Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡൊമിനർ 400’ കൈമാറ്റത്തിനു തുടങ്ങാൻ ബജാജ്

bajaj-dominar-1 Bajaj Dominar

ബജാജ് ഓട്ടോ ലിമിറ്റഡിൽ നിന്നുള്ള പുതിയ എൻട്രി ലവൽ പ്രീമിയം ബൈക്കായ ‘ഡൊമിനറി’ന്റെ വിൽപ്പനയ്ക്ക് ഈ ആഴ്ച തുടക്കമാവും. കഴിഞ്ഞ മാസം അരങ്ങേറ്റം കുറിച്ച ‘ഡൊമിനർ 400’ ബൈക്കുകൾ കമ്പനി ഡീലർഷിപ്പുകളിലേക്ക് അയച്ചു തുടങ്ങി. പ്രകടനക്ഷമതയേറിയ ബൈക്കുകൾക്കായി കാത്തിരിക്കുന്നവർക്ക് ഓൺലൈൻ രീതിയിൽ ‘ഡൊമിനർ 400’ ബുക്ക് ചെയ്യാനും കമ്പനി അവസരം നൽകിയിരുന്നു. ‘ഡൊമിനറി’ന്റെ ആന്റി ലോക്ക് ബ്രേക്കില്ലാത്ത പതിപ്പിന് 1.36 ലക്ഷം രൂപയും എ ബി എസ് വകഭേദത്തിന് 1.50 ലക്ഷം രൂപയുമാണു ബജാജ് ഓട്ടോ ഡൽഹി ഷോറൂമിലെ പ്രാരംഭവിലയായി നിശ്ചയിച്ചത്. ഓൺലൈനിൽ ബൈക്ക് ബുക്ക് ചെയ്തുകാത്തിരിക്കുന്നവർക്ക് ‘ഡൊമിനർ 400’ കൈമാറ്റം സംബന്ധിച്ച വിവരവും ബജാജ് ഓട്ടോ നൽകിയിട്ടുണ്ടെന്നാണു സൂചന.

തുടക്കത്തിൽ രാജ്യത്തെ 22 നഗരങ്ങളിലാണു ‘ഡൊമിനർ 400’ വിൽപ്പനയ്ക്കെത്തുന്നത്. ഉൽപ്പാദനത്തിലും വിൽപ്പനയിലുമൊക്കെ സ്ഥിരത കൈവരിക്കുന്ന മുറയ്ക്കു പുതിയ ബൈക്കിന്റെ വിപണനം രാജ്യവ്യാപകമാക്കാനാണു ബജാജ് ലക്ഷ്യമിടുന്നത്. ഏറെ പ്രതീക്ഷകളോടെയാണു ബജാജ് ഓട്ടോ ‘ഡൊമിനർ 400’ ബൈക്കിനെ പടയ്ക്കിറക്കുന്നത്. പ്രകടനക്ഷമതയേറിയ ബൈക്കുകളായ ‘പൾസർ ആർ എസ് 200’, ‘കെ ടി എം ഡ്യൂക്ക് 390’ തുടങ്ങിയവയിൽ നിന്നുള്ള ഘടകങ്ങൾ യഥേഷ്ടം കടമെടുത്താണു കമ്പനി ‘ഡൊമിനർ 400’ സാക്ഷാത്കരിച്ചത്. ബൈക്കിനു കരുത്തേകുന്നത് 373.3 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്; പരമാവധി 34.5 ബി എച്ച് പി കരുത്തും 35 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സ് സഹിതമെത്തുന്ന ബൈക്കിന് ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ്.

സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാണു പുതിയ ‘ഡൊമിനറി’ന്റെ വരവ്. പൂർണ എൽ ഇ ഡി ഹെഡ്ലാംപ്, ഇന്ധന ടാങ്കിന് ഓക്സിലറി കൺസോൾ സഹിതം ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ, സ്ലിപ്പർ ക്ലച്, ഇരട്ട ഡിസ്ക് ബ്രേക്ക്, എം ആർ എഫ് റേഡിയൽ ടയറുകൾ തുടങ്ങിയവയൊക്കെ ‘ഡൊമിനറി’ലുണ്ട്. ആകർഷകമായ പ്രാരംഭ വില കൂടിയാവുന്നതോടെ ‘ഡൊമിനർ 400’ ചൂടപ്പം പോലെ വിറ്റഴിയുമെന്നാണു ബജാജിന്റെ പ്രതീക്ഷ. ‘ഡൊമിനർ 400’ പുറത്തിറക്കി നിലവിൽ റോയൽ എൻഫീൽഡ് അടക്കി വാഴുന്ന വിഭാഗത്തിൽ ചലനം സൃഷ്ടിക്കാനാണു ബജാജ് ഓട്ടോയുടെ ലക്ഷ്യം.  

Your Rating: