ആഗോളതലത്തിൽ അസംസ്കൃത എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്) തീരുമാനിച്ചു. പ്രതിദിന ഉൽപ്പാദനത്തിൽ ഏഴര ലക്ഷം ബാരലിന്റെ കുറവാണ് ‘ഒപെക്’ നടപ്പാക്കുകയെന്നാണു സൂചന. ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ സംഘടന തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിൽ അഞ്ചു ശതമാനത്തോളം വർധന രേഖപ്പെടുത്തി. അൾജിയേഴ്സിൽ ചേർന്ന ‘ഒപെക്’ സമ്മേളനം ഉൽപ്പാദനവിഷയത്തിൽ ധാരണയിലെത്താതെ പിരിയുമെന്നായിരുന്നു വിപണി വിദഗ്ധരുടെ പ്രവചനം.
ലണ്ടൻ വിപണിയിൽ നവംബറിൽ ഡലിവറിയുള്ള ബ്രെന്റ് നോർത്ത് സീ ക്രൂഡിന്റെ വില ബാരലിന് 2.72 ഡോളർ ഉയർന്ന് 48.69 ഡോളറിലെത്തി. ന്യയോർക്കിലാവട്ടെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 47.05 ഡോളറിലെത്തി; 2.38 ഡോളറിന്റെ വർധന.ആഗോളതലത്തിലെ മൊത്തം ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ 40 ശതമാനത്തോളമാണ് ഒപെക് അംഗങ്ങളുടെ സംഭാവന. പ്രതിദിന ഉൽപ്പാദനം നിലവിലുള്ള നാലു കോടി ബാരലിൽ നിന്ന് 3.25 കോടി ബാരലായി കുറയ്ക്കാനാണ് അംഗരാജ്യങ്ങൾ തീരുമാനിച്ചതെന്നാണു റിപ്പോർട്ട്.
രാജ്യാന്തര വിപണികളിൽ അസംസ്കൃത എണ്ണയുടെ വിലയിൽ രേഖപ്പെടുത്തുന്ന നിരന്തര ഇടിവ് ചെറുക്കാൻ ലക്ഷ്യമിട്ടാണ് ഒപെക് രാജ്യങ്ങൾ ഉൽപ്പാദന നിയന്ത്രണത്തിനു വഴങ്ങിയത്. 2014 മധ്യത്തെ അപേക്ഷിച്ച് അസംസ്കൃത എണ്ണ വിലയിൽ 50 ശതമാനത്തിലേറെ ഇടിവാണു നേരിട്ടത്. ഈ സാഹചര്യം നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ് ബുധനാഴ്ച ഒപെക് രാജ്യങ്ങളുടെ അനൗപചാരിക യോഗം അൾജിയേഴ്സിൽ ആരംഭിച്ചത്.