കാലപുരി ബൈപാസ്; ആയിരങ്ങൾ ചോര കൊണ്ടെഴുതിയ റോഡുകൾ

North Yungas Road, Bolivia

നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ.. ആരായാലും പാടിപ്പോകും ഈ കഠിനവീഥികളിലൂടെ ഒരു വട്ടമെങ്കിലും സഞ്ചരിച്ചാൽ. കാരണം അക്ഷരാർത്ഥത്തിൽ മരണത്തിന്റെ ഗന്ധമാണ്, ഈ വീഥികൾക്കും വരികൾക്കും. ശ്രദ്ധയൊന്നു പാളിയാൽ കൂടെയുള്ളവരെ ഉൾപ്പെടെ മരണത്തിലേക്ക് തള്ളിയിടുന്ന വഴികൾ. കാലപുരിയിലേക്ക് മനുഷ്യരെ എത്തിക്കുന്ന ബൈപാസുകൾ.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഓരോ 25 സെക്കൻഡിലും ഒരു മനുഷ്യൻ വീതം റോഡിൽ മരണപ്പെടുന്നു. ദിനംപ്രതിയുള്ള മരണം 2387. വർഷത്തിൽ 1.2 മില്ല്യൺ ജീവിതങ്ങളാണ് റോഡിൽ പൊലിയുന്നത്. ഏറ്റവും കൂടുതൽ മരണം നടക്കുന്ന രാജ്യം ലൈബീരിയ. എപ്പോഴും അപകടം പ്രതീക്ഷിക്കേണ്ട പ്രദേശം ആഫ്രിക്കയും. കുന്നുകളിലും പർവതങ്ങളിലുമായി സാഹസികത വേണ്ട ദുർഘടപാതകൾ ലോകത്തു പലയിടുത്തുമുണ്ട്. ഒരു തവണ പോയാൽ ജീവിതകാലം മുഴുവനും മറക്കാത്ത ഓർമ്മ സമ്മാനിക്കുന്ന റോഡുകൾ പരിചയപ്പെടാം.

North Yungas Road, Bolivia

∙ നോർത്ത് യങ്ഗ്യാസ് റോഡ്, ബൊളിവിയ ( North Yungas Road, Bolivia)

ലോകത്തിലെ ഏറ്റവും വലിയ അപകട റോഡ്. ഡെത്ത് റോഡ് അഥവാ മരണപാത എന്നുതന്നെയാണ് വിളിപ്പേര്. കോർഡില്ലേറ ഓറിയന്റൽ പർവതത്തിലെ റോഡിന്റെ നീളം 69 കിലോമീറ്റർ. ബൊളിവിയയിലെ നോർത്ത് യങ്ഗ്യാസിലെ കൊറോയിക്കോയും ലാ പാസിനെയും ബന്ധിപ്പിക്കുന്നു. ബൊളിവിയുടെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകർഷണം. 1930കളിൽ ജയിൽപ്പുള്ളികളെ കൊണ്ടാണ് പണിതത്. നിർമാണസമയത്ത് നൂറുകണക്കിനു തൊഴിലാളികൾ മരിച്ചുവീണു. 11,800 അടി ഉയരത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് കഷ്ടിച്ചു 12 അടി വീതിയേ ഉള്ളൂ. ഭൂരിഭാഗം പ്രദേശത്തും പൊടിയും ചെളിയും പാറക്കല്ലുകളും നിറഞ്ഞിരിക്കും. അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച, പേമാരി, ഉരുൾപൊട്ടൽ തുടങ്ങിയവ ഇടയ്ക്കിടെ വഴിമുടക്കും. ദൂരക്കാഴ്ച കുറച്ചേ കിട്ടൂ. കാലൊന്നു തെറ്റിയാൽ അഗാധഗർത്തത്തിലേക്കാണ് കൂപ്പുകുത്തുക. വണ്ടി കട്ടപ്പുറത്തായാൽ ഇറങ്ങി നടക്കുകയേ നിവൃത്തിയുള്ളൂ. സഹായത്തിന് ആളെ കിട്ടുന്നത് പ്രയാസമാണ്. ചിലപ്പോൾ നടത്തവും അസാധ്യമായേക്കും. പ്രതിവർഷം 200–300 മനുഷ്യ ജീവനുകൾ ഇവിടെ അപടകത്തിൽ മരിക്കാറുണ്ട്. അതിസാഹസികത ഇഷ്ടപ്പെടുന്ന നടത്തക്കാർക്കും സൈക്കിൾ സവാരിക്കാർക്കും കടുത്ത പരീക്ഷണങ്ങളാണ് കാത്തുവച്ചിരിക്കുന്നത്. 

Guoliang Tunnel Road, China

∙ ഗുവോലിയാങ് ടണൽ റോഡ്, ചൈന (Guoliang Tunnel Road, China)

ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന ഗ്രാമത്തിനു പുറംനാട്ടിലേക്കിറങ്ങാൻ നല്ലൊരു വഴി വേണമെന്ന ചിന്തയുടെ ഫലം. ഹനാ‍ൻ പ്രവിശ്യയിലെ സിൻസിയാങിൽ തൈഹാങ് പർവതനിരയിലാണ് ഗുവോലിയാങ് ടണൽ റോഡ്. ഗുവോലിയാങ് ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡ് എഴുപതുകളിലാണ് നിർമിച്ചത്. മുന്നൂറോളം പേർ താമസിക്കുന്ന പർവതമുകളിലേക്കു കോടികൾ മുടക്കി ടണൽറോഡ് നിർമിക്കാൻ ചൈനീസ് സർക്കാർ വിസമ്മതിച്ചു. അവിശ്വസനീയമെന്നു തോന്നാം, 13 ഗ്രാമീണരുടെ മാത്രം പരിശ്രമത്തിലാണ് ഇന്നത്തെ റോഡുണ്ടായത്. ഒരാൾ നിർമാണത്തിനിടെ മരിച്ചു. യന്ത്രങ്ങളുടെ സഹായമില്ലാതെ ചുറ്റികയും ഉളിയും കൊണ്ടാണത്രെ പാറക്കൂട്ടം തുരന്നു റോഡുണ്ടാക്കിയത്. ഒരു മീറ്റർ റോഡുണ്ടാകാൻ മൂന്നുദിവസം വേണ്ടിവന്നു. അഞ്ചുവർഷത്തെ കഠിനപരിശ്രമം. 1200 മീറ്ററാണ് നീളം. 12 അടി വീതിയാണ് ടണലിനുള്ളത്. അകത്തുവീഴുന്ന പാറക്കഷണങ്ങൾ പുറത്തുകളഞ്ഞു യാത്ര സുഗമമാക്കാനായി ടണലിൽ ധാരാളം ദ്വാരങ്ങളും പണിതിട്ടുണ്ട്. രണ്ടായിരമാണ്ടോടെ ചൈനയിലെ പ്രധാന സഞ്ചാരകേന്ദ്രമായി.

Trollstigen Mountain Road, Norway

∙ ട്രോൾസ്റ്റിഗൻ റോഡ്, നോർവെ ( Trollstigen Mountain Road, Norway)

കടലാസിൽ പെൻസിൽ കൊണ്ടു കുത്തിക്കോറിയ പോലെ തലങ്ങനെയും വിലങ്ങനെയും കുറെ വരകൾ പോലുള്ള റോഡ്. യുനെസ്കോയുടെ പൈതൃകപട്ടികയിലിടം പിടിച്ചു. 55 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ വെള്ളച്ചാട്ടങ്ങളും താഴ്‍വരകളും ടണലുകളും തണുത്തുറഞ്ഞ തടാകങ്ങളും പിന്നിട്ടാണ് യാത്ര. 11 ഹെയർപിൻ വളവുകളുണ്ട്. 41 അടിയിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്കു പ്രവേശനമില്ല. മിക്ക ഭാഗങ്ങളിലും ഒരു വാഹനത്തിനുള്ള വീതിയേയുള്ളൂ. സഞ്ചാരികൾക്കായി നിരവധി പോയിന്റുകളിൽ കാർപാർക്കിങും കാഴ്ച ആസ്വദിക്കാവുന്ന പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫർമാർക്കു കണ്ടുമതിവരാത്ത കാഴ്‍ചകൾ കിട്ടും. പെട്ടെന്നു വീതികുറയുന്നതും പാറവീഴ്ചയുമാണ് കരുതിയിരിക്കേണ്ടത്.മിക്കവാറും റോഡിൽ നനവുള്ളതിനാൽ കൂടുതൽ ശ്രദ്ധവേണം. ശൈത്യകാലത്തു റോഡ് അടച്ചിടും. മെയ് മധ്യം മുതൽ ഒക്ടോബർ വരെയാണ് സഞ്ചാരയോഗ്യം. കാലാവസ്ഥ മോശമായാൽ എപ്പോൾ വേണമെങ്കിലും അടച്ചിടാം. 1936ലാണ് റോഡു പൊതുജനങ്ങൾക്കായി തുറന്നത്. വഴി കഠിനമെങ്കിലും ടൂറിസ്റ്റ് സീസണിൽ പ്രതിദിനം 2500 വാഹങ്ങൾ ഇതുവഴി പോകുന്നുണ്ട്. 

Fairy Meadows Road, Pakistan

∙ ഫെയറി മെഡോവ്സ് റോഡ്, പാക്കിസ്ഥാൻ (Fairy Meadows Road, Pakistan)

ആളെക്കൊല്ലി മലയെന്നു പേരുള്ള പാക്കിസ്ഥാനിലെ നംഗ പർവതത്തിലാണ് ഫെയറി മെഡോവ്സ് റോഡ്. ഉയരമേറിയ പർവതത്തിലേക്കുള്ള ചെങ്കുത്തായ കയറ്റത്തിൽ വെച്ച് നൂറിലധികം പർവതാരോഹാരും ചുമട്ടുകാരും മരണപ്പെട്ടിട്ടുണ്ട്. 26,660 അടി ഉയരത്തിലുള്ള നംഗ പർബത് പാക്കിസ്ഥാനിലെ ഉയരമേറിയ പർവതങ്ങളിൽ രണ്ടാമനാണ്. ഓരോ ഇഞ്ചിലും അപകടങ്ങൾ പതിയിരിക്കുന്ന ഈ പാതയിലൂടെയുള്ള യാത്ര ഭയാനകം. സംരക്ഷണമതിൽ ഇല്ലാത്തതും അറ്റകുറ്റപ്പണി നടത്താത്തതും അപകടത്തിന്റെ തോത് ഉയർത്തുന്നു. 

Zojila or Zoji La

∙ സോജി ലാ, ഇന്ത്യ (Zojila or Zoji La)

ഇന്ത്യയിലെ പ്രധാന പർവതപാത. സമുദ്രനിരപ്പിൽ നിന്നു 11,575 അടി ഉയരത്തിലാണ്. പടിഞ്ഞാറൻ ഹിമാലയത്തിലാണ് ഒമ്പതു കിലോമീറ്റർ നീളമുള്ള റോഡുള്ളത്. ലഡാക്കിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാത. ചെമ്മരിയാടിൻ കൂട്ടങ്ങള്‍ക്കിടയിലൂടെ നാഷണൽ പെർമിറ്റ് ലോറികൾ കടന്നുപോകുന്ന കാഴ്ച്ച അമ്പരിപ്പിക്കും. ശൈത്യകാലത്തു അടച്ചിടും. അപ്പോഴാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) അറ്റകുറ്റപ്പണികൾ നടത്തുക. ഡ്രൈവിംഗിൽ നല്ല ആത്മവിശ്വാസം ഉള്ളവരേ ഈ വഴിയെക്കുറിച്ചു ആലോചിക്കേണ്ടതുള്ളൂ. പാളിയാൽ 3538 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയും.