അച്ഛനുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം ടയർ നിർമാണ കമ്പനിയായ അപ്പോളൊ ടയേഴ്സ് പടുത്തുയർത്തിയ അനുഭവം പങ്കുവച്ച് വ്യവസായിയായ ഓംകാർ എസ് കൺവറിന്റെ ജീവചരിത്രമായ ‘ദ് മാൻ ബിഹൈൻഡ് ദ് വീൽ’ പുറത്തെത്തി. 1974ൽ പൂജ്യത്തിൽ നിന്നാരംഭിച്ച പ്രയാണം അപ്പോളൊ എന്ന ആഗോള ബ്രാൻഡായി വളർന്നതിന്റെ കഥയാണു ടിം ബൊക്കെ രചിച്ച ജീവചരിത്രത്തിൽ കൺവർ പങ്കുവയ്ക്കുന്നത്.
മുൻ കേന്ദ്ര സഹ മന്ത്രിയും തിരുവനന്തപുരം എം പിയുമായ ശശി തരൂരാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. രസകരമായ വിവരങ്ങൾക്കും സംഭവകഥകൾക്കും പഞ്ഞമില്ലാതെയാണു കൺവറിന്റെ ജീവിതകഥ അവതരിപ്പിച്ചിരിക്കുന്നതെന്ന് തരൂർ അഭിപ്രായപ്പെട്ടു. കൺവർ എന്ന വ്യവസായിയെപ്പറ്റി അറിയപ്പെടാത്ത ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താൻ പുസ്തകം വഴിവയ്ക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യ, യു കെ സന്ദർശന വേളകളിൽ ഓംകാർ കൺവർ എന്ന വ്യക്തിയെപ്പറ്റിയും അപ്പോളൊ ടയേഴ്സിനെപ്പറ്റിയു കേട്ടറിഞ്ഞ അസംഖ്യം കഥകളാണു പുസ്തകരചനയിലേക്കു നയിച്ചതെന്ന് ബൊക്കെ വിശദീകരിച്ചു. ഓംകാറിനെപ്പറ്റി അദ്ദേഹത്തോടും അദ്ദേഹത്തെ അറിയാവുന്നവരുമായും സംസാരിച്ചതും ജ്ഞാനവർധകമായ അനുഭവമായിരുന്നു. വായനക്കാർക്കും ഓംകാർ കൺവറിന്റെ ജീവിതയാത്ര ആസ്വാദ്യകരമായി തോന്നുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യുവാവായി യു എസിലെത്തിയ ഓംകാർ എസ് കൺവർ ഇന്ത്യയിൽ മടങ്ങിയെത്തി വഡോദരയിലും ചെന്നൈയിലും ടയർ നിർമാണശാലകൾ സ്ഥാപിച്ചതിന്റെ ആവേശകരമായ ചരിത്രമാണു പുസ്തകരം രേഖപ്പെടുത്തുന്നത്. പിന്നീട് നെതർലൻഡ്സിലേക്കും ഹംഗറിയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചതോടെ ആഗോളതലത്തിലും കൺവറും അദ്ദേഹം സ്ഥാപിച്ച അപ്പോളൊ ടയേഴ്സും സജീവ സാന്നിധ്യമായി.