ജപ്പാനിൽ വിൽപ്പനയ്ക്ക് ഇന്ത്യൻ നിർമിത ‘ജിക്സറും’

Gixxer SF

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ ഇന്ത്യൻ നിർമിത ‘ജിക്സർ’ ബൈക്കുകൾ ജന്മനാട്ടിലേക്ക് ഇറക്കുമതി ചെയ്തു വിൽപ്പന തുടങ്ങി. നേരത്തെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിർമിച്ച കോംപാക്ട് ഹാച്ച്ബാക്കായ ‘ബലേനൊ’ സുസുക്കി ഇറക്കുമതി വഴി ജപ്പാനിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. സുസുക്കിയുടെ ഉപസ്ഥാപനമായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) നിർമിച്ച ‘ജിക്സറി’ന്റെ ജപ്പാനിലേക്കുള്ള കയറ്റുമതിക്കു ബുധനാഴ്ചയാണു തുടക്കമായത്. ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ സുസുക്കി മോഡലാണു ‘ജിക്സർ’. ആദ്യ ബാച്ചിൽ 720 ഇന്ത്യൻ നിർമിത ‘ജിക്സർ’ ബൈക്കുകളാണു ജപ്പാനിലേക്കു യാത്ര ആരംഭിച്ചത്.

സുസുക്കി മോട്ടോർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമാണിതെന്നു കമ്പനി മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അഭിപ്രായപ്പെട്ടു. ലാറ്റിൻ അമേരിക്കയിലേക്കും സമീപ വിപണികളിലേക്കും ഇന്ത്യയിൽ നിർമിച്ച ‘ജിക്സർ’ ബൈക്കുകൾ മുമ്പു തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ ജന്മനാടായ ജപ്പാനിലേക്കു ‘ജിക്സർ’ കയറ്റുമതി ചെയ്യാൻ അവസരം ലഭിച്ചതാണ് കമ്പനിക്ക് ഏറെ ആഹ്ലാദം പകരുന്നത്. വാഹന നിർമാണത്തിൽ എസ് എം ഐ പി എൽ കൈവരിച്ച ഉന്നത നിലവാരത്തിന്റെയും കമ്പനിയുടെ പദ്ധതികളിൽ ഇന്ത്യയ്ക്കുള്ള സുപ്രധാന പങ്കിന്റെയും പ്രതിഫലനമാണ് ഈ നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന ഗുണനിലവാരവുമുള്ള ഉൽപന്നങ്ങൾ മത്സരക്ഷമമായ വിലകളിൽ നിർമിക്കാൻ എസ് എം ഐ പി എൽ ആർജിച്ച മികവു കൂടിയാണു ജപ്പാനിലേക്കുള്ള ‘ജിക്സർ’ കയറ്റുമതിയിലൂടെ തെളിയിക്കപ്പെടുന്നത്. ജാപ്പനീസ് ഉപയോക്താക്കൾക്ക് ഇന്ത്യൻ നിർമിത ‘ജിക്സർ’ ഇഷ്ടമാവുമെന്നും ഉചിഡ പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ജിക്സറി’നു കരുത്തേകുന്നത് 155 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്; അഞ്ചു സ്പീഡ് ഗീയർബോക്സാണു ബൈക്കിന്റെ ട്രാൻസ്മിഷൻ. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും പിന്നിൽ ഡിസ്ക് ബ്രേക്കും സഹിതമാണ് ജപ്പാനിൽ വിൽപ്പനയ്ക്കുള്ള ‘ജിക്സർ’ എസ് എം ഐ പി എൽ നിർമിക്കുന്നത്. ഒറ്റ നിറങ്ങൾക്കു പുറമെ ഇരട്ട വർണ സങ്കലനത്തോടെയുള്ള ‘ജിക്സറും’ ജപ്പാനിലേക്കു കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.