ബൈക്കോ സ്കൂട്ടറോ എന്നു വ്യക്തമാക്കാതെ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ‘നവി’യുടെ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അരങ്ങേറ്റം കുറിച്ച ‘നവി’യുടെ വിൽപ്പന തുടങ്ങി രണ്ടു മാസത്തിനുള്ളിലാണ് ഈ നേട്ടത്തിലെത്തിയതെന്നും കമ്പനി അറിയിച്ചു.
ഡൽഹി ഷോറൂമിൽ 39,500 രൂപയ്ക്കു ലഭിക്കുന്ന ‘നവി’ നിലവിൽ ഡൽഹിക്കു പുറമെ അഹമ്മദബാദ്, ബെംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, പുണെ നഗരങ്ങളിൽ മാത്രമാണു വിൽപ്പനയ്ക്കുള്ളത്. വൈകാതെ രാജ്യത്തെ 35 നഗരങ്ങളിലേക്കു കൂടി ‘നവി’ വിൽപ്പന വ്യാപിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.
‘ന്യൂ അഡീഷനൽ വാല്യൂ ഫോർ ഇന്ത്യ’ എന്നതിന്റെ ചുരുക്കെഴുത്തായി ‘നവി’ എന്നു പേരിട്ട ഈ മിനി ബൈക്കിലൂടെ ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യ്ക്കു ബദൽ തേടുന്ന യുവതലമുറയെയാണ് എച്ച് എം എസ് ഐ ലക്ഷ്യമിടുന്നത്. ലക്ഷ്യമിടുന്നതു സമാന ഉപയോക്താക്കളെ ആയതിനാലാവാം ‘ആക്ടീവ’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് എച്ച് എം എസ് ഐ ‘നവി’ സാക്ഷാത്കരിച്ചിരിക്കുന്നതും.ഇന്ത്യയിൽ നിന്നുള്ള ഗവേഷണ, വികസന സംഘത്തിന്റെ നേതൃത്വത്തിൽ എച്ച് എം എസ് ഐയ്ക്കായി വികസിപ്പിച്ച ആദ്യ ഇരുചക്രവാഹനമെന്ന പെരുമയും ‘നവി’ക്കു സ്വന്തമാണ്. ‘നവി’യുടെ ആശയവും രൂപകൽപ്പനയും വികസനവും ക്ഷമതാ പരിശോധനയുമൊക്കെ ഇന്ത്യൻ ആർ ആൻഡ് ഡി ടീമിന്റെ ചുമതലയിലായിരുന്നു. ‘ആക്ടീവ’യുടെ പ്ലാറ്റ്ഫോം കടമെടുക്കുന്ന ഹൈബ്രിഡ് ഇരുചക്രവാഹനമായ ‘നവി’ക്കു കാഴ്ചയിൽ മോട്ടോർ സൈക്കിളിന്റെ പകിട്ടേകാനും എച്ച് എം എസ് ഐ ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ട്.
അതേസമയം സാങ്കേതിക വിഭാഗത്തിൽ ‘ആക്ടീവ’യും ‘നവി’യുമായി കാര്യമായ വ്യത്യാസമില്ല. ‘നവി’യിലെ 109 സി സി എൻജിന് 7,000 ആർ പി എമ്മിൽ പരമാവധി എട്ടു പി എസ് കരുത്തും 5,500 ആർ പി എമ്മിൽ പരമാവധി 8.96 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ‘നവി’യിലുമുള്ളത്. സ്കൂട്ടറിനെ അപേക്ഷിച്ച് ഏഴു കിലോഗ്രാം കുറവാണെന്നതു ‘നവി’യുടെ പ്രകടനക്ഷമതയും മെച്ചപ്പെടുത്തുന്നുണ്ട്. മുന്നിൽ 12 ഇഞ്ച്, പിന്നിൽ 10 ഇഞ്ച് വീലുകളാണു ‘നവി’ക്ക്; മുന്നിലും പിന്നിലും 130 എം എം ഡ്രം ബ്രേക്കുമുണ്ട്. ട്യൂബ്രഹിത ടയറോടെ എത്തുന്ന ‘നവി’യുടെ മുൻസസ്പെൻഷൻ ടെലിസ്കോപിക് ഫോർക്കും പിൻസസ്പെൻഷൻ ഹൈഡ്രോളിക് മോണോഷോക്കുമാണ്. ചുവപ്പ്, പച്ച, വെള്ള, ഓറഞ്ച്, കറുപ്പ് നിറങ്ങളിലാണു ‘നവി’ ലഭിക്കുക. വൈകാതെ ‘സ്ട്രീറ്റ്’, ‘അഡ്വഞ്ചർ’, ‘ഓഫ് റോഡ്’ എന്നീ മൂന്നു വകഭേദങ്ങളിൽ ‘നവി’ അവതരിപ്പിക്കാനും എച്ച് എം എസ് ഐ തയാറെടുക്കുന്നുണ്ട്.