Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തർപാറ: സ്ഥിരം ജീവനക്കാർക്കും വി ആർ എസുമായി എച്ച് എം

HM

പണ്ടത്തെ ജനപ്രിയ കാറായ ‘അംബാസഡറി’ന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്(എച്ച് എം) പശ്ചിമ ബംഗാളിലെ ഉത്തർപാറശാലയിലെ സ്ഥിരം ജീവനക്കാർക്കും സ്വയം വിരമിക്കൽ പദ്ധതി(വി ആർ എസ്) പ്രഖ്യാപിച്ചു. ഈ ഒക്ടോബർ ഒന്നിന് കമ്പനിയുടെ സ്ഥിരം സേവനത്തിലുള്ള ഗ്രേഡ് സ്കെയിൽ സ്റ്റാഫിനും ടെക്നീഷ്യൻമാർക്കുമാണ് വി ആർ എസിന് ആർഹതയുള്ളതെന്ന് എച്ച് എം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

സാമ്പത്തിക ബാധ്യതയിൽപെട്ടു നട്ടംതിരിയുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സ് കഴിഞ്ഞ വർഷം തന്നെ ഉത്തർപാറ ശാലയുടെ പ്രവർത്തനം നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. പണമില്ലാത്തതിനു പുറമെ ഉൽപ്പാദനക്ഷമതയിലെ ഇടിവും ജീവനക്കാരുടെ അച്ചടക്കരാഹിത്യവും കനത്ത സഞ്ചിത നഷ്ടവും പ്രധാന ഉൽപന്നമായ ‘അംബാസഡർ’ വാങ്ങാൻ ആളില്ലാത്തതുമൊക്കെ കാരണങ്ങളായി നിരത്തിയാണ് എച്ച് എം ഉത്തർപാറ ശാലയുടെ പ്രവർത്തനം നിർത്തിയത്.

രാജ്യത്തിനു സ്വാതന്ത്യ്രം ലഭിച്ച പിന്നാലെ 1948ൽ പ്രവർത്തനം ആരംഭിച്ച ഉത്തർപാറ ശാലയിൽ ‘അംബാസഡറി’ന്റെ വിവിധ വകഭേദങ്ങളും ലഘുവാണിജ്യ വാഹനമായ ‘വിന്നറു’മാണു കമ്പനി നിർമിച്ചിരുന്നത്. 1.5 ലീറ്റർ, രണ്ടു ലീറ്റർ ഡീസൽ, 1.8 ലീറ്റർ പെട്രോൾ എൻജിനുകളുള്ള ‘അംബാസഡറി’നൊപ്പം കാറിന്റെ സി എൻ ജി, എൽ പി ജി വകഭേദങ്ങൾ നിർമിച്ചിരുന്നതും ഇതേ ശാലയിലാണ്. ‘അംബാസഡർ’ കാറിനും ‘വിന്നറി’നും പുറമെ ഓട്ടമോട്ടീവ്, ഫോർജ്ഡ് ഘടകങ്ങളുടെ ഉൽപ്പാദനവും ഉത്തർപാറയിലായിരുന്നു.

കാര്യമായ മത്സരമില്ലാതിരുന്ന ആദ്യകാലത്ത് ഇന്ത്യൻ കാർ വിപണിയെ ‘അംബാസഡർ’ അടക്കി വാണിരുന്നു; എന്നാൽ എൺപതുകളുടെ മധ്യത്തിൽ സർക്കാർ പിന്തുണയോടെ മാരുതി ഉദ്യോഗ് ലിമിറ്റഡ്(ഇന്നത്തെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്) അരങ്ങേറിയത് ‘അംബാസഡറി’നു വൻഭീഷണിയായി. ക്രമേണ ‘അംബാസഡറി’നെ വിസ്മൃതിയിലാക്കി ‘മാരുതി 800’ നിരത്തു വാഴുകയും ചെയ്തു. ഉദാരവൽക്കരണവും ആഗോളവൽക്കരണവുമൊക്കെ യാഥാർഥ്യമായതോടെ തൊണ്ണൂറുകളിൽ വിദേശ വാഹന നിർമാതാക്കൾ മിക്കവരും ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചതും എച്ച് എമ്മിനു തിരിച്ചടിയായി. സമകാലിക രൂപകൽപ്പനയുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും പിൻബലമുള്ള എതിരാളികൾ പെരുകിയതോടെ ‘അംബാസഡറി’ന്റെ മരണമണിയും മുഴങ്ങി.