നവതി ആഘോഷത്തോടനുബന്ധിച്ച് ഇറ്റാലിയൻ ബ്രാൻഡായ ഡ്യുകാറ്റി ശ്രേണിയിലെ ‘സ്ക്രാംബ്ലറി’ന് 90,000 രൂപ ഇളവ് പ്രഖ്യാപിച്ചു. ‘സ്ക്രാംബ്ലർ’ വകഭേദങ്ങളായ ‘ഐകൺ’, ‘ക്ലാസിക്’, ‘അർബൻ എൻഡ്യൂറൊ’, ‘ഫുൾ ത്രോട്ടിൽ’ എന്നിവയ്ക്കെല്ലാം ഈ മാസം 31 വരെയാണ് ഈ ആനുകൂല്യം നിലവിലുണ്ടാവുക. ഇതോടെ ചുവപ്പ് നിറമുള്ള ‘സ്ക്രാംബ്ലർ ഐകൺ’ 6.07 ലക്ഷം രൂപയ്ക്കു ഡൽഹി ഷോറൂമിൽ ലഭിക്കും. ‘ക്ലാസിക്’, ‘അർബൻ എൻഡ്യൂറൊ’, ‘ഫുൾ ത്രോട്ടിൽ’ എന്നിവയുടെ ഡൽഹി ഷോറൂമിലെ വില 7.28 ലക്ഷം രൂപയാണ്. 1926ൽ നിലവിൽ വന്ന ഡ്യുകാറ്റി ബ്രാൻഡ് ഇക്കൊല്ലം 90—ാം വാർഷികം ആഘോഷിക്കുകയാണ്.
പ്രമുഖ സ്വകാര്യ ബാങ്കായ യസ് ബാങ്കിന്റെ സഹകരണത്തോടെ അടുത്തയിടെ അവതരിപ്പിച്ച വാഹന വായ്പ പദ്ധതിയിലൂടെ ‘സ്ക്രാംബ്ലർ’ വാങ്ങുന്നവർക്കും പരിഷ്കരിച്ച വില ബാധകമാണെന്ന് ഡ്യുകാറ്റി ഇന്ത്യ അറിയിച്ചു. ബൈക്ക് വാങ്ങാൻ ഏഴു വർഷം വരെ കാലാവധിയുള്ള വായ്പയാണു യസ് ബാങ്ക് അനുവദിക്കുന്നത്.
വിൽപ്പന തുടങ്ങി രണ്ടു വർഷത്തിനകം മികച്ച വളർച്ചയാണു ഡ്യൂകാറ്റി ഇന്ത്യ കൈവരിച്ചതെന്നു കമ്പനി മാനേജിങ് ഡയറക്ടർ രവി അവലൂർ അവകാശപ്പെട്ടു. കമ്പനിയുടെ മോഡൽശ്രേണിക്കു മികച്ച സ്വീകരണമാണ് ഇന്ത്യൻ വിപണിയിൽ ലഭിച്ചത്. പരിമിതകാലത്തിനുള്ളിൽ മികച്ച നേട്ടം സമ്മാനിച്ചതിന് ഡ്യുകാറ്റിസ്റ്റി, ഡെസ്മൊ ഓണേഴ്സ് ക്ലബ്വുകളോടുള്ള കൃതജ്ഞതയും അദ്ദേഹം രേഖപ്പെടുത്തി.