ട്രംപ് ഉപയോഗിച്ചിരുന്ന 'അപൂർവ്വ' വാഹനം വിൽപനയ്ക്ക്

Image Source: Facebook

യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുൻ കാർ വിൽപ്പയ്ക്ക്. 1988 മുതൽ 1994 വരെയുള്ള അഞ്ചു വർഷം ട്രംപ് കുടുംബത്തിന്റെ ഭാഗമായിരുന്ന 1988 മോഡൽ ‘കാഡിലാക് ലിമൊസിൻ’ യു കെയിലാണു വിൽപ്പനയ്ക്കെത്തുന്നത്. ‘കാഡിലാക് ട്രംപ്’ എന്ന പേരിൽ അറിയപ്പെടുന്ന കാർ യു കെയിലെ ഗ്ലോസെസ്റ്ററിലെ ഡീലർഷിപ്പിലാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. 50 ‘കാഡിലാക് ലിമൊസിൻ’ കാറുകൾ വാങ്ങാനാണു ട്രംപ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള രണ്ടു കാറുകൾ മാത്രമാണ് കാഡിലാക് നിർമിച്ചത്. അതുകൊണ്ടുതന്നെയാണ് ‘കാഡിലാക് ലിമൊസിൻ’ അപൂർവ മാതൃകയായി വിലസുന്നത്. കാഡിലാക്കും ഡില്ലിഞ്ചർ/ഗെയ്ൻസ് കോച്ച്വർക്സും ചേർന്നു വികസിപ്പിച്ച ഈ കാറുകൾ വിശിഷ്ട വ്യക്തികളുടെ യാത്രകൾക്കായി ഉപയോഗിക്കാനായിരുന്നു ട്രംപിന്റെ പദ്ധതി.

എൺപതുകളിലെ ഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത ‘കാഡിലാക് ട്രംപി’ൽ ഫാക്സ് മെഷീൻ, പേപ്പർ ഷ്രെഡർ, വിഡിയോ കാസെറ്റ് റിക്കോർഡർ, കാർ ഫോൺ എന്നിവയ്ക്കൊപ്പം മദ്യം സൂക്ഷിക്കാനുള്ള പ്രത്യേക അറയും സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ അകത്തളത്തിൽ ഉപയോഗിക്കാനുള്ള വസ്തുക്കൾ ട്രംപ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ലതർ സീറ്റ്, റോസ് വുഡ് പാനൽ, ഗോൾഡ് ഹൈലൈറ്റ് എന്നിവയൊക്കെ കാറിന്റെ അകത്തളത്തിലുണ്ട്. കാറിന്റെ യഥാർഥ കറുപ്പ് നിറം ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. അഞ്ചു ലീറ്റർ എൻജിനോടെ എത്തുന്ന കാറിന് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.

ആദ്യകാലത്ത് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന ‘കാഡിലാക് ലിമൊസി’നെ പിന്നീട് അഞ്ചു പേർ കൂടി സ്വന്തമാക്കിയിരുന്നു. നിലവിലുള്ള ഉടമ 10 വർഷം മുമ്പാണ് ഈ കാർ ഏറ്റെടുത്തത്. ഇക്കൊല്ലം തന്നെ ‘കാഡിലാക് ലിമൊസിൻ’ ലേലത്തിനെത്തുമെന്നാണു പ്രതീക്ഷ. യു എസ് പ്രസിഡന്റെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനിടെ ട്രംപ് നേടിയെടുത്ത ജനപ്രീതി പരിഗണിക്കുമ്പോൾ ഈ ‘കാഡിലാക് ലിമൊസി’നു കുറഞ്ഞത് 50,000 പൗണ്ട് (ഏകദേശം 41.61 ലക്ഷം രൂപ) എങ്കിലും വില ലഭിക്കുമെന്നാണു പ്രതീക്ഷ.