ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ടൊയോട്ടയുടെ സി സെഗ്‌മെന്റ് സെഡാൻ വിയോസിന്റെ പുതിയ പതിപ്പ് തായ്‌ലാൻഡിൽ. ടൊയോട്ടയുടെ പുതിയ ഡിസൈൻ ഫിലോസഫിയിലാണ് വിയോസ് 2017 നെ ഒരുക്കിയിരിക്കുന്നത്. ക്രാംറിയെ അനുസ്മരിപ്പിക്കുന്ന പുതിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കാറിനുണ്ട്. ഉള്ളിൽ പുതിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, പുതിയ സീറ്റുകൾ എന്നിവ നൽകിയിരിക്കുന്നു. 108 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദങ്ങൾ മാത്രമേ തായ്‌ലാൻഡിൽ വിയോസിനുള്ളു.
സി സെഗ്‌മെന്റ് സെഡാനുകളോടോ മത്സരിക്കാൻ ഈ വർഷം അവസാനത്തോടെ വിയോസ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്തിയോസ് സെഡാന്റെയും കൊറോള ആൾട്ടിസിന്റേയും ഇടയ്ക്കെത്തുന്ന സെഡാൻ, ഹോണ്ട സിറ്റി, ഹ്യൂണ്ടേയ് വെർണ, മാരുതി സിയാസ്, ഫോക്സ്‌വാഗൻ വെന്റോ തുടങ്ങിയ കാറുകളുമായിട്ടാകും പ്രധാനമായും മത്സരിക്കുക. നിലവിൽ ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന കാർ പുറത്തിറങ്ങുന്ന തിയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2017-2018 സാമ്പത്തിക വർഷം പുറത്തിറങ്ങുമെന്നാണ് സൂചന. 1.6 ലീറ്റർ ശേഷിയുള്ള പെട്രോൾ, ഡീസൽ മോഡലുകളുമായിട്ടാകും വിയോസ് പുറത്തിറങ്ങുക. മികച്ച സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന വാഹനം ടൊയോട്ടയുടെ തന്നെ ഏറ്റവുമധികം വിൽപ്പനയുള്ള കാറായി മാറിയേക്കും.
ബജറ്റ് ബ്രാൻഡായ ഡയ്ഹാറ്റ്സുവിന്റെ കീഴിൽ ഇന്ത്യ അടക്കമുള്ള എമർജിങ് വിപണിക്കായി പുതിയൊരു ബ്രാൻഡിന് തുടക്കം കുറിക്കാനും ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യൻ വിപണിയിലെ വിൽപ്പന സാധ്യതയേറിയ വിഭാഗത്തിൽ ടൊയോട്ടയ്ക്ക് നേട്ടമുണ്ടാക്കാനാവാതെ പോയതിനാലാണ് പുതിയ ബ്രാൻഡ് പരീക്ഷിക്കാൻ കമ്പനി ഒരുങ്ങുന്നത്. മാരുതി ഹ്യുണ്ടേയ് പോലുള്ള ചെറുകാർ നിർമാതാക്കൾക്ക് ഭീഷണി സൃഷ്ടിക്കാൻ പോന്ന ചെറു കാറുകൾ പുറത്തിറക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.