പോൾസ്റ്റാറിനെ വോൾവോ കാഴ്സ് ഏറ്റെടുത്തു

പ്രകടനക്ഷമതയേറിയ വകഭേദങ്ങൾ യാഥാർഥ്യമാക്കുന്നതിൽ വൈദഗ്ധ്യമുള്ള സ്വീഡിഷ് കമ്പനിയായ പോൾസ്റ്റാറിനെ വോൾവോ ഏറ്റെടുത്തു. ഭാവിയിൽ സ്വീഡിഷ് നിർമാതാക്കളായ വോൾവോ അവതരിപ്പിക്കുന്ന പ്രകടനക്ഷമതയേറിയ മോഡലുകൾ പോൾസ്റ്റാർ ബ്രാൻഡിലാവും വിൽപ്പനയ്ക്കെത്തുക. നിലവിൽ ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യു പ്രകടനക്ഷമതയേറിയ വാഹനങ്ങൾക്ക് എം എന്ന ബാഡ്ജ് ഉപയോഗിക്കുന്നുണ്ട്. എതിരാളികളായ മെഴ്സീഡിസ് ബെൻസിന്റെ പ്രകടനക്ഷമതയേറിയ വകഭേദങ്ങളാവട്ടെ എം എം ജി ബ്രാൻഡിലാണു വിൽപ്പനയ്ക്കെത്തുന്നത്.

വോൾവോ പോൾസ്റ്റാർ ബ്രാൻഡിലുള്ള വാഹനം ഓടിക്കുന്നത് സവിശേഷ അനുഭവമാകുമെന്ന് വോൾവോ കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഹാകൻ സാമുവൽസൺ അഭിപ്രായപ്പെട്ടു. പ്രകടനക്ഷമതയേറിയ കാറുകൾ പോൾസ്റ്റാർ ബ്രാൻഡിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു കമ്പനിയെ വോൾവോ പൂർണമായും ഏറ്റെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

മോട്ടോർ സ്പോർട്സ് രംഗത്ത് 1996 മുതലാണു വോൾവോയും പോൾസ്റ്റാറും സഹകരണം ആരംഭിച്ചത്. കരുത്തുറ്റതും പരിസ്ഥിതി സൗഹൃദവുമായ സങ്കര ഇന്ധന എൻജിനുകൾ വികസിപ്പിക്കുന്നതിലാണു വോൾവോയുടെ വൈദഗ്ധ്യം. ഈ ട്വിൻ എൻജിൻ ഇലക്ട്രിഫിക്കേഷൻ സാങ്കേതികവിദ്യ പോൾസ്റ്റാറുമായി പങ്കിട്ട് ഭാവിയിൽ പ്രകടനക്ഷമതയേറിയ കാറുകൾ യാഥാർഥ്യമാക്കാനാണു വോൾവോയുടെ പദ്ധതി. തുടക്കത്തിൽ ‘വി 60’, ‘എസ് 60’ കാറുകളുടെ പോൾസ്റ്റാർ വകഭേദങ്ങൾ 750 യൂണിറ്റ് വിൽക്കാനാണു വോൾവോയുടെ പദ്ധതി. പോൾസ്റ്റാറിന്റെ ഉടമസ്ഥാവകാശം പൂർണമായും കൈവരുന്നതോടെ ഇത്തരം കാറുകളുടെ വിൽപ്പന 1,000 — 1,500 യൂണിറ്റിലെത്തിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. കൂടാതെ പോൾസ്റ്റാറിന്റെ പെർഫോമൻസ് ഓപ്റ്റിമൈസേഷൻ കിറ്റുകളുടെ വിൽപ്പന വഴിയും ലാഭം നേടാനാവുമെന്നു വോൾവോ കരുതുന്നു.

ഏറ്റെടുക്കലിന്റെ സാമ്പത്തികവശത്തെക്കുറിച്ചു സൂചനയൊന്നുമില്ലെങ്കിലും പോൾസ്റ്റാർ ജീവനക്കാരെല്ലാം വോൾവോയിൽ തുടരുമെന്നു വ്യക്തമായിട്ടുണ്ട്. പോൾസ്റ്റാറിന്റെ റേസിങ് ടീമിന്റെ പേരു മാറും; പക്ഷേ മുൻഉടമയായ ക്രിസ്റ്റ്യൻ ഡാൽ തന്നെയാവും അമരക്കാരൻ. വോൾവോയുമായുള്ള സഹകരണത്തിന്റെ പുരോഗതിയിൽ സന്തുഷ്ടി രേഖപ്പെടുത്തിയ ഡാൽ, പോൾസ്റ്റാറിന്റെ പ്രധാന വിലാസം റേസിങ് ടീമെന്ന നിലയിൽ തന്നെ തുടരുമെന്നും വെളിപ്പെടുത്തി. വോൾവോ കാറുകൾ വികസിപ്പിക്കാനും മത്സരിക്കാനുമുള്ള അപൂർവ അവസരമാണു ടീമിനെ തേടിയെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.