Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൂഡ് ഉൽപ്പാദനം കുറയ്ക്കാൻ കുവൈത്തും ഖത്തറും

crude-oil

പുതുവർഷത്തോടെ അസംസ്കൃത എണ്ണ ഉൽപ്പാദനം കുറയ്ക്കുമെന്നു കുവൈത്തിലെയും ഖത്തറിലെയും എണ്ണ കമ്പനികൾ പ്രഖ്യാപിച്ചു. എണ്ണ ഉൽപ്പാദകരായ ‘ഒപെക്’, ‘നോൺ ഒപെക്’ രാജ്യങ്ങളുടെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നു മുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറയ്ക്കാൻ ഇരുരാജ്യങ്ങളിലെയും കമ്പനികൾ തീരുമാനിച്ചത്. ഒപെക്കിന്റെ നിർദേശപ്രകാരം ഉൽപ്പാദനം കുറയ്ക്കുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണ ലഭ്യതയിൽ കുറവുണ്ടാവുമെന്ന് ഉപയോക്താക്കളെ അറിയിച്ചതായി പൊതുമേഖല സ്ഥാപനമായ ഖത്തർ പെട്രോളിയത്തിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ സാദ് ഷെരിദ അൽ കാബി അറിയിച്ചു.

2016 നവംബർ 30ന് ചേർന്ന ഒപെക് അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗമാണ് ക്രൂഡ് ഓയിൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. സംഘടനയുടെ പ്രതിദിന ഉൽപ്പാദനത്തിൽ 12 ലക്ഷത്തോളം ബാരലിന്റെ കുറവ് വരുത്താനാണു സംഘടനയുടെ നീക്കം. എന്നാൽ ഖത്തർ പെട്രോളിയം ഉൽപ്പാദനത്തിൽ എത്രത്തോളം കുറവാണു നടപ്പാക്കുകയെന്നു വ്യക്തമല്ല.ജനുവരി മുതൽ അസംസ്കൃത എണ്ണ കയറ്റുമതി കുറയ്ക്കുമെന്നാണു പൊതുമേഖലയിലെ കവൈത്ത് പെട്രോളിയം കോർപറേഷനും(കെ പി സി) ഇടപാടുകാരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ഒപെക് തീരുമാനം പിന്തുടർന്നാണ് നടപടിയെന്നും കമ്പനി വെളിപ്പെടുത്തി.

ഉൽപ്പാദനത്തിൽ വരുത്തുന്ന കുറവ് സംബന്ധിച്ചു കമ്പനി സൂചനയൊന്നും നൽകിയിട്ടില്ല; പ്രതിദിന ഉൽപ്പാദനമായ 30 ലക്ഷം ബാരലിൽ 1.30 ലക്ഷത്തോളം കുവൈത്ത് കുറച്ചേക്കുമെന്നാണു വിലയിരുത്തൽ. ഒപെക് തീരുമാനപ്രകാരം ഉൽപ്പാദനം കുറയ്ക്കുമെന്നു യു എ ഇയിലെ അഡ്നോക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മുതലാണു പുതിയ ഉൽപ്പാദനക്രമം നിലവിൽ വരികയെന്നും കമ്പനി അറിയിച്ചു. പ്രതിദിനം 31.50 ലക്ഷം ബാരലാണു കമ്പനിയുടെ ഉൽപ്പാദനം. ക്രൂഡ് ഓയിൽ വിലയിലെ കനത്ത ഇടിവ് മുൻനിർത്തി പ്രതിദിന ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് ഇതര രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. പ്രതിദിന ഉൽപ്പാദനത്തിൽ 5.58 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണു സംഘടനയുടെ നീക്കം.

Your Rating: