കൊച്ചിയിൽ സി എൻ ജി ബസ് ഓടിയാൽ

CNG Bus

യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണ് ഉമ്മൻ ചാണ്ടി നിയമസഭിയിൽ അവതരിപ്പിച്ചത്. കെഎസ്ആർടിസിയെ സിഎൻജി ആക്കും എന്നതായിരുന്നു ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ആദ്യ ഘട്ടമെന്ന നിലയിൽ കൊച്ചിയിൽ സിഎൻജി ബസുകൾ ഓടിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഡൽഹിയിലും മുംബൈയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരീക്ഷിച്ച് ഫലിച്ച ഒന്നാണ് സിഎൻജി.

സിഎൻജി ഗുണവും ദോഷവും

കൂടിയ മർദ്ദത്തിൽ സൂക്ഷിക്കുന്ന നാച്ചുറൽ ഗ്യാസാണ് സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്). പെട്രോളിനും ഡീസലിനും, എൽപിജിക്കും പകരമായി ഉപയോഗിക്കാവുന്ന ഈ ഇന്ധനത്തിനു മറ്റുള്ളവയെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണം കുറവാണ്. ഇന്ത്യയിൽ ഡൽഹിയിലാണ് ആദ്യമായി സിഎൻജി ഇന്ധനമാക്കിയ ബസുകൾ ഓടിക്കുന്നത്. ഡൽഹിയിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെത്തുടർന്ന് അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പൂണെ തുടങ്ങി നിരവധി നഗരങ്ങളിലും സിഎൻജി വാഹനങ്ങൾ എത്തി.

വാഹനങ്ങളിൽ സിഎൻജി ടാങ്ക് ഘടിപ്പിക്കുന്നതും സിഎൻജി പമ്പുകള്‍ സ്ഥാപിക്കുന്നതും ചിലവേറിയതാണെന്നതാണ് സിഎൻജിയുടെ പ്രധാന പോരായ്മ. എന്നാൽ സിഎൻജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ എൻജിൻ ഘടകങ്ങൾക്ക് കൂടുതല്‍ ആയുസുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ്, മീതേൻ ഇതര ഹൈഡ്രോ കാർബൺ എന്നിവയുടെ പുറന്തള്ളൽ മറ്റ് ഇന്ധനങ്ങൾ പുറം തള്ളുന്നതിനെക്കാൾ 40 മുതൽ 60 ശതമാനം വരെ കുറവായിരിക്കും എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

സിഎൻജി ഉപയോഗിച്ചുള്ള ബസുകൾക്ക് വില കൂടുമെങ്കിലും പരിപാലന ചിലവും ഡീസലിനെ അപേക്ഷിച്ചുള്ള വിലകുറവുമാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിന്റെ മേന്മ. കൂടാതെ സിഎൻജി വാഹങ്ങൾക്ക് ഇന്ധനക്ഷമതയും കൂടുതലായിരിക്കും. സി എൻ ജി ഇന്ധനമാവുന്നതോടെ എൻജിനിൽ നിന്നുള്ള പുകയിൽ വിഷവസ്തുക്കളുടെയും ഹാനികരമായ മാലിന്യങ്ങളുടെയും അളവ് ഗണ്യമായി കുറയും. കേരളത്തിൽ ഏറ്റവും മലിനീകരണമുള്ള കൊച്ചിയിൽ സിഎൻജി പരീക്ഷണം വിജയകരമാണെങ്കിൽ ബാക്കി നഗരങ്ങളിലും സിഎൻജി ബസുകൾ പ്രതീക്ഷിക്കാം.

Nano CNG

ഡൽഹിയുടെ മാതൃക

ലോകത്തിൽ വായു മലിനീകരണം ഏറ്റവുമധികമുള്ള നഗരമെന്ന ഖ്യാതിയും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഡൽഹി നേടിയിരുന്നു. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജി എന്ന പ്രകൃതി വാതക ഇന്ധനം വാഹനങ്ങളിലേക്ക് ഓടിക്കയറിയതോടെയാണ് ഒരു പരിധി വരെയെങ്കിലും നഗരത്തിലെ മലിനീകരണ തോത് കുറഞ്ഞത്. വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ഏറ്റവും ചെലവു കുറഞ്ഞ ഇന്ധനമെന്ന നിലയിലാണ് ഡൽഹി സിഎൻജിയെ സ്വീകരിച്ചത്. ബസുകളും ലോറികളും ഉൾപ്പെടെ വാണിജ്യ വാഹനങ്ങളിൽ ഇന്ധനമായി സിഎൻജി മാത്രമേ പറ്റൂവെന്ന സർക്കാർ ഉത്തരവിറങ്ങിയതു 2002 ഡിസംബർ ഒന്നിനാണ്.

സിഎൻജിയിലേക്കു മാറ്റാനുള്ള സംവിധാനങ്ങൾക്കായി സർക്കാർ സഹായവും ലഭ്യമാക്കി. ഇതോടെ ഡൽഹിയെ മൂടിയ കറുപ്പ് അൽപാൽപ്പമായി നീങ്ങി. അന്തരീക്ഷ വായുവിലെ കാർബൺ മോണോക്‌സൈഡിന്റെ തോതു കുറയ്‌ക്കാൻ സിഎൻജി ഉപയോഗത്തിലൂടെ കഴിഞ്ഞു. ട്രക്കുകൾ, ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്‌സികൾ തുടങ്ങി നിരത്തിൽ അധികമായുള്ള എല്ലാ വാഹനങ്ങളും സിഎൻജിയായതോടെ മലിനീകരണ തോതു കുറഞ്ഞ അളവിലായി. 2003 ന്റെ മധ്യത്തോടെ ഡൽഹിയിലെ മലിനീകരണ അളവു ലോക നഗരങ്ങളുടേതിനു തുല്യമായി.