ഈ വർഷം അവസാനിക്കുമ്പോഴേക്ക് കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ. 2017ൽ ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് യമഹ മോട്ടോർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതു സാധ്യമായാൽ യമഹയുടെ വാഹന വിൽപ്പന കണക്കെടുപ്പിൽ ഇന്തൊനീഷയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താവും ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷം 7.86 ലക്ഷം ഇരുചക്രവാഹനങ്ങളാണ് യമഹ മോട്ടോർ ഇന്ത്യ വിറ്റത്; ഇതിൽ പകുതിയോളം സ്കൂട്ടറുകളായിരുന്നു.
കമ്പനിയെ സംബന്ധിച്ചിടത്തോളം 2016 മികച്ച വർഷമായിരുന്നെന്ന് യമഹ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ കരുതുന്നു. മികച്ച വിൽപ്പന കൈവരിച്ചതിനൊപ്പം പ്രീമിയം, സ്കൂട്ടർ വിഭാഗങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനായതും 2016ന്റെ നേട്ടമാണ്.
താരതമ്യേന നവാഗതരെന്ന നിലയിൽ യമഹ സ്കൂട്ടറുകളും നിർമിക്കുന്നുണ്ടെന്ന സന്ദേശം ഉപയോക്താക്കളിൽ എത്തിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടു. സ്കൂട്ടർ വിൽപ്പന 4.80 ലക്ഷം യൂണിറ്റോളമെത്തിയത് ഇതിന്റെ പ്രതിഫലനമാണെന്നും കുര്യൻ വിലയിരുത്തുന്നു.
വരും വർഷവും വിൽപ്പനയിലെ നല്ലൊരു ഭാഗം സ്കൂട്ടറിൽ നിന്നാവുമെന്നാണു യമഹയുടെ കണക്കുകൂട്ടൽ. പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞാൽ 2017ൽ ഇന്ത്യയിലെ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിടുമെന്നും യമഹ സ്വപ്നം കാണുന്നു. സ്കൂട്ടറുകളും കമ്യൂട്ടർ ബൈക്കുകളും മുതൽ ‘ആർ’, ‘എഫ് സീ’ ശ്രേണികളിലൂടെ പ്രീമിയം സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ വരെ യമഹ മോട്ടോർ ഇന്ത്യയ്ക്കു സാന്നിധ്യമുണ്ട്. ഇതിൽ സ്കൂട്ടർ, പ്രീമിയം ബൈക്ക് വിഭാഗങ്ങളിലാണു യമഹ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. മാസം തോറും 8,000 — 9,000 പ്രീമിയം ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാൻ കഴിയുന്നുണ്ടെന്നാണു കമ്പനിയുടെ കണക്ക്.
പ്രീമിയം വിഭാഗത്തിലെ സ്വാധീനം കണക്കിലെടുക്കുമ്പോൾ ഈ മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു വിൽപ്പന മെച്ചപ്പെടുത്തുന്നതാണു ബുദ്ധിയെന്നു കുര്യനും കരുതുന്നു. അതുപോലെ തന്നെ സ്കൂട്ടർ വിഭാഗവും മികച്ച ഫലം തരുന്നുണ്ട്. മറ്റു മേഖലകളെയും യമഹ പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ പ്രീമിയം ബൈക്ക്, സ്കൂട്ടർ വിഭാഗങ്ങളിലാണെന്നു കുര്യൻ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ ഇന്തൊനീഷയാണു യമഹയുടെ പ്രധാന വിപണി; 2016ൽ 14.50 ലക്ഷം യൂണിറ്റായിരുന്നു ഈ വിപണിയിൽ കമ്പനി കൈവരിച്ച വിൽപ്പന. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്നാമിൽ 2016ലെ വിൽപ്പന എട്ടു ലക്ഷത്തോളം യൂണിറ്റായിരുന്നു. നിലവിൽ ചെന്നൈ, സൂരജ്പൂർ, ഫരീദബാദ് എന്നിവിടങ്ങളിലായി മൂന്ന് ഉൽപ്പാദനശാലകളാണു യമഹ മോട്ടോർ ഇന്തയ്ക്കുള്ളത്; മൊത്തം വാർഷിക ഉൽപ്പാദന ശേഷിയാവട്ടെ 18 ലക്ഷം യൂണിറ്റും. എന്നാൽ വിൽപ്പന ഉയരുന്ന പക്ഷം ചെന്നൈയിലെ പുതിയ ശാലയിൽ അധിക അസംബ്ലി ലൈനുകൾ നിർമിക്കാനാവുമെന്ന് യമഹ വിശദീകരിക്കുന്നു.