നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗോവയിൽ പെട്രോളിന്റെ മൂല്യവർധിത നികുതി(വാറ്റ്) നിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ‘വാറ്റി’ൽ ആറു ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ ഗോവയിലെ പെട്രോൾ വില ലീറ്ററിന് 60 രൂപയിലെത്തി. കേരളത്തിൽ കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 71.93 രൂപയാണ് ഇപ്പോഴത്തെ വില.പെട്രോളിന്റെ ‘വാറ്റ്’ നിലവിലുള്ള 15 ശതമാനത്തിൽ നിന്ന് ഒൻപതു ശതമാനമായിട്ടാണു കുറയ്ക്കുന്നതെന്നു ഗോവയിലെ വാണിജ്യ നികുതി വിഭാഗം വ്യക്തമാക്കി.
പുതിയ നിരക്ക് പ്രാബല്യത്തിലെത്തിയതോടെ പെട്രോളിന്റെ വില ലീറ്ററിന് 60 രൂപ നിലവാരത്തിലേക്കു താഴ്ന്നു.ബി ജെ പിയുടെ നേതൃത്വത്തിലുള്ള സർക്കാരാണു ഗോവയിൽ ഭരണത്തിലുള്ളത്. പാർട്ടി ഭരണത്തിലിരിക്കെ സംസ്ഥാനത്തെ പെട്രോൾ വില ലീറ്ററിന് 60 രൂപയ്ക്കു മുകളിലെത്താൻ അനുവദിക്കില്ലെന്നാണു ബി ജെ പിയുടെ നിലപാട്. നിലവിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായ മനോഹർ പരീക്കർ 2012ൽ ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പിന്നാലെ സംസ്ഥാനത്തു പെട്രോളിനുള്ള ‘വാറ്റ്’ പൂർണമായും ഒഴിവാക്കിയിരുന്നു.
ഇതോടെ പെട്രോൾ വിലയിൽ ലീറ്ററിന് 11 രൂപയുടെ കുറവാണു ലഭിച്ചത്. പിന്നീട് ഗോവ സർക്കാർ പെട്രോളിന്റെ ‘വാറ്റ്’ പുനഃസ്ഥാപിച്ചെങ്കിലും വില ലീറ്ററിന് 60 രൂപയിലധികമാവാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. അടുത്തയിടെ പൊതുമേഖല എണ്ണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തിയതോടെയാണു ഗോവയിൽ ഈ പരിധി ലംഘിക്കപ്പെട്ടത്. ഇതോടെ നികുതിയിൽ ഇളവ് അനുവദിച്ച് പെട്രോൾ വില 60 രൂപ നിലവാരത്തിൽ നിർത്താൻ ഗോവ സർക്കാർ തീരുമാനിക്കുകയായിരുന്നു.