രാജ്യത്തെ പൊതുഗതാഗത സംവിധാനം പൊളിച്ചെഴുതണമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി. ഇതിനായി മികച്ച നയം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീർഘകാലാടിസ്ഥാനത്തിൽ പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം അനിവാര്യമാണെന്നും ഗഢ്കരി വ്യക്തമാക്കി. പൊതുഗതാഗത സംവിധാനം പൊളിച്ചെഴുതുകയല്ലാതെ മറ്റു മാർഗമില്ലെന്നും രാജ്യത്തെ പൊതുഗതാഗത സംവിധാനം പരിഷ്കരിക്കുന്നതു സംബന്ധിച്ച് ട്രാൻസ്പോർട് ഫോർ ലണ്ടനു(ടി എഫ് എൽ)മായി കരാർ ഒപ്പു വയ്ക്കുന്ന ചടങ്ങിൽ അദ്ദേഹം വെളിപ്പെടുത്തി.
ബാറ്ററിയിയിലും മലിനീകരണ സാധ്യത കുറഞ്ഞ എതനോൾ, മെതനോൾ തുടങ്ങിയ ബദൽ ഇന്ധനങ്ങളിലും ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാവണം പുതിയ നയമെന്നു മന്ത്രി നിർദേശിച്ചു. പരിസര മലിനീകരണം രാജ്യം നേരിടുന്ന ഗുരുതര പ്രശ്നമാവുകയാണ്; അതുകൊണ്ടുതന്നെ ഈ വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കും. ഒപ്പം വൻതോതിലുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും ശ്രമം നടത്തുമെന്നു ഗഢ്കരി വ്യക്തമാക്കി.
ടി എഫ് എല്ലുമായി ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനം പരിഷ്കരിക്കാൻ ആഗ്രഹിക്കുന്ന സംവിധാനങ്ങളെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സഹായിക്കുമെന്നും ഗഢ്കരി അറിയിച്ചു. ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനം പരിഷ്കരിക്കണമെങ്കിൽ വിവിധ ലോക രാജ്യങ്ങളിൽ മികച്ച രീതികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ബ്രിട്ടനിൽ ഗ്രേറ്റർ ലണ്ടൻ ഗതാഗത സംവിധാനത്തിനു മേൽനോട്ടം വഹിക്കുന്ന ഏജൻസിയാണ് ടി എഫ് എൽ. പൊതു — സ്വകാര്യ പങ്കാളിത്ത(പി പി പി) മാതൃകയിൽ 17 ഓപ്പറേറ്റർമാരെ ഒറ്റ ബ്രാൻഡിൽ അണിനിരത്തിയാണ് ടി എഫ് എൽ ലണ്ടനിലെ ബസ് സർവീസ് നിർവഹിക്കുന്നത്. കുറഞ്ഞ സ്ഥലസൗകര്യം ഉപയോഗിച്ചു കൂടുതൽ പേർക്കു യാത്രാസൗകര്യം ഒരുക്കുന്ന ഡബ്ൾ ഡക്കർ ബസ്സുകളാണു ലണ്ടൻ പൊതുഗതാഗത സംവിധാനത്തിലെ പ്രധാന സവിശേഷത. ഇതോടൊപ്പം വൈദ്യുത, സങ്കര ഇന്ധന ബസ്സുകളും ടി എഫ് എൽ ഉപയോഗിക്കുന്നുണ്ട്. ലണ്ടനിലെ ഗതാഗത സംവിധാനങ്ങളിൽ പൊതുവായി ഉപയോഗിക്കാവുന്ന കോമൺ മൊബിലിറ്റി കാർഡാണ് ടി എഫ് എല്ലിന്റെ മറ്റൊരു ആവിഷ്കാരം.