Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസംബറിലെ സ്കൂട്ടർ വിൽപ്പനയിൽ കനത്ത ഇടിവ്

Honda Activa Activa

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതിന്റെ പ്രത്യാഘാതമായി രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ കനത്ത തിരിച്ചടി. ഏറെ നാളുകൾക്കു ശേഷം ഡിസംബറിലെ സ്കൂട്ടർ വിൽപ്പനയിൽ വൻഇടിവു രേഖപ്പെടുത്തിയതായി രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ ഡയറക്ടർ ജനറൽ വിഷ്ണു മാഥുർ വെളിപ്പെടുത്തി. മൊത്തം 2,84,384 സ്കൂട്ടറുകളാണ് കഴിഞ്ഞ മാസത്തെ വിൽപ്പന. 2015 ഡിസംബറിൽ രാജ്യത്തു വിറ്റ 3,86,305 യൂണിറ്റിനെ അപേക്ഷിച്ച് 26.38% കുറവാണിത്. അതേസമയം കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്താൻ സ്കൂട്ടർ നിർമാതാക്കൾക്കു സാധിച്ചു. 2015 ഡിസംബറിൽ 27,323 യൂണിറ്റ് കയറ്റുമതി ചെയ്തതു കഴിഞ്ഞ മാസം 12.65% വർധനയോടെ 30,779 യൂണിറ്റായെന്നാണു ‘സയാ’മിന്റെ കണക്ക്.

അതേസമയം കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്തെ സ്കൂട്ടർ വിൽപ്പനയിൽ 2015 ജനുവരി — ഡിസംബറിനെ അപേക്ഷിച്ച് വർധനയുണ്ട്. 2015 കലണ്ടർ വർഷം 48,80,117 സ്കൂട്ടറുകൾ വിറ്റ സ്ഥാനത്ത് 2016ലെ വിൽപ്പന 56,15,228 യൂണിറ്റായിരുന്നു: 15.06% വർധന. 2016ലെ കയറ്റുമതിയിലും 2015നെ അപേക്ഷിച്ച് 33.95% വളർച്ചയുണ്ടെന്നാണു കണക്ക്. നവംബർ എട്ടു മുതൽ പ്രാബല്യത്തോടെ രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതു പണലഭ്യതയിൽ സൃഷ്ടിച്ച ഞെരുക്കവും ഉപയോക്താക്കളിൽ പ്രകടമായ നിരാശയുമാണു സ്കൂട്ടർ വിൽപ്പനയിൽ തിരിച്ചടിക്ക് ഇടയാക്കിയതെന്നാണു മാഥൂറിന്റെ നിഗമനം. ഈ സാഹചര്യം താൽക്കാലികമാണെന്നും രണ്ടു മൂന്നു മാസത്തിനകം വിൽപ്പന സാധാരണ നില കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പോരെങ്കിൽ അടുത്ത കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്ക് ആശ്വാമേകുന്ന ധാരാളം പദ്ധതികൾ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. പണലഭ്യത മെച്ചപ്പെടുന്നതോടെ ഉപയോക്താക്കൾ സ്കൂട്ടർ വിപണിയിൽ തിരിച്ചെത്തുമെന്നു മാഥൂർ കരുതുന്നു. ഫ്ളീറ്റ് ആധുനികവൽക്കരണം, വൈദ്യുത വാഹനങ്ങൾക്ക് ഇളവുകൾ, വായ്പകളുടെ പലിശ നിരക്കിലെ ഇളവ് തുടങ്ങിയവയൊക്കെ അടുത്ത ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.  

Your Rating: