എസ് യു വി, എംയുവി, ഹാച്ച്ബാക്ക് സെഡാൻ തുടങ്ങി വിവിധ ശ്രേണികളിലുള്ള വാഹനങ്ങളുടെ ധർമ്മങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. എസ് യു വി നിർമിക്കുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരിക്കില്ല എംയുവികൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ എംയുവികൾക്ക് ഒരിക്കലും എസ് യു വികളെപ്പോലെ പെരുമാറാൻ സാധിക്കില്ല.
Toyota Innova Crysta Get Stuck Driving Flight Stairs
ഇന്ന് ഇന്ത്യൻ വിപണിയിലെ പേരും പെരുമയുമുള്ള എംയുവിയാണ് ഇന്നോവ. യാത്രാ സുഖത്തിന് പേരു കേട്ട ഇന്നോവ പക്ഷെ ഓഫ് റോഡിങ്ങിന് തീരെ യോജിക്കില്ല. അതിനു ചേർന്ന തരത്തിലല്ല കമ്പനി ഇന്നോവയെ നിർമിച്ചിരിക്കുന്നത്. എന്നാൽ ഇന്നോവ യാത്രക്കാരന് പണികിട്ടുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മിഡിയകളിൽ വൈറൽ.
കേരള റജിസ്ട്രേഷനുള്ള ഇന്നോവ ക്രിസ്റ്റെയെയാണ് സ്റ്റെപ്പിറക്കാൻ ശ്രമിച്ചത്. എന്നാൽ സ്റ്റപ്പ് അവസാനിക്കുന്നിടത്ത് ബംബർ ഇടിച്ച് നിന്നു. വാഹനത്തിന്റെ ഡ്രൈവർക്ക് അബദ്ധം പറ്റിയാണ് സ്റ്റെപ്പിറക്കാൻ ശ്രമിച്ചതെന്ന് വിഡിയോയിൽ പറയുന്നത് കേൾക്കാം. ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപ്പനയുള്ള എംയുവിയാണ് ഇന്നോവ ക്രിസ്റ്റ. 2004 ൽ വിപണിയിലെത്തിയ ഇന്നോവയുടെ ഏറ്റവും പുതിയ മോഡലാണ് ക്രിസ്റ്റ. കഴിഞ്ഞ വർഷമാണ് കമ്പനി ക്രിസ്റ്റയെ പുറത്തിറക്കിയത്. 2.7 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിൻ കൂടാതെ 2.8 ലീറ്റർ ഡീസൽ, 2.4 ലീറ്റർ ഡീസൽ എന്നീ വകഭേദങ്ങൾ ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്.