ദേശീയപാതകളിലെ ടോൾ പിരിവ് ഒഴിവാക്കാനാവില്ലെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി; മികച്ച സേവനം ലഭിക്കാൻ ന്യായമായ വില നൽകേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന ആവശ്യത്തോടെ തത്വത്തിൽ യോജിപ്പാണെന്നും ഗഢ്കരി വ്യക്തമാക്കി. എങ്കിലും ഈ ഘട്ടത്തിൽ ടോൾ ഒഴിവാക്കുകയെന്ന ആവശ്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മികച്ച നിലവാരമുള്ള റോഡുകൾ വാഹന യാത്രികർക്ക് ഇന്ധന, സമയ ലാഭം ഉറപ്പാക്കുന്ന സാഹചര്യത്തിൽ ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്. പോരെങ്കിൽ ഗുണനിലവാരമുള്ള റോഡുകളിലെ യാത്ര കൂടുതൽ സുരക്ഷിതവുമാണ്. ഈ പശ്ചാതലത്തിൽ മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുംബൈയിൽ നിന്നു പുണെ വരെയുള്ള യാത്രയ്ക്ക് ഒൻപതു മണിക്കൂർ വരെ എടുത്തിരുന്ന കാലമുണ്ട്; അന്നൊക്കെ മുംബൈ — പുണെ ദേശീയപാതയിൽ ഗതാഗതക്കുരുക്കും പതിവു സംഭവമായിരുന്നു. എന്നാൽ റോഡുകൾക്കു നിലവാരം കൈവന്നതോടെ ഇന്ന് ഇതേ ദൂരം രണ്ടു മണിക്കൂറിൽ പിന്നിടാനാവുമെന്നും ഗഢ്കരി ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ തന്നെ നിലവിലുണ്ടെങ്കിലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നു. എന്നാൽ ടോൾ പിരിവ് ഒഴിവാക്കുമെന്ന് ഈ ഘട്ടത്തിൽ വാഗ്ദാനം ചെയ്യാനാവില്ലെന്നും ഗഢ്കരി വ്യക്തമാക്കി. അടുത്ത അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ ഏഴു ലക്ഷം കോടിയോളം രൂപ ചെലവിൽ 83,677 കിലോമീറ്റർ പുതിയ ദേശീയപാത നിർമിക്കാനാണു ദേശീയ പാത അതോറിട്ടി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി സ്വദേശത്തും വിദേശത്തും നിന്ന് മൂലധനം സമാഹരിക്കാനായി എൻ എച്ച് എ ഐ പ്രത്യേക സെല്ലും ആരംഭിച്ചിട്ടുണ്ട്.