Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ സി എൻ ജിക്കു റെക്കോർഡ് വിൽപ്പന

cng-logo

ഡൽഹി നിരത്തുകളിൽ കാറുകൾക്കു റജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി നിയന്ത്രണം ഏർപ്പെടുത്തിയതോടെ സമ്മർദിത പ്രകൃതിവാതക (സി എൻ ജി) വിൽപ്പനയിൽ വൻവർധന. ഒറ്റ — ഇരട്ട അക്ക നമ്പർ വ്യവസ്ഥയിലുള്ള വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതോടെ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡി(ഐ ജി എൽ)ന്റെ ഈ ആഴ്ചത്തെ പ്രതിദിന വിൽപ്പന 26.70 ലക്ഷം കിലോഗ്രാമിലെത്തിയാണു റെക്കോർഡ് സൃഷ്ടിച്ചത്. കാറുകൾക്കുള്ള നിയന്ത്രണത്തെ തുടർന്ന് സി എൻ ജിയിൽ ഓടുന്ന കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയതാണു വിൽപ്പന വർധിപ്പിക്കുന്നതെന്നാണു വിലയിരുത്തൽ. സി എൻ ജിക്കുള്ള ആവശ്യം കുതിച്ചുയർന്നതോടെ രണ്ടു ദിവസത്തിനിടെ ഓരോ പുതിയ ഡിസ്പൻസിങ് സ്റ്റേഷൻ തുടങ്ങാനും ഐ ജി എൽ നടപടി സ്വീകരിച്ചിട്ടുണ്ട്; ഇത്ര വേഗത്തിലുള്ള ഫില്ലിങ് സ്റ്റേഷൻ ശൃംഖല വിപുലീകരണവും ലോക റെക്കോർഡാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 23.50 — 24 ലക്ഷം കിലോഗ്രാം സി എൻ ജിയാണു ശരാശരി പ്രതിദിന വിൽപ്പനയെന്ന് ഐ ജി എൽ മാനേജിങ് ഡയറക്ടർ നരേന്ദ്ര കുമാർ അറിയിച്ചു. ഒറ്റ ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിൽപ്പനയാവട്ടെ 26.40 ലക്ഷം കിലോഗ്രാാമയിരുന്നു. എന്നാൽ ഒറ്റ ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം നടപ്പായ ശേഷമുള്ള ആദ്യ തിങ്കളാഴ്ച തന്നെ വിൽപ്പന 26.70 ലക്ഷം കിലോഗ്രാമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സി എൻ ജി ഉപയോഗത്തിൽ 2014 — 15നെ അപേക്ഷിച്ച് മൂന്നോ നാലോ ശതമാനം വർധനയുണ്ടായിരുന്നു. എന്നാൽ ഇക്കൊല്ലം വളർച്ച 10% വരെ ഉയരുമെന്നു നരേന്ദ്ര കുമാർ സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം വരെ 324 സി എൻ ജി സ്റ്റേഷനുകളാണ് രാജ്യതലസ്ഥാന മേഖലയിലുണ്ടായിരുന്നത്. ജനുവരി മുതലുള്ള 100 ദിവസത്തിനിടെ 90 പുതിയ സ്റ്റേഷൻ സ്ഥാപിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 55 എണ്ണം പ്രവർത്തനസജ്ജമായെന്നും ശരാശരി രണ്ടു ദിവസത്തിനിടെ ഓരോ പുതിയ സ്റ്റേഷൻ തുറക്കുന്നുണ്ടെന്നും നരേന്ദ്ര കുമാർ അറിയിച്ചു. അവശേഷിക്കുന്നവയും അടുത്ത മാസത്തോടെ തുറക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടെ ലോകത്തു തന്നെ ഏറ്റവുമധികം സി എൻ ജി ഫില്ലിങ് സ്റ്റേഷനുള്ള നഗരമായി ഡൽഹി മാറും. ദേശീയ തലസ്ഥാന മേഖലയിൽ വാഹനങ്ങൾക്കുള്ള സി എൻ ജിയും വീടുകൾക്കു പൈപ്പ് വഴി പാചകവാതകവും വിതരണം ചെയ്യുന്ന കുത്തക കമ്പനിയാണ് ഐ ജി എൽ. രാജ്യത്തെ ഏറ്റവും വലിയ സി എൻ ജി ചില്ലറ വ്യാപാരികളും ഐ ജി എൽ തന്നെ.

Your Rating: