മൂന്നു വയസുകാരന്റെ ബിഎംഡബ്ല്യു അഭ്യാസം

കുട്ടികളെകൊണ്ടു വാഹനം ഓടിപ്പിക്കുന്നത് ആരുമധികം പ്രോത്സാഹിപ്പിക്കാറില്ല. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. എന്നാൽ മൂന്നു വയസുകാരൻ ബിഎംഡബ്ല്യു കാറിൽ നടത്തുന്ന അഭ്യാസമാണിപ്പോൾ ഇന്റർനെറ്റ് ലോകത്തെ ചൂടുപിടിച്ച ചർച്ച. ലൈവ് ലീക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവന്നത്.

ഇറാഖിൽ നിന്ന് ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ ദിവസമാണു യൂട്യൂബിലെത്തിയത്. ബിഎംഡബ്ല്യു ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ പകർത്തിയത് കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ്. സീറ്റിൽ ഇരുന്നാൽ നിലത്ത് കാൽ പോലും എത്താത്ത കുട്ടിയാണ് കാർ ഡ്രിഫ്റ്റ് ചെയ്യിക്കുന്നത്.

അപകടകരമാം വിധത്തിലുള്ള അഭ്യാസപ്രകടനങ്ങൾ മൂന്നു വയസുകാരന്‍ കാണിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടിക്കണമെങ്കിൽ ഇറാക്കിലെ നിയമപ്രകാരം 17 വയസ് പ്രായമാകണം. വിഡിയോ വൈറലായതോടെ പ്രായ പൂർത്തിയാകാത്ത കുട്ടിയെ വാഹനം ഒടിക്കാൻ അനുവദിച്ച മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.