്ലേസ്മെന്റ് വിപണിയിലാണു ലഭ്യമാവുക. കവറേജ് കേന്ദ്രീകൃത ടയറുകളാവും ആദ്യ ഘട്ടത്തിൽ കമ്പനി നിർമിക്കുക; പ്രകടനത്തിനു മുൻതൂക്കം നൽകുന്ന ടയറുകൾ പിന്നാലെ പ്രതീക്ഷിക്കാം.

Your Rating: