മാരുതി സുസുക്കി ഇന്ത്യയുടെ ജനപ്രിയ കാറാണ് സ്വിഫ്റ്റ്. 2005 ൽ ഇന്ത്യയിലെത്തി ചെറുകാർ പ്രേമികളുടെ ഇഷ്ട കാറായി മാറിയ സ്വിഫ്റ്റിന്റെ ആദ്യ മോഡൽ പുറത്തിറങ്ങുന്നത് 1985 ലാണ്. ഇന്നു കാണുന്ന സ്വിഫ്റ്റുമായി വലിയ ബന്ധമില്ലെങ്കിലും സിഫ്റ്റ് എന്ന പേര് സുസുക്കി ഉപയോഗിക്കുന്നത് 1986 ലാണ്.
സുസുക്കി സ്വിഫ്റ്റ് (1986–1988)
സുസുക്കിയുടെ എസ്എ310 എന്ന് പേരുള്ള ചെറുഹാച്ചാണ് സ്വിഫ്റ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. 1983 ൽ പുറത്തിറങ്ങിയ എസ്എ310 ന്റെ 1986 പതിപ്പിലാണ് സ്വിഫ്റ്റ് എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. 993 സിസി കപ്പാസിറ്റിയുള്ള എൻജിനുമായെത്തിയ കാറിന്റെ കരുത്ത് 50 ബിഎച്ച്പിയാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 14.9 സെക്കൻഡ് മാത്രം വേണ്ടി വരുന്ന കാറിന്റെ കൂടിയ വേഗം 145 കിലോമീറ്ററായിരുന്നു. സ്വിഫ്റ്റിന്റെ ജിടിഐ പതിപ്പിലാണ് സുസുക്കി ആദ്യമായി ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷൻ ടെക്നോളജി ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസീലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഈ കാർ സ്വിഫ്റ്റ് എന്ന് അറിയപ്പെട്ടിരുന്നത്. ജപ്പാനിൽ കൾട്ടസ് എന്നും അമേരിക്കയിൽ ഫോർസ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്.
സുസുക്കി സ്വിഫ്റ്റ് (1988–2003)
1988 ലാണ് രണ്ടാം തലമുറ ജപ്പാനിൽ പുറത്തിറങ്ങുന്നത്. കൾട്ടസ് എന്നു തന്നെയായിരുന്ന കാറിന്റെ ജപ്പാൻ പേര്. എന്നാൽ യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ വിപണികളിൽ സ്വിഫ്റ്റ് എന്ന പേരിലാണ് കാർ അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെത്തിയ മാരുതി 1000 ഹാച്ച്ബാക്ക് പതിപ്പായിരുന്നു അത്. 1 ലീറ്റർ, 1.3 ലീറ്റർ, 1.6 ലീറ്റർ തുടങ്ങി വ്യത്യസ്ത എൻജിൻ വകഭേദങ്ങളിൽ ഈ മോഡൽ വിൽപനയിലുണ്ടായിരുന്നു. തുടർന്ന് 1993 ൽ സെഡാൻ പതിപ്പും സ്വിഫ്റ്റ് എന്ന പേരിൽ കമ്പനി പുറത്തിറക്കി. എന്നാൽ ഇന്ത്യയിലെത്തിയപ്പോള്‍ അത് മാരുതി 1000 ആയി മാറി. 1988 ൽ പുറത്തിറങ്ങിയ ഈ വാഹനത്തിന്റെ വിൽപന ജപ്പാനിൽ 2003 ൽ അവസാനിപ്പിച്ചെങ്കിലും ഇന്ത്യയിൽ 1994 ൽ പേരുമാറ്റി എസ്റ്റീമായ കാറിന്റെ വിൽപന 2007 വരെ തുടർന്നു.
പുതു തലമുറ സ്വിഫ്റ്റ്
പഴയ തലമുറയിൽനിന്ന് വ്യത്യാസങ്ങളോടെ സ്വിഫ്റ്റ് പുറത്തിറങ്ങുന്നത് 2004 ലാണ്. നാം കാണുന്ന സ്വിഫ്റ്റിനെ ആദ്യമായി പ്രദർശിപ്പിച്ചത് 2004 ലാണ്. പാരിസ് മോട്ടോർഷോയിലായിരുന്നു സുസുക്കി സ്വിഫ്റ്റ് പ്രദർശിപ്പിച്ചത്. . ഇന്ത്യയിൽ മാത്രമല്ല ജപ്പാനിൽ അടക്കം നിർവധി രാജ്യങ്ങളിൽ സ്വിഫ്റ്റ് എന്നു തന്നെയാണ് അറിയപ്പെടുന്നത്. അതിനുശേഷം 2010 ൽ സ്വിഫ്റ്റിന്റെ പുതിയ മോഡലിന് കമ്പനി അവതരിപ്പിച്ചു. ഏഴ് വർഷത്തിന് ശേഷം അടുമുടി മാറ്റങ്ങളുമായി പുതിയ സിഫ്റ്റിന്റെ 2016 ഡിസംബറിൽ സുസുക്കി ജപ്പാനിൽ പുറത്തിറക്കി. ആ വർഷം ആദ്യം യൂറോപ്പിലും.