ഇറക്കുമതി ചുങ്കത്തിൽ ലഭിച്ച ഇളവ് ഉപയോക്താക്കൾക്കു കൈമാറുന്നതോടെ ‘യമഹ വൈ സെഡ് എഫ് — ആർ വൺ’ വിലയിൽ 2.60 ലക്ഷം രൂപയുടെ കുറവ്. ‘എം ടി — 09’ വിലയാവട്ടെ 1.30 ലക്ഷം രൂപയാണ് കുറയുക. ഇതോടെ പ്രകടനക്ഷമതയേറിയ സൂപ്പർ ബൈക്കായ ‘വൈ സെഡ് എഫ് — ആർ വൺ’ ഡൽഹി ഷോറൂമിൽ 18.10 ലക്ഷം രൂപയ്ക്കു ലഭിക്കും. ഇതുവരെ 20.70 ലക്ഷം രൂപയായിരുന്ന ബൈക്കിന്റെ വില. നേക്കഡ് സ്ട്രീറ്റ് ബൈക്കായ ‘എം ടി — 09’ ഇനി മുതൽ 9.55 ലക്ഷം രൂപയ്ക്കു ഡൽഹി ഷോറൂമിൽ ലഭിക്കും. ഇതുവരെ 10.80 ലക്ഷം രൂപയായിരുന്നു ഈ ബൈക്കിന്റെ വില.
വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകളുടെ വിലയാണു യമഹ കുറച്ചത്. ഇറക്കുമതി വഴി വിൽപ്പനയ്ക്കെത്തുന്ന ബൈക്കുകൾക്ക് ബാധകമായ എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ പരിഷ്കരിച്ചിരുന്നു. 800 സി സി വരെ എൻജിൻ ശേഷിയുള്ള വിദേശ നിർമിത ബൈക്കുകൾക്ക് 60 ശതമാനവും 800 സി സിക്കു മേൽ എൻജിൻ ശേഷിയുള്ളവയ്ക്ക് 75 ശതമാനവുമായിരുന്നു മുമ്പത്തെ എക്സൈസ് ഡ്യൂട്ടി നിരക്ക്; എന്നാൽ എൻജിൻ ശേഷി വ്യത്യാസമില്ലാതെ ഡ്യൂട്ടി നിരക്ക് 50% ആക്കി നിജപ്പെടുത്താനാണു സർക്കാർ തീരുാമനിച്ചത്. തുടർന്ന് ഈ ഇളവിന്റെ ആനുകൂല്യം പൂർണമായി ഉപയോക്താക്കൾക്കു കൈമാറാനായിരുന്നു യമഹ മോട്ടോർ ഇന്ത്യയുടെ തീരുമാനം.
ലിക്വിഡ് കൂൾഡ്, 847 സി സി എൻജിനാണ് ‘എം ടി — 09’ ബൈക്കിനു കരുത്തേകുന്നത്; 115 ബി എച്ച് പി വരെ കരുത്തും 87.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഹോണ്ട ‘സി ബി ആർ 1000 ആർ ആർ’, സുസുക്കി ‘ജി എസ് എക്സ് — ആർ 1000 ആർ’, കാവസാക്കി ‘സെഡ് എക്സ് — 10 ആർ’ തുടങ്ങിവയോടാണ് യമഹ ‘വൈ സെഡ് എഫ് — ആർ വണ്ണി’ന്റെ പോരാട്ടം. കാവസാക്കി ‘സെഡ് 900’, ഡ്യുകാറ്റി ‘മോൺസ്റ്റർ 821’, ട്രയംഫ് ‘സ്ട്രീറ്റ് ട്രിപ്ൾ ആർ എസ്’ തുടങ്ങിയവയെയാണ് ‘എം ടി — 09’ നേരിടുക.