ഡച്ച് കമ്പനിയായ പി എ എൽ — വിയുടെ ‘പറക്കും കാർ’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുന്നു. മൂന്നു ചക്രമുള്ളതും നിരത്തിലും ആകാശത്തും സഞ്ചരിക്കാൻ കഴിയുന്നതുമായ ‘പി എ എൽ — വി വൺ’ രണ്ടോ മൂന്നോ വർഷത്തിനകം ഇന്ത്യയിൽ ലഭ്യമാവുമെന്നാണു നിർമാതാക്കളായ പഴ്സനൽ ലാൻഡ് ആൻഡ് എയർ വെഹിക്കിൾ(പി എ എൽ — വി) യൂറോപ്പ് എൻ വിയുടെ വാഗ്ദാനം. നിലവിൽ വിൽപ്പനയ്ക്കുള്ള പരിമിതകാല പതിപ്പിൽ നിന്ന് ‘പി എ എൽ — വി വൺ’ ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുമൊക്കെ ‘പറക്കും കാറി’ൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പി എ എൽ — വി യൂറോപ്പ് എൻ വിയുടെ അവകാശവാദം. വിനോദസഞ്ചാരികളുടെ യാത്രയ്ക്കായി ‘പറക്കും കാർ’ ഉപയോഗിക്കാനുള്ള സാധ്യതയാണു മുംബൈയിലെ സഹാറ ഗ്രൂപ് തേടുന്നതെന്നു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റോബർട്ട് ഡിംഗെമൻസെ അറിയിച്ചു. റോഡിലൂടെ ഓടാനും ആകാശത്തു പറക്കാനും ഒരേ പോലെ കഴിയുന്ന വാഹനം യാഥാർഥ്യമാവുന്നത് അനന്ത സാധ്യതകളാണു തുറന്നു നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം നിരത്തിൽ ഓടുകയും പറക്കുകയും ചെയ്യുന്ന പഴ്സനൽ ലാൻഡ് ആൻഡ് എയർ വെഹിക്കിളിനു കമ്പനി ഇന്ത്യയിൽ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്. ഓട്ടോ ജൈറോ അഥവാ ജൈറോകോപ്ടർ വിഭാഗത്തിലാണു ‘പി എ എൽ — വി വൺ’ ഇടംപിടിക്കുന്നത്. യൂറോപ്പിനു പുറത്ത് 2018 — 19ലാവും ‘പി എ എൽ — വി വൺ’ വിൽപ്പന തുടങ്ങുകയെന്നു ഡിംഗെമൻസെ അറിയിച്ചു; 4.99 ലക്ഷം യൂറോ(ഏകദേശം 3.79 കോടി രൂപ)യാണു ‘പറക്കും കാറി’നു വില. രണ്ടു വർഷത്തിനകം യൂറോപ്പിലെ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. യൂറോപ്പിനു പുറമെ യു എസ് അടക്കമുള്ള പ്രമുഖ രാജ്യങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും ‘പി എ എൽ — വി വൺ’ നിർമാണം. സർട്ടിഫിക്കേഷനുശേഷമാവും ‘പി എ എൽ — വി വണ്ണി’ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പന ആരംഭിക്കുക. 2018ലോ 2019ലോ ആവും ഇന്ത്യയിലും ‘പി എ എൽ — വി വൺ’ ലഭ്യമാവുക; ഇതിനു മുന്നോടിയായുള്ള ബുക്കിങ്ങാണ് ഇപ്പോൾ സാധ്യമാവുകയെന്നു ഡിംഗെമൻസെ അറിയിച്ചു.
നെതർലൻഡ്സിൽ നിന്ന് ഇറക്കുമതിവഴിയാവും ‘പി എ എൽ — വി വൺ’ ഇന്ത്യയിൽ വിൽക്കുക. ആദ്യത്തെ നാലോ അഞ്ചോ വർഷത്തിനിടെ പരിമിതമായ ‘പറക്കും കാർ’ മാത്രമാവും ഇന്ത്യയ്ക്കായി നീക്കി വയ്ക്കാനാവുക എന്നും അദ്ദേഹം വ്യക്തമാക്കി. പരിമിതകാല പതിപ്പിൽ പരമാവധി അഞ്ചെണ്ണമാവും ഇന്ത്യയ്ക്ക് അനുവദിക്കുകയെന്നും ഡിംഗെമാൻസെ വിശദീകരിച്ചു.
‘പി എ എൽ — വി വൺ’ വിൽപ്പനയ്ക്കും വിൽപ്പനാന്തരസേവനത്തിനുമായി പ്രാദേശിക കമ്പനികളുമായി സഹകരിക്കാനും പി എ എൽ — വിക്കു പദ്ധതിയുണ്ട്. ആഗോളതലത്തിൽ പ്രതിവർഷം 90 ‘പറക്കും കാർ’ മാത്രമാവും തുടക്കത്തിൽ വിൽപ്പനയ്ക്കെത്തുക.