Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്തിയ ‘സ്വിഫ്റ്റി’ലും ഇനി ഓട്ടോ ഗീയർ ഷിഫ്റ്റ്

suzuki-swift

ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ മുന്തിയ വകഭേദങ്ങളിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സംവിധാനം ഏർപ്പെടുത്തുന്നു. ഉപയോക്താക്കളുടെ ആവശ്യം മാനിച്ചു പുതിയ ‘സ്വിഫ്റ്റി’ന്റെ മുന്തിയ വകഭേദമായ ‘സെഡ് എക്സ് ഐ പ്ലസി’ലും ‘സെഡ് ഡി ഐ പ്ലസി’ലുമാണ് എ ജി എസ് ലഭ്യമാക്കുകയെന്നു കമ്പനി അറിയിച്ചു. ഇതുവരെ ‘സ്വിഫ്റ്റി’ന്റെ വി എക്സ് ഐ, സെഡ് എക്സ് ഐ, വി ഡി ഐ, സെഡ് ഡി ഐ വകഭേദങ്ങളിലാണ് എ ജി എസ് ലഭ്യമായിരുന്നത്.

ഇരട്ട പെഡൽ സാങ്കേതികവിദ്യയ്ക്കൊപ്പം ‘സ്വിഫ്റ്റി’ന്റെ സെഡ് എക്സ് ഐ പ്ലസിലും സെഡ് ഡി ഐ പ്ലസിലും എൽ ഇ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, ഓട്ടോ ഹെഡ്ലാംപ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, പ്രിസിഷൻ കട്ട് ഇരട്ട വർണ അലോയ് വീൽ, കാമറ സഹിതം റിവേഴ്സ് പാർക്കിങ് സെൻസർ, നാവിഗേഷൻ — വോയ്സ് കമാൻഡോടെ സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയൊക്കെ മാരുതി സുസുക്കി സജ്ജീകരിച്ചിട്ടുണ്ട്.

‘സ്വിഫ്റ്റ്’ ഉപയോക്താക്കളിൽ നിന്നു മികച്ച സ്വീകാര്യതയാണ് എ ജി എസിനു ലഭിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ‘മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. അതുകൊണ്ടുതന്നെ കാറിന്റെ മുന്തിയ വകഭേദങ്ങളിലും എ ജി എസ് ലഭ്യമാക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് ഇപ്പോൾ ‘സ്വിഫ്റ്റ്’ സെഡ് എക്സ് ഐ പ്ലസിലും സെഡ് ഡി ഐ പ്ലസിലും ഓട്ടോ ഗീയർ ഷിഫ്റ്റ് ഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പതിമൂന്നു വർഷം മുമ്പ് 2005ലാണു മാരുതി സുസുക്കി ഇന്ത്യ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ അവതരിപ്പിച്ചത്. തുടർന്ന് ഇന്ത്യയിൽ മാത്രം ഇതുവരെ 19 ലക്ഷത്തോളം ‘സ്വിഫ്റ്റ്’ കാറുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് മാരുതി സുസുക്കിയുടെ കണക്ക്.