Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെതനോൾ ഇന്ധനമാക്കണമെന്നു ഗഢ്കരി

Nitin Gadkari

പരിസ്ഥിതിയെ സംരക്ഷിക്കാൻ മലിനീകരണ വിമുക്തമായ മെതനോൾ ഇന്ധനമാക്കുന്നതിൽ ഇന്ത്യ സ്വീഡനെ മാതൃകയാക്കണമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി. ലീറ്ററിനു വെറും 22 രൂപ വിലയ്ക്കു മെതനോൾ ലഭ്യമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡീസലിൽ നിന്നു മെതനോളിലേക്കുള്ള മാറ്റത്തെ സ്വീഡൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഗോവയിൽ ഫോറം ഫോർ ഇന്റഗ്രേറ്റഡ് നാഷനൽ സെക്യൂരിറ്റി സംഘടിപ്പിച്ച ‘സാഗർ ഡിസ്കോഴ്സ് 2017’ പരിപാടിയിൽ അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യൻ കപ്പലുകൾക്കായി ജൈവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾ നിർമിക്കാൻ ഈ മേഖലയിലെ പ്രമുഖരായ വാർട്സിലയും കമ്മിൻസുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്നും ഗഢ്കരി അറിയിച്ചു. 

ഗതാഗതത്തിരക്കു മൂലം കരയും കടലും മലിനമാവുകയാണ്. പുതുതായി ഒറ്റവരിപ്പാത നിർമിക്കാൻ 80,000 കോടി രൂപയാണു ചെലവ്; ഇതോടെ വാഹനങ്ങളുടെ എണ്ണത്തിൽ 22% വർധനയും രേഖപ്പെടുത്തും. അതുകൊണ്ടുതന്നെ റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിനു പകരം പൊതു, ജല ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനാണു സർക്കാരിന്റെ ശ്രമമെന്നു ഗഢ്കരി വിശദീകരിച്ചു.  

ഗംഗ, ബ്രഹ്മപുത്ര നദികളിലെയും തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെയും ജലഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിവിധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൂന്നു മീറ്റർ ആഴമുള്ള 40 നദീതീര തുറമുഖങ്ങളാണു വികസിപ്പിക്കുന്നത്. ഒപ്പം വ്യോമഗതാഗത നിയന്ത്രണത്തിന് എയർ ട്രാഫിക് കൺട്രോൾ പോലെ റിവർ ട്രാഫിക് കൺട്രോളിനു രൂപം നൽകും. തുറമുഖങ്ങളെ ബന്ധിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 5,000 — 6,000 കോടി ഡോളർ(3.23 മുതൽ 3.88

ലക്ഷം കോടി രൂപ വരെ) മുടക്കുമെന്നും ഗഢ്കരി വെളിപ്പെടുത്തി. ഇതുവഴി വ്യവസായ മേഖലയിൽ 11,000 കോടി ഡോളറി(7.11 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപ സാധ്യതയും തൊഴിലവസരങ്ങളുമാണു സർക്കാർ പ്രതീക്ഷിക്കുന്നത്.