ഇന്ത്യൻ നിർമിത യമഹ ‘ക്രക്സ് റെവ്’ ആഫ്രിക്കയിലേക്ക്

Yamaha Crux

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യയിൽ നിർമിച്ച ‘ക്രക്സ് റെവ്’ ആഫ്രിക്കയിലേക്കു കയറ്റുമതി തുടങ്ങുന്നു. വൻതോതിലുള്ള വിൽപ്പന ലക്ഷ്യമിട്ടു യമഹ അവതരിപ്പിക്കുന്ന രണ്ടാമതു മോഡലായ ‘ക്രക്സ് റെവ്’ ഏപ്രിലോടെ ആഫ്രിക്കൻ ഷോറൂമുകളിലെത്തുമെന്നാണു പ്രതീക്ഷ. ആഫ്രിക്കൻ രാജ്യങ്ങളിലെ ഗതാഗത സാഹചര്യവും ഉപയോഗവും ട്രാഫിക്കും പരിസ്ഥിതിയുമൊക്കെ വിലയിരുത്തി നിർമിച്ച മോഡലാണു ‘ക്രക്സ് റെവ്’ എന്നാണു യമഹയുടെ അവകാശവാദം. ആദ്യ വർഷം ആഫ്രിക്കയിലും മധ്യ അമേരിക്കയിലുമായി 20,000 യൂണിറ്റിന്റെ വിൽപ്പനയാണു ‘ക്രക്സ് റെവി’നു യമഹ ലക്ഷ്യമിടുന്നത്. ഇന്ത്യൻ നിർമിത കിറ്റുകൾ എത്തിച്ച് ഇക്കൊല്ലം തന്നെ പ്രാദേശിക തലത്തിൽ ഈ ബൈക്കിന്റെ അസംബ്ലിങ് ആരംഭിക്കാനും യമഹയ്ക്കു പദ്ധതിയുണ്ട്.

രണ്ടു വകഭേദങ്ങളിലാവും ‘ക്രക്സ് റെവ്’ ആഫ്രിക്കയിൽ ലഭിക്കുക: സ്പോക്ക് വീൽ കിക്ക് സ്റ്റാർട്ട് പതിപ്പും അലോയ് വീൽ ഇലക്ട്രിക് സ്റ്റാർട് വകഭേദവും. മൂന്നു നിറങ്ങളിൽ ലഭ്യമാവുന്ന ബൈക്കിന് 60,000 രൂപ മുതലാവും ആഫ്രിക്കൻ വിപണിയിലെ വില. ബ്ലൂകോർ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഫോർ സ്ട്രോക്ക്, 110 സി സി എയർ കൂൾഡ് എൻജിനാവും ‘ക്രക്സ് റെവി’നു കരുത്തേകുക. ഇന്ത്യയിലുള്ള ‘സല്യൂട്ടൊ ആർ എക്സി’ലെ പോലെ ഏഴര പി എസ വരെ കരുത്തും എട്ടര എൻ എം വരെ ടോർക്കുമാവും ഈ എൻജിന് സൃഷ്ടിക്കുക. നാലു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. നിലവിൽ ആഫ്രിക്കയിൽ വിൽപ്പനയിലുള്ള 105 സി സി ‘ക്രക്സി’നെ അപേക്ഷിച്ച് 18% അധിക ഇന്ധനക്ഷമതയും പുതിയ ബൈക്കിന് യമഹ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ‘ക്രക്സ്’ പോലെ സങ്കീർണതകളില്ലാത്ത രൂപകൽപ്പനയാണ് ആഫ്രിക്കയ്ക്കുള്ള ‘ക്രക്സ് റെവി’നും യമഹ തിരഞ്ഞെടുത്തിരിക്കുന്നത്. വൃത്താകൃതിയുള്ള ഹെഡ്ലാംപ്, നീളവും വീതിയുമുള്ള സീറ്റ്, അനലോഗ് മീറ്ററുകൾ, ട്യൂബുലർ ഗ്രാബ് റയിൽ തുടങ്ങിയവയാണു ബൈക്കിലുള്ളത്. ആഫ്രിക്കൻ ഉപയോക്താക്കൾ ബൈക്കിൽ ഭാരം കയറ്റുമെന്നതിനാൽ ‘ക്രക്സ് റെവി’ന്റെ സസ്പെൻഷൻ പരിഷ്കരിച്ചിട്ടുണ്ടെന്ന് യമഹ അവകാശപ്പെടുന്നു. പതിനേഴു വർഷമായി യമഹ ആഫ്രിക്കൻ വിപണികളിൽ ‘ക്രക്സ്’ വിൽക്കുന്നുണ്ട്; ബൈക്ക് ടാക്സി എന്ന നിലയിലും യൂട്ടിലിറ്റി മോട്ടോർ സൈക്കിൾ എന്ന നിലയിലും ‘ക്രക്സ്’ സ്വീകാര്യത നേടിയെന്നാണു കമ്പനിയുടെ വിലയിരുത്തൽ.
ഇന്ത്യയിലാവട്ടെ വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ വിപണിയിൽ നിന്നു പിൻവാങ്ങിയ മോഡലാണു ‘ക്രക്സ്’. നിലവിൽ സ്കൂട്ടർ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യമഹ, ‘സല്യൂട്ടൊ ആർ എക്സ്’ മാത്രമാണ് 100 — 110 സി സി ബൈക്ക് വിഭാഗത്തിൽ വിൽക്കുന്നത്.