പ്രമുഖ ട്രാക്ടർ നിർമാതാക്കളായ ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് (ടഫെ) മാസെ ഫെർഗ്യൂസൺ(എം എഫ്) ശ്രേണിയിൽ പുതിയ ‘സ്മാർട്’ ട്രാക്ടറുകൾ പുറത്തിറക്കുന്നു. 30 — 60 എച്ച് പി എൻജിനോടെ എത്തുന്ന ‘എം എഫ് സ്മാർട്’ ശ്രേണിയിൽ പുതിയ ട്രാൻസ്മിഷൻ സാധ്യതകളും ടഫെ ലഭ്യമാക്കുന്നുണ്ട്. 12 സ്പീഡ് റോട്ടോ ട്രാക്, 16 സ്പീഡ് സൂപ്പർ ഷട്ടിൽ, 16 സ്പീഡ് കംഫിമെഷ് എന്നിവയാണു പുതിയ ശ്രേണിയുടെ പ്രത്യേകതയായി ടഫെ അവതരിപ്പിക്കുന്നത്. ലോഡർ, ഡോസർ, ഹോളേജ്, ഹാർവസ്റ്റിങ് ആവശ്യങ്ങൾ മുൻനിർത്തി മേന്മയേറിയ എച്ച് എ വി ടി എം ഡ്യുവൽ ക്ലച്ചോടെയാണു പുതിയ ട്രാക്ടറുകളുടെ വരവെന്നും നിർമാതാക്കൾ അറിയിച്ചു.
മെച്ചപ്പെട്ട പ്രവർത്തനക്ഷമത ഉറപ്പാക്കാനും ഇന്ധനചെലവ് കുറയ്ക്കാനുമായി ഇ സ്മാർട് ഹൈഡ്രോളിക് എസ് ടി എമ്മും കൃത്യതയുള്ള ഇലക്ട്രോ ഹൈഡ്രോളിക്സുമായാണു പുതിയ ശ്രേണി എത്തുന്നതെന്നും ടഫെ അവകാശപ്പെട്ടു. ടു വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന പുതിയ സ്മാർട് ശ്രേണിയിൽ ജി ഫോർ — ഫോർ വീൽ ഡ്രൈവ്, ടി ഫൈവ് — ടു വീൽ ഡ്രൈവ് ആക്സിൽ ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ മാനുവൽ, പവർ സ്റ്റീയറിങ് സാധ്യതകളോടെയാണ പുതിയ ശ്രേണി എത്തുന്നത്. ഉയർന്ന ട്രാക്ഷനും സ്റ്റെബിലിറ്റിക്കുമായി വീൽ ബേസ് കൂടിയ ടണ്ണർ ആക്സിലോടെയാണ് ഈ ശ്രേണി ലഭിക്കുന്നതെന്നും ടഫെ അറിയിച്ചു.