തെക്കൻ ബ്രസീലിലെ ക്യുരിറ്റിബയിലെ പ്ലാന്റിൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്യാപ്ചറും’ കോംപാക്ട് കാറായ ‘ക്വിഡും’ നിർമിക്കാൻ ഫ്രഞ്ച് കമ്പനിയായ റെനോ ഒരുങ്ങുന്നു. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യത്തിന്റെ ഫലമായി വിൽപ്പനയിൽ നേരിട്ട കനത്ത ഇടിവിനെ അതിജീവിച്ച് ബ്രസീലിയൻ വാഹന വിപണി സ്ഥിരത കൈവരിക്കുന്നതിന്റെ സൂചനകൾ പ്രകടിപ്പിക്കുന്നുണ്ടെന്നു റെനോ നിസ്സാൻ സഖ്യത്തിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കാർലോസ് ഘോസ്ൻ വെളിപ്പെടുത്തി.
ബ്രസീലിയൻ വിപണിക്കുള്ള പുതുമോഡലുകൾ അടുത്ത വർഷം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇതോടെ ബ്രസീലിലെ വിപണി വിഹിതം നിലവിലുള്ള 6.7 ശതമാനത്തിൽ നിന്നു വർധിപ്പിക്കാനാവുമെന്നും റെനോ കണക്കുകൂട്ടുന്നു. ആദ്യഘട്ടത്തിൽ വിപണി വിഹിതം എട്ടു ശതമാനത്തിലും ക്രമേണ 10 ശതമാനത്തോളമായും ഉയർത്താമെന്ന പ്രതീക്ഷയിലാണു ഘോസ്ൻ. വാഹന വ്യവസായ രംഗത്തു ബ്രസീലിന്റെ തിരിച്ചുവരവിൽ ഏറെ പ്രതീക്ഷയുണ്ടെന്നു ഘോസ്ൻ വ്യക്തമാക്കി. ബ്രസീലിലെ വാർഷിക വിൽപ്പന 20 ലക്ഷം യൂണിറ്റെന്ന തലത്തിൽ ഒതുങ്ങുമെന്ന് ആരും കരുതുന്നില്ലെന്നും നാട്ടുകാരൻ കൂടിയായ ഘോസ്ൻ അഭിപ്രായപ്പെട്ടു.
ബ്രസീൽ വിപണിയിൽ 2009ൽ നാലു ശതമാനത്തിലും താഴെയായിരുന്നു റെനോയുടെ വിഹിതം. തുടർന്ന് ഉൽപ്പാദനശേഷി വർധിപ്പിച്ചും ഫോഡിന്റെ ‘ഇകോ സ്പോർട്ടി’നെ നേരിടാൻ കോംപാക്ട് എസ് യു വിയായ ‘ഡസ്റ്റർ’ അവതരിപ്പിച്ചുമൊക്കെയാണു റെനോ ബ്രസീലിലെ നില മെച്ചപ്പെടുത്തിയത്. പക്ഷേ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും വ്യവസായ നയങ്ങൾ ഫലം കാണാതെ വരികയും ചെയ്തതോടെ 2012നു ശേഷം ബ്രസീലിലെ വാഹന വിൽപ്പന പാതിയോളമായി ഇടിഞ്ഞത് റെനോയ്ക്കും മറ്റും തിരിച്ചടിയായി. പക്ഷേ ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിന്ന് രാജ്യത്തെ വാഹന വിൽപ്പന കരകയറി വരുന്നതാണ് നിർമാതാക്കൾക്ക് ഇപ്പോൾ പ്രതീക്ഷ പകരുന്നത്. പ്രതിവർഷം 35 — 40 ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാനുള്ള ശേഷി ബ്രസീലിനുണ്ടെന്നാണു ഘോസ്ന്റെ വിലയിരുത്തൽ. ബ്രസീലിനു പുറമെ എമേർജിങ് വിപണികളായ ഇന്ത്യയും ആഫ്രിക്കയും മികച്ച വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.