നാലു വയസുള്ളൊരു കൊച്ചു മിടുക്കി ട്രക്കോടിച്ചാൽ എന്തു സംഭവിക്കും? പ്രവചിക്കുക പ്രയാസമാണ്. കാരണം അത്തരത്തിലൊരു സാഹസത്തിന് ഇതുവരെ ആരും മുതിർന്നിട്ടില്ല. എന്നാൽ വോൾവോ തങ്ങളുടെ ട്രക്ക് നാലു വയസുകാരിയെക്കൊണ്ട് ഓടിപ്പിച്ചിരിക്കുന്നു. അതും ഒരു ഹെവി ഡ്യൂട്ടി ട്രക്ക്. ലോറിക്കകത്തിരുന്നല്ല മറിച്ച് സുരക്ഷിതമായൊരു പ്ലാറ്റ്ഫോമിൽ നിന്ന് റിമോർട്ട് കൺട്രോളിലൂടെയാണ് നാലു വയസുകാരി വാഹനം നിയന്ത്രിച്ചത്.
വോൾവോ എഫ് എം എക്സ് ഡംമ്പ് ട്രക്കിന്റെ ക്ഷമത പ്രദർശിപ്പിക്കുന്നതിനു വേണ്ടി കമ്പനി തന്നെയാണ് ഇത്തരത്തിലൊരു വിഡിയോ തയ്യാറാക്കിയത്. വിവിധ പ്രതലങ്ങളിലൂടെയെല്ലാം വളരെ എളുപ്പത്തിൽ സഞ്ചരിക്കുന്ന ട്രക്ക് തലകീഴായി മറിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാതെ ഓടുന്നത് വിഡിയോയിൽ കാണിക്കുന്നുണ്ട്. നാലുവയസുകാരി സോഫിയാണ് വിഡിയോയിൽ ട്രക്ക് ഓടിക്കുന്നത്. വിഡിയോ നിർമിക്കുന്നതിന് വേണ്ടി റിമോർട്ട് കൺട്രോളിലോടുന്ന ട്രക്ക് പ്രത്യേകം തയ്യാറാക്കുകയായിരുന്നു.