ഇന്ത്യൻ വിപണിയിൽ പ്രീമിയം വിഭാഗത്തിൽപെട്ട ഹെവി ഡ്യൂട്ടി വാണിജ്യ വാഹന വിൽപ്പനയിൽ സ്വീഡിഷ് നിർമാതാക്കളായ വോൾവോയ്ക്ക് തകർപ്പൻ നേട്ടം. പുതു മോഡലായ ‘എഫ് എം എക്സ് 440 എട്ട് ബൈ നാല് ഐ ഷിഫ്റ്റ്’ മഹാലക്ഷ്മി ഇൻഫ്ര കോൺട്രാക്ട്സിന് കൈമാറിയതോടെയാണ് വോൾവോയുടെ ഇന്ത്യയിലെ പ്രീമിയം ഹെവി ഡ്യൂട്ടി ട്രക്ക് വിൽപ്പന 10,000 യൂണിറ്റിലെത്തിയത്.
യൂറോപ്യൻ ട്രക്ക് നിർമാതാക്കളിൽ പ്രീമിയം ഹെവി ഡ്യൂട്ടി വിഭാഗത്തിൽ 10,000 യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ആദ്യ ബ്രാൻഡാണു വോൾവോ. നിരന്തര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് 1998ൽ ഇന്ത്യയിലെത്തിയ കമ്പനിക്ക് ഈ നേട്ടം സമ്മാനിച്ചതെന്ന് വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ് സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ്, മാർക്കറ്റിങ് ആൻഡ് ആഫ്റ്റർ മാർക്കറ്റ്) എ എസ് രാമറാവു അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഖനന മേഖലകളിലെ പ്രതികൂല സാഹചര്യങ്ങളിൽ കമ്പനിയുടെ ട്രക്ക് എൻജിനുകൾ 45,000 മണിക്കൂറിന്റെ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും റാവു വിശദീകരിച്ചു. രാജ്യത്തെ മൊത്തം കൽക്കരി ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നും വോൾവോ ട്രക്കുകളാണു കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മോഡൽഭേദമില്ലാതെ ഉപയോക്താക്കൾക്കു മികച്ച പ്രകടനക്ഷമതയും ഉൽപ്പാദനക്ഷമതയും ലാഭക്ഷമതയുമാണു കമ്പനി ഉറപ്പു നൽകുന്നതെന്നു വോൾവോ ഗ്രൂപ് സെയിൽസ് ഇന്ത്യ പ്രസിഡന്റ് പിയറി ജീൻ വെർജ് സലമോൻ അഭിപ്രായപ്പെട്ടു. ആദ്യത്തെ പ്രകടനക്ഷമതയേറിയ യൂറോപ്യൻ ട്രാക്ടർ ട്രെയ്ലർ മുതൽ ഇപ്പോൾ പുറത്തെത്തിയ സാങ്കേതികത്തികവുള്ള ട്രക്ക് ശ്രേണി വരെ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു വോൾവോ തയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.