Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി സി എൻ ജിയിൽ ഓടുന്ന സ്കൂട്ടറുകളും

Honda Activa Representative Image

കാറുകൾക്കും ഓട്ടോറിക്ഷകൾക്കും പിന്നാലെ ഇരുചക്രവാഹനങ്ങളുടെയും ഇന്ധനമായി സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) വരുന്നു. അന്തരീക്ഷത്തെ മലിനമാക്കുന്ന ഡീസലിനോടു പരിസ്ഥിതിവാദികൾ പ്രകടിപ്പിച്ച എതിർപ്പിനു കോടതികളുടെയും പിന്തുണ ലഭിച്ചതോടെയാണ് ബദൽ ഇന്ധനങ്ങൾക്കായുള്ള അന്വേഷണത്തിന് ഗതിവേഗമായത്. ഇതിന്റെ തുടർച്ചയെന്ന നിലയിലാണു രാജ്യത്തെ എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും വാഹന ഇന്ധന വ്യവസായവുമൊക്കെ സി എൻ ജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നത്. ഇറാനിയൻ സംരംഭമായ ഐ ടി യു കെ മാനുഫാക്ചറിങ് കമ്പനിയാണ് ഇരുചക്രവാഹനങ്ങളിൽ ഘടിപ്പിക്കാനുള്ള കിറ്റുകൾ വികസിപ്പിച്ചിരിക്കുന്നത്. ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യ(ഗെയിൽ)യും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡും ചേർന്നു നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി പുണെയിലെ ഐ ടി യു കെ ശാലയിൽ നിർമിച്ച കിറ്റുകൾ 50 ഹോണ്ട ‘ആക്ടീവ’കളിലാണ് ആദ്യം ഘടിപ്പിക്കുക. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധർമേന്ദ്ര പ്രഥാനും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കറും ചേർന്നാണു സി എൻ ജിയിൽ ഓടുന്ന ഇരുചക്രവാഹന പദ്ധതിയുടെ പരീക്ഷണത്തിനു തുടക്കമിട്ടത്.

പരീക്ഷണ ഘട്ടത്തിലെ ‘ആക്ടീവ’ സ്കൂട്ടറുകൾ ഡൊമിനോസ് പീസ ജീവനക്കാർക്കാണു കൈമാറുക. ഇതോടെ രാജ്യതലസ്ഥാനത്തു ഡൊമിനോസിന്റെ പീസ വിതരണ ശൃംഖലയിൽ സി എൻ ജി ഇന്ധനമാക്കുന്ന ഈ ‘ആക്ടീവ’യും ഇടം പിടിക്കും. സ്കൂട്ടറുകളുടെ പ്രകടനവും കാര്യക്ഷമതയും പരിസ്ഥിതി മലിനീകരണവുമൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കാനും നടപടിയായിട്ടുണ്ട്. പരീക്ഷണത്തിന്റെ ഫലം വിലയിരുത്തിയാവും സി എൻ ജിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ വ്യാപനം സംബന്ധിച്ചു തീരുമാനമുണ്ടാവുക. പുതിയ പരീക്ഷണമെന്ന നിലയിൽ സാങ്കേതികമായും വാണിജ്യപരമായുമുള്ള സാധ്യത പരിശോധിച്ച ശേഷം ഇരുചക്രവാഹനങ്ങൾക്കുള്ള സി എൻ ജി കിറ്റുകളുടെ വിലയെപ്പറ്റി ചർച്ച ചെയ്യാമെന്ന നിലപാടിലാണു ധർമേന്ദ്ര പ്രഥാൻ. എങ്കിലും പെട്രോളിനെ അപേക്ഷിച്ചു പ്രവർത്തന ചെലവിൽ 40% കുറവു സൃഷ്ടിക്കാൻ സി എൻ ജിക്കു കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഹൈഡ്രോകാർബൺ മാലിന്യത്തിൽ 40 ശതമാനവും കാർബൺ മോണോക്സൈഡ് മലിനീകരണത്തിൽ 20 ശതമാനവും കുറവും സി എൻ ജി കിറ്റ് നിർമാതാക്കൾ ഉറപ്പു നൽകുന്നുണ്ട്. ഇരുചക്രവാഹനങ്ങൾക്കുള്ള കിറ്റിൽ 4.8 ലീറ്റർ ജലം സംഭരിക്കാവുന്ന(അതായത് ഓരോ കിലോ സി എൻ ജി) രണ്ടു സിലിണ്ടറുകളാണുള്ളത്. ഇത്രയും സി എൻ ജി ഉപയോഗിച്ച് ഇരുചക്രവാഹനം 120 കിലോമീറ്റർ ഓടുമെന്നാണു കണക്ക്.

പെട്രോളിൽ ഓടുന്ന ‘ആക്ടീവ’യുടെ ഇന്ധനക്ഷമത ലീറ്ററിന് 50 കിലോമീറ്ററോളമാണ്; ഓരോ കിലോമീറ്ററും ഓടാനുള്ള ചെലവാകട്ടെ 1.3 രൂപയോളവും. ഇന്ധനം സി എൻ ജിയാവുന്നതോടെ ചെലവ് 61 പൈസയായി കുറയുമെന്നാണു പ്രതീക്ഷ. ഐ ടി യു കെ മാനുഫാക്ചറിങ് കമ്പനി വികസിപ്പിച്ച കിറ്റുകൾ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യും കേന്ദ്ര ഗതാഗത മന്ത്രാലയവും അംഗീകരിച്ചിട്ടുണ്ട്. കിറ്റ് നിർമാണത്തിന് ഉപയോഗിച്ച ഘടകങ്ങൾക്കെല്ലാം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെയും ഇന്റർനാഷനൽ സെന്റർ ഫോർ ഓട്ടമോട്ടീവ് ടെക്നോളജിയുടെയും എ ആർ എ ഐയുടെയും അംഗീകാരവുമുണ്ട്.  

Your Rating: