ദേശീയപാതകളിലെ ടോൾ ഒഴിവാകുമെന്ന പ്രതീക്ഷ വേണ്ടെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി. മികച്ച സേവനം ലഭിക്കണമെങ്കിൽ ജനം പണം മുടക്കാൻ തയാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് നിർമാണത്തിന് ‘ബിൽഡ് — ഓപ്പറേറ്റ് — ട്രാൻസ്ഫർ’(ബി ഒ ടി) വ്യവസ്ഥയിൽ ധനസമാഹരണം നടത്തുന്ന കാലത്തോളം ടോൾ പിരിവ് ഒഴിവാകില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
എതിർപ്പുകളും അനിഷ്ടവുമൊക്കെയുണ്ടെങ്കിലും ടോൾ പിരിവ് തുടർന്നു പോകുക തന്നെ ചെയ്യും. വേഗത്തിലും ആയാസരഹിതമായും യാത്ര ചെയ്യണമെങ്കിൽ അതിനു വില നൽകേണ്ടി വരുമെന്നും ഗഢ്കരി അഭിപ്രായപ്പെട്ടു. ദേശീയപാതകളിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നു രാജ്യവ്യാപകമായി തന്നെ ആവശ്യം ഉയരുന്ന സാഹചര്യത്തിലാണു ഗഢ്കരി ഈ വിഷയത്തിൽ മനസ്സു തുറന്നത്. വിവിധ സർക്കാർ ഇതര സംഘടനകൾക്കു പുറമെ രാജ് താക്കറെ നേതൃത്വം നൽകുന്ന മഹാരാഷ്ട്ര നവനിർമാൺ സേന(എം എൻ എസ്) പോലുള്ള പ്രതിപക്ഷ കക്ഷികളും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്.
അതേസമയം റോഡ് അപകടങ്ങളും അപകട മരങ്ങളും ഉയരുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ദേശീയപതാകളിലെ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികൾ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്നും ഗഢ്കരി അവകാശപ്പെട്ടു. കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ 4.60 ലക്ഷത്തോളം റോഡ് അപകടങ്ങളിലായി 1.46 ലക്ഷ പേരാണു കൊല്ലപ്പെട്ടതെന്നും ഗഢ്കരി വെളിപ്പെടുത്തി.