നാലുചുമരിനകത്ത് അടുക്കളച്ചൂടിൽ എരിഞ്ഞുതീരാനുള്ളതല്ല വീട്ടമ്മമാരുടെ പെണ്മയെന്നു പ്രഖ്യാപിച്ച് നാടുചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് നാലു സാധാരണ പെണ്ണുങ്ങൾ. വീടും കുടുക്കയും കുട്ടികളും ചോറും കറിയുമായി തിരക്കിലമരുമ്പോഴും യാത്ര അവരുടെ നെഞ്ചിൽ സ്വപ്നക്കൂട് കൂട്ടിയിരുന്നു. മുൻപരിചയമേതുമില്ലാത്ത ഇവരെ ഒന്നിപ്പിക്കുന്ന ഏക കണ്ണി യാത്ര എന്ന ഹരമാണ്. നാടുചുറ്റൽ എന്നു കേൾക്കുമ്പോൾ ചെറിയ ഇട്ടാവട്ടത്തിന്റെ ചിത്രമാകും മനസ്സിൽ. ഈ മിടുക്കികൾ ചുറ്റാനിറങ്ങിയിരിക്കുന്നതു കേട്ടാൽ ഞെട്ടിപ്പോകും. എവിടേക്കാണെന്നല്ലേ? 70 ദിവസം കൊണ്ട് 24 രാജ്യങ്ങളിലൂടെയാണ് ഇവരുടെ സ്വപ്നസഞ്ചാരം ! വെറുതെയുള്ള കറക്കമല്ല, ചില വലിയ ഉദ്ദേശ്യങ്ങളുമുണ്ട്.
വിസ്മയമായി വീട്ടമ്മമാർ
പെണ്ണൊരുമ്പെട്ടാൽ എന്നത് തേഞ്ഞുപോയ ചൊല്ലാണെങ്കിലും ഇവരുടെ കാര്യത്തിൽ അച്ചട്ടാണ്. ഒരുമ്പെട്ടു തന്നെ ഇറങ്ങിയതാണ്. യാത്ര ചെയ്യാൻ കൊതിയുള്ളവരെയെല്ലാം അമ്പരിപ്പിക്കുന്ന, മോഹിപ്പിക്കുന്നൊരു യാത്ര. കോയമ്പത്തൂരിൽനിന്നു റോഡുമാർഗം ലണ്ടനിലേക്ക്. വഴി തിരക്കുന്നതും വണ്ടിയോടിക്കുന്നതും യാത്രാരേഖകൾ ശരിയാക്കുന്നതും ഈ സ്ത്രീകൾ തന്നെ. കോയമ്പത്തൂരിൽനിന്നു മീനാക്ഷി അരവിന്ദ് (45), പൊള്ളാച്ചിയിൽനിന്നു മൂകാംബിക രത്തിനം (38), മുംബൈയിൽനിന്നു പ്രിയ രാജ്‍പാൽ (55), ചെന്നൈയിൽനിന്നു വി. രുക്മിണി എന്നീ സ്ത്രീരത്നങ്ങളാണ് സ്വപ്നത്തിനു ചിറകേകിയത്. ഇന്ത്യ സ്വതന്ത്രയായതിന്റെ എഴുപതാം വർഷത്തിൽ ലോകമെമ്പാടും സാക്ഷരതായജ്ഞവുമായാണ് ഇവർ സ്വപ്നസഞ്ചാരത്തിനു ടേക്ക് ഓഫ് ചെയ്തത്.
ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും ജീവിതത്തിന്റെ പുതുവഴികളിൽ പതറാതെ നീങ്ങുന്നവർ. അതിനാൽ യാത്രയ്ക്ക് XPD2470 (എക്സ്പഡീഷൻ 24x70) എന്നൊരു രസികൻ പേരുമിട്ടു. യാത്രയെക്കുറിച്ച് അറിഞ്ഞ റോട്ടറി ഇന്ത്യ സാക്ഷരതാ മിഷനാണ് സാക്ഷരതായജ്‍ഞം കൂടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതും സഹായങ്ങൾ ചെയ്തതും. യാത്രയെക്കുറിച്ചു പ്രഖ്യാപനം വന്നപ്പോൾ ആദ്യഘട്ടത്തിൽ 30 പേരാണ് തയാറായി വന്നത്. എന്നാൽ ഭീമമായ ചെലവും റിസ്കും അറിഞ്ഞപ്പോൾ പലരും പിന്മാറിയെന്ന് ദൗത്യത്തിനു മുൻകൈയെടുത്ത മീനാക്ഷി പറഞ്ഞു. പരസ്യം– മാർക്കറ്റിങ് പ്രഫഷനലായ പ്രിയയ്ക്ക് 22കാരനായ മകനുണ്ട്. ഇതാണ് യാത്രയ്ക്കുള്ള സമയമെന്ന് പ്രിയ പ്രതികരിച്ചു. മകനു കുടുംബമൊക്കെ ആയതിനാൽ, പ്രാരബ്ധങ്ങളില്ലാത്ത ഈ സമയം സ്വന്തമായി വിനിയോഗിക്കാൻ തീരുമാനിച്ചെന്നാണ് രുക്മിണിയുടെ പക്ഷം.
ചോദിച്ചു ചോദിച്ചു പോവാം
മാർച്ച് 26ന് കോയമ്പത്തൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ, അസം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മണിപ്പൂരിൽനിന്ന് ഇന്ത്യയുടെ അതിർത്തി കടക്കും. മ്യാൻമർ, ചൈന, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, കസാഖിസ്ഥാൻ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ പര്യടനം. തുടർന്ന് യൂറോപ്പിലേക്ക്. റഷ്യ, ബെലാറസ്, പോളണ്ട്, സ്ളോവേക്യ, ഹംഗറി, റൊമാനിയ, ബൾഗേറിയ, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ളിക്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ് തുടങ്ങിയ രാഷ്ട്രങ്ങൾ ചുറ്റിക്കറങ്ങി ബ്രിട്ടനിലേക്കു വണ്ടി വിടും. 24000 കിലോമീറ്റർ പിന്നിട്ട് ജൂൺ രണ്ടിന് ലണ്ടനിലാണു സമാപനം. സ്വപ്നതീരങ്ങളിൽ അവരവിടെ ആടിപ്പാടും.
യാത്രാച്ചെലവ് 60 ലക്ഷം
2016 ഡിസംബറിലാണ് ഇവർ ആദ്യമായി യാത്രാസ്വപ്നം പുറത്തുപറഞ്ഞ് വാർത്തകളിൽ നിറഞ്ഞത്. ഇത്രയും വലിയ യാത്ര ഒറ്റയ്ക്കു വിചാരിച്ചാൽ നടക്കില്ലെന്നു കണ്ടായിരുന്നു പ്രഖ്യാപനം. പക്ഷേ കാര്യമായ പ്രതികരണം ആരിൽ നിന്നുമുണ്ടായില്ല. കുറേപ്പേരോടു സഹായം തേടി. സോഷ്യൽമീഡിയയിലും പോസ്റ്റുകളിട്ടു. അങ്ങനെ ആറുമാസം കഴിഞ്ഞപ്പോൾ ഒരു പച്ചക്കൊടി കണ്ടു. സ്ത്രീകളുടെ സ്വപ്നസഞ്ചാരം സ്പോൺസർ ചെയ്യാമെന്ന് ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. 40 ലക്ഷത്തോളം രൂപ സ്പോൺസർഷിപ്പിലൂടെ ലഭിച്ചു. പുതിയ മോഡൽ ഹെക്സ കാറും ടാറ്റ വിട്ടുകൊടുത്തു.
ഡ്രൈവിങ് ഉൾപ്പെടെ പരിശീലനവും നൽകി. പിന്നാലെ റോട്ടറി ടെക്സ് സിറ്റി, ആകൃതി എന്നിവരും മറ്റു ചിലരും കൂടി 20 ലക്ഷം സമാഹരിച്ചു നൽകി. ഇങ്ങനെയൊരു സാഹസികയാത്ര പോകുമ്പോൾ ഗിന്നസ് റെക്കോഡു കൂടി നോക്കിക്കൂടെയെന്നു ചിലർ ചോദിച്ചു. അതിനിനിയും 10 ലക്ഷം കൂടി വേണമെന്നതിനാൽ ആ പദ്ധതി ഉപേക്ഷിച്ചെന്ന് ടീം ലീഡറായ മീനാക്ഷി പറഞ്ഞു. യാത്രികരുടെ താമസവും ഭക്ഷണവും, വാഹനത്തിനുള്ള ഇന്ധനം, അറ്റകുറ്റപ്പണി, ടോളുകൾ, രാജ്യാന്തര ഡ്രൈവർ പെർമിറ്റ്, 11 വീസകൾ, ലണ്ടനിൽ നിന്നു തിരിച്ചു കോയമ്പത്തൂരിലേക്കുള്ള വിമാനടിക്കറ്റ്, കാർ കോയമ്പത്തൂരിലേക്കു തിരിച്ചെത്തിക്കാനുള്ള കപ്പൽക്കൂലി എന്നിങ്ങനെ വേറെയും ചെലവുകളുണ്ട്. കപ്പൽക്കൂലി മാത്രം 5.5 ലക്ഷം രൂപ വരും.
കുടുംബത്തിന്റെ കട്ട സപ്പോർട്ട്
സങ്കീർണമായ യാത്രാസ്വപ്നത്തെ പറ്റി പറഞ്ഞപ്പോൾ വീട്ടുകാർ പിന്തുണയുമായി കൂടെ നിന്നെന്നു മൂവരും പറഞ്ഞു. വെല്ലുവിളി ഏറ്റെടുത്ത് യാത്രയ്ക്കായി പലതും സ്വരുക്കൂട്ടുമ്പോൾ താങ്ങായും തണലായും വീട്ടുകാർ ഒപ്പംനിന്നു. അച്ചാറുൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ പൊതിഞ്ഞുനൽകി. സസ്യാഹാരിയായ മീനാക്ഷിക്കായി വാഹനത്തിൽ സ്റ്റൗ ഉൾപ്പെടെയുള്ള സാമഗ്രികളുണ്ടെന്ന് മൂകാംബിക പറഞ്ഞു. പോകുന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് അറിവ് പകരുകയെന്ന ദൗത്യവും സംഘം നിർവഹിക്കും. xpd2470 എന്ന ഫേസ്ബുക്ക് പേജിൽ സുഹൃത്തുക്കൾക്കും മറ്റുമായി യാത്രാവിവരങ്ങൾ അപ്ഡേറ്റ് ചെയ്യും.
ടാറ്റ ഹെക്സ
നാലു സ്ത്രീകളുടെ ഈ ചരിത്രയാത്രയ്ക്ക് ഫുൾ സപ്പോർട്ടുമായണ് ടാറ്റ മോട്ടോഴ്സ് എത്തിയത്. അതിനായി കമ്പനി അടുത്തിടെ പുറത്തിറക്കിയ പ്രീമിയം എസ് യു വിയായ ഹെക്സയുടെ ഓട്ടമാറ്റിക്ക് വകഭേദം ഇവർക്കായി നൽകി. 156 പിഎസ് കരുത്തും 400 എൻഎം ടോർക്കുമുള്ള ഈ ക്രോസ് ഓവർ എത്ര പ്രതിസന്ധികളിലും തളരാതെ മുന്നോട്ടുപോകുമെന്നാണ് ഇവർ പറയുന്നത്. ഒടുവിലൊരു സംശയം ബാക്കിയായത് ചോദിച്ചു: ശകടം വഴിമുടക്കിയാൽ എന്തുചെയ്യും? ഈ ഹെക്സ കേടായാൽ തുണിയലക്കി വെളുപ്പിക്കുമ്പോലെ ഈസിയാണെന്ന് ശരിയാക്കാൻ എന്നാണ് ഇവരുടെയും കമന്റ്.