എ ബി എസിനോടുള്ള പ്രിയം മുതലാക്കാൻ ബോഷ്

ഇന്ത്യയിൽ ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനത്തോടു പ്രിയമേറുന്നതു മുതലെടുക്കാൻ ജർമൻ വാഹനഘടക നിർമാതാക്കളായ ബോഷ് ഗ്രൂപ് നടപടി തുടങ്ങി. പുണെയിലെ ശാലയുടെ ശേഷി ഉയർത്തി എ ബി എസ് ഉൽപ്പാദനം വർധിപ്പിക്കാനാണു കമ്പനിയുടെ നീക്കം. ദക്ഷിണ പശ്ചിമ ജർമനിയിലെ സംസ്ഥാനമായ ബാദെൻ വർട്ടംബെർഗിലെ മിനിസ്റ്റർ പ്രസിഡന്റ് വിൻഫ്രൈഡ് ക്രെസ്ച്മാന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ബോഷ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. എ ബി എസ് സംവിധാനമുള്ള വാഹനങ്ങളുടെ ഇന്ത്യയിലെ വിൽപ്പനയിൽ കഴിഞ്ഞ വർഷം ഗണ്യമായ വർധന രേഖപ്പെടുത്തിയിരുന്നു. എ ബി എസ് നിർബന്ധമാക്കാൻ സർക്കാർതലത്തിൽ നടപടി സ്വീകരിച്ചതിനൊപ്പം സുരക്ഷയെപ്പറ്റി വാഹന ഉടമകൾ കൂടുതൽ ബോധവാന്മാരായതും ഈ മാറ്റത്തിനു വഴി തെളിച്ചു.

ഇതോടെ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളിൽ പകുതിയോളം എ ബി എസ് സംവിധാനമുള്ളവയാണെന്നാണു ബോഷിന്റെ കണക്ക്. കഴിഞ്ഞ ഒൻപതു വർഷത്തിനിടെ ബോഷ് ഷാസി സിസ്റ്റംസ് ഇന്ത്യയിൽ കമ്പനി 400 കോടിയിലേറെ രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നു ബോഷ് ഗ്രൂപ് പ്രസിഡന്റും ബോഷ് മാനേജിങ് ഡയറക്ടറുമായ സൗമിത്ര ഭട്ടാചാര്യ വെളിപ്പെടുത്തി. ഈ മേഖലയുടെ വളർച്ചയിൽ കമ്പനി അതീവ തൽപരരാണെന്നു അതുകൊണ്ടുതന്നെ പുണെ ശാലയുടെ വികസനം നിർണായകവും അനിവാര്യവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എ ബി എസ് നിർമാണത്തിനും ഇലക്ട്രോണിക് സ്റ്റെബിലിറ്റ് പ്രോഗ്രാ(ഇ എസ് പി)മിനുമുള്ള രാജ്യാന്തര ഉൽപ്പാദന ശൃംഖല(ഐ പി എൻ)യിൽ അംഗമാണു ബോഷിന്റെ ചക്കൻ പ്ലാന്റ്. അതിനാൽ ശാലയിലെ യന്ത്രങ്ങൾ പരസ്പരം മാത്രമല്ല ഐ പി എൻ അംഗങ്ങളായ മറ്റ് എ ബി എസ് ലൈനുകളുമായും ബന്ധപ്പെട്ടാണുപ്രവർത്തിക്കുന്നത്. ഇവയുടെ നിയന്ത്രണമാവട്ടെ മാനുഫാക്ചറിങ് എക്സിക്യൂഷൻ സിസ്റ്റംസി(എം ഇ എസ്)നാണ്. ഇത്തരം സംവിധാനങ്ങളുടെ പിൻബലത്തിലാണു ചക്കൻ ശാലയിൽ തെറ്റുകുറ്റങ്ങളില്ലാത്ത എ ബി എസ് ഉൽപ്പാദനം സാധ്യമാവുന്നതെന്ന് ബോഷ് വിശദീകരിച്ചു. പുണെയിലുള്ള രണ്ടു നിർമാണശാലകളിലും വികസന കേന്ദ്രത്തിലുമായി ആയിരത്തോളം ജീവനക്കാരാണു നിലവിലുള്ളത്.