Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 വർഷത്തിനകം 10,000 സി എൻ ജി സ്റ്റേഷൻ

CNG_propelled_radio_taxi

വ്യക്തിഗത ഉപയോഗത്തിനുള്ള വാഹനങ്ങളെ ലക്ഷ്യമിട്ട് രാജ്യത്തു സമ്മർദിത പ്രകൃതി വാതക(സി എൻ ജി) ലഭ്യത മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. അടുത്ത 10 വർഷത്തിനിടെ 10,000 സി എൻ ജി ഗ്യാസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടാണു സി എൻ ജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതെന്നും സൊസൈറ്റി ഓഫ് ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) കൺവൻഷനിൽ മന്ത്രി വിശദീകരിച്ചു. സി എൻ ജി ഇന്ധനമാക്കുന്ന വാഹനങ്ങൾ വ്യാപിക്കുന്നതു വഴി ക്രൂഡ് ഇറക്കുമതിയിൽ രണ്ടു ലക്ഷം കോടി രൂപ ലാഭിക്കാനാവുമെന്നും പ്രധാൻ അവകാശപ്പെട്ടു.

നഗരങ്ങളിലെ സിറ്റി ഗ്യാസ് വിതരണ ശൃംഖല സ്ഥാപിക്കാനായി 70,000 കോടിയോളം രൂപയാണ് ഇതുവരെയുള്ള നിക്ഷേപം. ഈ ശൃംഖല പ്രയോജനപ്പെടുത്തി സി എൻ ജി സ്റ്റേഷനുകളുടെ എണ്ണം ഇപ്പോഴത്തെ 1,424 എണ്ണത്തിൽ നിന്നു 10,000 ആയി ഉയർത്താനാണു പദ്ധതി. പെട്രോളിനെ അപേക്ഷിച്ചു സി എൻ ജിയിൽ ഓടുന്ന കാറുകൾ മലിനീകരണ വിമുക്തവും ആദായകരവുമാണെന്ന് പ്രധാൻ വിശദീകരിച്ചു. സിറ്റി ഗ്യാസ് വിതരണ(സി ജി ഡി) പദ്ധതി രാജ്യത്തെ 172 ജില്ലകളിൽ നിന്ന് 300 ജില്ലകളിലേക്കു വ്യാപിപ്പിക്കുന്നുണ്ട്. ഈ ശൃംഖല വിപുലമാവുന്നതോടെ സി എൻ ജി കാറുകളുടെ ഉപയോഗം ആകർഷകമാവുമെന്നും പ്രധാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ ഏപ്രിൽ അവസാനത്തെ കണക്കനുസരിച്ച് 1,424 സ്റ്റേഷനുകളാണു രാജ്യത്തുള്ളത്; ഇതിൽ 82 ശതമാനവും ഡൽഹിയിലും മുംബൈയിലും ഗുജറാത്തിലുമാണ്. ഇപ്പോഴത്തെ നിലവാരത്തിൽ പെട്രോളും ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ സി എൻ ജിക്കു വില 41 — 62% വരെ കുറവാണ്. സി എൻ ജി വാഹനവിലയിലുള്ള 40,000 — 50,000 രൂപയുടെ വർധന ഒറ്റ വർഷത്തിനകം വീണ്ടെടുക്കാനാവുമെന്നാണു കണക്കാക്കുന്നത്.

സി എൻ ജി വ്യാപകമാവുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാവും. നിർമാണശാലയിൽ നിന്നു ഘടിപ്പിച്ച സി എൻ ജി കിറ്റുള്ള ഏഴു മോഡലുകളാണ് കമ്പനിക്കുള്ളത്: ‘എർട്ടിഗ’, ‘ഡിസയർ’, ‘ഈകൊ’, ‘ഓൾട്ടോ’, ‘സെലേറിയൊ’, ‘വാഗൻ ആർ’, ‘കാരി എന്നിവ.