ദേശീയ പാത ദൈർഘ്യം 2 ലക്ഷം കിലോമീറ്ററാക്കുമെന്നു ഗഢ്കരി

Nitin Gadkari

രാജ്യത്തെ ദേശീയപാതയുടെ ദൈർഘ്യം രണ്ടു ലക്ഷം കിലോമീറ്ററായി വർധിപ്പിക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഢ്കരി. നിലവിൽ 96,000 കിലോമീറ്റർ ദേശീയപാതയാണ് രാജ്യത്തുള്ളത്. ന്യൂസ് കോർപ് വി സി സർക്ക്ളിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ഇൻഫ്രാ സർക്കിൾ’ അവതരണവേളയിൽ 1.65 ലക്ഷം കിലോമീറ്റർ ദേശീയപാതയും മന്ത്രി പ്രഖ്യാപിച്ചു. റോഡ് അപകടങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്നതു തടയാൻ മുന്തിയ പരിഗണന നൽകുമെന്നും ഗഢ്കരി വ്യക്തമാക്കി. ഇതിനായി ദേശീയപാത നിർമാണ രംഗത്തെ പങ്കാളികൾ അവരവരുടെ ഉത്തരവാദിത്തം ആത്മാർഥമായി നിറവേറ്റണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

രാജ്യത്തു ദേശീയപാത നിലവാരമുള്ള റോഡുകളുടെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതത്തിരക്കിലെ വർധന വിലയിരുത്തി ദേശീയപാതകൾ നാലു വരിയായും ആറു വരിയായും വികസിപ്പിക്കുമെന്നും ഗഢ്കരി വെളിപ്പെടുത്തി. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യവസായവൽക്കരണത്തിനായി സർക്കാർ തയാറാക്കുന്ന പദ്ധതി രാജ്യത്തിന്റെ ഭാവി വികസനത്തെ ഗണ്യമായ സ്വാധീനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമല്ല, വളർച്ചയ്ക്കുള്ള എൻജിൻ എന്ന നിലയിലും അടിസ്ഥാന സൗകര്യ വികസന മേഖല സുപ്രധാനമാണ്. ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങൾ ലഘൂകരിച്ചും വിവിധ അംഗീകാരങ്ങൾ ലഭ്യമാക്കാനായി മന്ത്രാലയങ്ങൾ ധാരണയോടെ പ്രവർത്തിച്ചുമൊക്കെ പദ്ധതികളുടെ ചെലവ് നിയന്ത്രിക്കാനാവുമെന്നും ഗഢ്കരി വിശദീകരിച്ചു.