സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാകുമ്പോൾ ഡീസലിനെ അപേക്ഷിച്ച് പരിസ്ഥിതി മലിനീകരണം കുറവാണെന്ന ധാരണ ശരിയല്ലെന്നു ഗുജറാത്ത് സർക്കാർ. ഡീസലുമായുള്ള താരതമ്യത്തിൽ സി എൻ ജി എൻജിനുകളാണു കൂടുതൽ ഹരിതവാതകങ്ങൾ പുറന്തള്ളുന്നതെന്നും ഇന്ധനങ്ങളെ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ഉദ്ധരിച്ചു ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വിശദീകരിച്ചു. വാണിജ്യ, പൊതുഗതാഗത മേഖലയിലെ വാഹനങ്ങൾ പൂർണമായും ഡീസലിൽ നിന്നു സി എൻ ജിയിലേക്കു മാറ്റാൻ ഭീമമായ ചെലവ് നേരിടുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ വാണിജ്യ, പൊതുഗതാഗത രംഗത്തെ വാഹനങ്ങളുടെ ഇന്ധനം ഡീസലിൽ നിന്നു സി എൻ ജിയിലേക്കു മാറ്റണമെന്ന പൊതുതാൽപര്യ ഹർജിയാണു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയും ജസ്റ്റിസ് അനന്ത് ദാവെയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് സ്ഥലത്തില്ലാത്തതിനാൽ കോടതി ഈ ഹർജി പരിഗണിക്കുന്നതു മാറ്റി.
സി എൻ ജിയിലേക്കുള്ള മാറ്റത്തെ എതിർക്കാൻ രാജ്യത്തെ വാഹന ഇന്ധന നയത്തെക്കുറിച്ചു മഷലേക്കർ അധ്യക്ഷനായ വിദഗ്ധ സമിതി 2002ൽ സമർപ്പിച്ച റിപ്പോർട്ടിനെയാണു ഗുജറാത്ത് സർക്കാർ കൂട്ടുപിടിച്ചിരിക്കുന്നത്. ഓരോ മൈൽ ഓടുമ്പോഴും സി എൻ ജി ഇന്ധനമാക്കുന്ന വാഹനങ്ങൾ ഡീസൽ എൻജിനുള്ളവയെ അപേക്ഷിച്ച് 20% കൂടുതൽ ഹരിതവാതകങ്ങൾ പുറന്തള്ളുമെന്ന് റിപ്പോർട്ടിലുണ്ട്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ വാഹന ഇന്ധനമെന്ന നിലയിൽ ഡീസലിൽ നിന്ന് സി എൻ ജിയിലേക്കുള്ള പരിവർത്തനം ഹാനികരമാവുമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. സി എൻ ജി ഇന്ധനമാക്കുമ്പോഴുള്ള പുകയിൽ 80% പർട്ടിക്കുലേറ്റ് മാറ്ററാണ്; എന്നാൽ ഹൈഡ്രോകാർബണുകളുടെ അളവിൽ 35% കുറവുണ്ട്. അതേസമയം കാർബൺ മോണോക്സൈഡിന്റെ അളവ് ഡീസലിനെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണെന്നും മഷലേക്കർ സമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സി എൻ ജി ഉപയോഗിക്കുക വഴി പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് കുറയ്ക്കാനാവും; എന്നാൽ ഹാനികരമായ മറ്റ് ഘടകങ്ങൾ ഗണ്യമായി ഉയരും. സി എൻ ജി എൻജിനു പഴക്കമേറുന്തോറും ഹരിതവാതകങ്ങളുടെ അളവും ഉയരുമെന്നു റിപ്പോർട്ട് ഉദ്ധരിച്ച് സർക്കാർ വാദിക്കുന്നു. അതുകൊണ്ടുതന്നെ ഡീസലിനു പകരം സി എൻ ജി ഉപയോഗിക്കുന്നതു മലിനീകരണ നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്കു നയിക്കില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.