കൊലകൊമ്പന്റെ പടിയിറക്കം

Chevrolet

ഇന്ത്യൻ വിപണിയിലെ അഞ്ചാമത്തെ വലിയ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സ് വിപണിയിൽനിന്നു പടിയിറങ്ങുകയാണ്. ഷെവർലെ മോഡലുകളുടെ വിൽപന ഈ ഡിസംബർ വരെയെ ഉള്ളു. ഇന്ത്യൻ വാഹന വിപണിയുടെ വളർച്ചയിൽ ഒപ്പമുണ്ടായിരുന്ന ജിഎമ്മിന്റെ മോഡലുകളിലൂടെ പിന്നിലേക്കൊന്നു പോയി വരാം.

ആഗോളഭീകരൻ എന്ന വിശേഷണമാണ് ജനറൽ മോട്ടോഴ്സ് എന്ന അമേരിക്കൻ കാർ നിർമാണ കമ്പനിക്കുള്ളത്. ലോകത്തെമ്പാടും വിപണി കണ്ടെത്തിയ ജിഎം 50കോടി കാറുകൾ വിറ്റഴിച്ചതിന്റെ ആഘോഷം പൊടിപൂരമായി കൊണ്ടാടിയത് 2015ല്‍ ആണ്. എന്നാല്‍ ഇന്ത്യൻ വിപണി കുതിച്ചു കയറുമ്പോൾ ജിഎം പിന്നോട്ടോടുകയായിരുന്നു. മോഡൽ വൈവിധ്യങ്ങൾ കുറഞ്ഞതാണോ വിൽപനാനന്തര സേവനത്തിലെ പാളിച്ചയാണോ എന്താണെന്നറിയില്ല വിപണിയും ഉപഭോക്താവും ഷെവർലെയെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 2016–17 സാമ്പത്തിക വർഷം 25,823 യുണിറ്റുകൾ മാത്രമാണ് ഷെവർലെ ഇന്ത്യയിൽ വിറ്റത്. ഇന്ത്യയുടെ മൊത്തം കാർ വിപണിയുടെ 0.85 ശതമാനം മാത്രം.

ജിഎമ്മിന്റെ ഇന്ത്യൻ ബന്ധം

ഇന്ത്യയിലെ പഴയ തലമുറയ്ക്കു ജിഎം കാറുകൾ സുപരിചിതമാണ്. ജിഎമ്മിന്റെ ഷെവർലെ കാറുകളും ബെഡ്ഫോഡ് ട്രക്കുകളും ബസ്സുകളുമൊക്കെ 1920 കളില്‍ത്തന്നെ ഇന്ത്യൻ നിരത്തുകളിലെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ വാഹന നിർമ്മാണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറ്റു വിദേശ കമ്പനികൾക്കൊപ്പം ജിഎമ്മും ഇന്ത്യ വിടാൻ കാരണമായി. 1994ൽ ആണ് രണ്ടാം വരവ്. അന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്സുമായി തുടങ്ങിയ പങ്കാളിത്തം അ‍ഞ്ചു വർഷമേ നീണ്ടുള്ളു. 1999 മുതൽ ജിഎം സ്വതന്ത്രമായി പ്രവർത്തനം തു‍ടങ്ങി.

ജിഎമ്മിന്റെ തന്നെ കമ്പനിയായ ഒാപ്പലിന്റെ മോഡലുകളുമായാണ് വിപണി പിടിക്കാൻ തുടങ്ങിയത്. ഓപ്പൽ ആസ്ട്രയായിരുന്നു ആദ്യ മോഡൽ. തുടർന്ന് ഓപ്പലിന്റെ തന്നെ കോഴ്സയും അതിന്റെ വകഭേദങ്ങളും ഇതോടൊപ്പം ഓപ്പൽ വെക്ട്ര എന്ന വലിയ സെഡാനും വിപണിയിലെത്തി. ഇക്കാലയളവിൽത്തന്നെ ഫോറസ്റ്റർ എന്ന സ്റ്റേഷൻ വാഗണിലൂടെ ഷെവർലെ ബ്രാൻഡ് വീണ്ടും ഇന്ത്യയിലെത്തിച്ചു. ക്രമേണ ഓപ്പൽ ബ്രാൻഡ് വാഹനങ്ങൾ നിർത്തി ഷെവർലെയുടെ ഒരു ശ്രേണി കൊണ്ടുവരാനായി ശ്രമം. ഇക്കൂട്ടത്തിൽ ടവേര, സ്പാർക്ക്, ബീറ്റ് ഒപ്ട്ര എന്നിവയ്ക്കു തരക്കേടില്ലാത്ത വിൽപനയുണ്ടയിരുന്നു. എങ്കിലും നിർമാണരംഗത്തെ മുടക്കുമുതലിനനുസരിച്ചുള്ള വിൽപന കിട്ടാത്തതിനാൽ തങ്ങളുടെ ചൈനീസ് പങ്കാളിയുടെ സെയിൽ, എൻജോയ് എന്നീ ഉൽപന്നങ്ങളുമായി ഒരു അവസാന ശ്രമംകൂടി നടത്തി. അതും ഗുണം ചെയ്തില്ല. രണ്ടാമത്തെ അങ്കത്തിനു ജിഎം ‌ഇന്ത്യയിലെത്തുമ്പോൾ വിരലിൽ എണ്ണാവുന്ന മോഡലുകളേ വിപണിലുണ്ടായിരുന്നുള്ളു എന്നോർക്കണം. ഹ്യുണ്ടായ് ഇന്ത്യയിൽ കാൽകുത്തിയിട്ടില്ല.

ജിഎം ഇന്ത്യയിൽ അവതരിപ്പിച്ച മോ‍ഡലുകൾ

ഓപ്പൽ ആസ്ട്ര (1996 – 2006) 

പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടായിരുന്നു. ജർമൻ എൻജിനീയറിങ് മികവ് നിർമ്മാണത്തിൽ  പ്രകടമായിരുന്നവെങ്കിലും പരിപാലനച്ചെലവ് കൂടുതൽ. എതിരാളികൾ കുറവായിരുന്നതിനാൽ  വിലക്കൂടുതലായിട്ടുപോലും പത്തുവർഷം വിപണിയിൽ പിടിച്ചുനിന്നു. ‌

ഓപ്പൽ കോഴ്സ (2000–2006)

ഓപ്പലിന്റെ ചെറിയ സെഡാൻ. ഇതിന്റെ ഹാച്ച്ബാക്ക് രൂപം സെയിൽ എന്ന പേരിലും സ്റ്റേഷന്‍ വാഗണ്‍ സ്വിങ് എന്ന പേരിലും ഇറങ്ങി.

ഓപ്പൽ വെക്ട്ര (2003–2007)

ഇറങ്ങിയ കാലത്ത് ഒരു ആഡംബര സെഡാനായിരുന്നു. ഓപ്പൽ ബ്രാൻഡിന് ഇത്ര ഉയർന്ന വില നൽകാൻ അധികം ആളെ കിട്ടാത്തതിനാൽ കഷ്ടിച്ച് മൂന്നു വർഷം മാത്രം വിൽപന ഉണ്ടായി. 

ഷെവർലെ ഫോറസ്റ്റർ (2003–2007)

ജിഎമ്മിന്റെ കീഴിലുള്ള ജാപ്പനീസ് കമ്പനിയായ സുബാരുവിന്റെ കാറാണ് ഷെവർലെ ബാഡ്ജിൽ ആദ്യമെത്തിയത.് സ്റ്റേഷൻ വാഗൺ രൂപത്തിൽ നാലു വീൽ ഡ്രൈവുള്ള ഇതിന് അന്നു കാര്യമായി ആവശ്യക്കാരില്ലായിരുന്നു.

ഷെവർലേ ടവേര (2004–2007)

ജിഎമ്മിന്റെ ശ്രേണിയിൽ എറ്റവും മികച്ച വിൽപന നേടിയ മോഡൽ‌. ഈ ഒരൊറ്റ വാഹനം മാത്രമേ ഇവർക്കു പത്തിലേറെ വർഷം ഇവിടെ വിൽക്കാനായുള്ളൂ. അനുബന്ധ കമ്പനിയായ ഇസുസുവിന്റെ പാന്തർ എസ്‍യുവി ഷെവർലെ ബാഡ്ജിൽ എത്തിച്ചതാണിത്. ഇന്നും ടാക്സി വിഭാഗത്തിൽ ആവശ്യക്കാരേറെയള്ള മോഡൽ.

ഷെവർലെ സ്പാർക്ക് (2007–2015)

ജിഎം കൊറിയയിലെ ദേയ്‌വുവിനെ ഏറ്റെടുത്തപ്പോള്‍ മാറ്റിസ് എന്ന ചെറുകാര്‍ സ്പാർക്ക് എന്ന പേരിൽ ചില്ലറ മാറ്റങ്ങളോടെ ഷെവർലെ ബാഡ്ജിൽ ഇന്ത്യയിലെത്തി. മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിച്ച് കഷ്ടിച്ചു പിടിച്ചു നിൽക്കാനായി എന്നു പറയാം.

ഷെവർലെ ഒപ്ട്ര (2003–2012)

‌‌ഇതിന്റെ ഹാച്ച്ബാക്ക് രൂപമായ എസ്ആർവി എന്നൊരു മോഡലും ഉണ്ടായിരുന്നു. ദേയ്‌വുവിന്റെ മറ്റൊരു മോഡൽ ഷെവർലെ ബാഡ്ജുമായി അവതരിപ്പിച്ചു. മികച്ച പ്രകടനമുള്ള ഇതിന്റെ ഡീസൽ മോഡലിന് ചെറിയ ചലനമുണ്ടാക്കാൻ കഴിഞ്ഞു. പക്ഷേ വിപണിയിൽ ലഭ്യമായിരുന്ന മറ്റു സമാന വാഹനങ്ങളുമായി മത്സരിച്ചു പിടിച്ചു നിൽക്കാനായില്ല.

ഷെവർലെ കാപ്റ്റീവ (2008–2015)

വിദേശ വിപണികളിൽ മികച്ച വിൽപനയുള്ള ഒരു എസ്‌യുവി. ഇതിന്റെ രൂപകൽപനയും ദേയ്‍വുവിന്റേതായിരുന്നു. കൊടുക്കുന്ന വിലയ്ക്കുള്ള മൂല്യമുണ്ടെന്ന് വിപണിയെ വിശ്വസിപ്പിക്കാൻ കഴിയാത്തതിനാൽ പിന്തള്ളപ്പെട്ടു

ഷെവർലെ എവിയോ(2009–2012)

ദേയ്‌വുവിന്റെ മറ്റൊരു മോഡൽ. ഏറെ മത്സരമുള്ള ചെറിയ സെഡാൻ വിപണിയിൽ വലിയ ചലനമുണ്ടാക്കിയില്ല.

ഷെവർലെ എവിയോ യുവ(2006–2012)

എവിയോയുടെ ഹാച്ച്ബാക്ക് രൂപത്തിനും സെഡാന്റെ ഗതി തന്നെയായിരുന്നു.

ഷെവർലെ ബീറ്റ് (2010–2017)

സ്പാർക്കിന്റെ പിൻഗാമി. വ്യത്യസ്തമായ രൂപകൽപനകൊണ്ടു വിപണിയിൽ ചലനമുണ്ടാക്കി. ഫിയറ്റിന്റെ എൻജിൻ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു സിലിണ്ടർ ഡീസൽ എൻജിനുള്ള മോഡലിന് ഉയർന്ന മൈലേജുണ്ടായിരുന്നു. 

ഷെവർലെ സെയിൽ യുവ (2012–2017)

ജിഎമ്മിന്റെ ചൈനീസ് പങ്കാളിയായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോർപ്പറേഷൻ (എസ്ഐസി) നിർമ്മിച്ച് ഷെവർലെ ബ്രാൻഡിൽ വിൽക്കുന്ന വാഹനം. ഇന്ത്യയിൽ ഇത് ജിഎം നിർമിച്ച് വിൽപനയ്ക്കെത്തിച്ചു. മോശമല്ലാത്ത കാറാണെങ്കിലും മാരുതി, ഹ്യുണ്ടായ് എന്നിവരോടു മത്സരിക്കാൻ പോരാതെ വന്നു.

ഷെവർലെ സെയിൽ (2013–2017)

എസ്എഐസിയുടെ സെഡാൻ അഥവാ യുവയുടെ ബൂട്ടുള്ള മോഡൽ. പെട്രോൾ, ഡീസൽ മോഡലുകൾ ഉണ്ടെങ്കിലും വിപണിയിൽ പിന്തള്ളപ്പെട്ടു.

ഷെവർലെ എൻജോയ് (2013–2017) 

എസ്ഐസിയുടെ വിവിധോദ്ദേശ്യ വാഹനം(എംപിവി) ഫിയറ്റിന്റെ ഡീസൽ എൻജിനുമായി. ആദ്യകാലത്ത് ആവശ്യക്കാരേറെയുണ്ടായിരുന്നെങ്കിലും എൻജിൻ, ട്രാൻസ്മിഷൻ എന്നിവയ്ക്കു പരക്കെ ഉണ്ടായ പ്രശ്നങ്ങള്‍ ഇതിന്റെ ഭാവി തകർത്തു.

ഷെവര്‍ലെ ട്രെയിൽ ബ്ലേസർ (2015–2017)

ജിഎമ്മിന്റെ ആവനാഴിയിലെ അവസാന അമ്പ്. ട്രക്ക് പ്ലാറ്റഫോമിൽ നിർമ്മിച്ച് ആഗോള എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ എന്നിവയ്ക്കൊപ്പം നിൽക്കാൻ കഴിവുള്ള ഈ വാഹനവുമായി എത്തിയപ്പോഴേയ്ക്കും വിപണി കൈവിട്ടുപോയിരുന്നു.

ഇന്ത്യൻ വിപണി ആഴത്തിൽ പഠിക്കാൻ ശ്രമിക്കാതെ അനുബന്ധ കമ്പനികളുടെ ഉൽപന്നങ്ങൾ ഒന്നൊന്നായി ഷെവർലെ ബാഡ്ജുമായി പരീക്ഷണത്തിനെത്തിച്ചതാകണം ജിഎമ്മിനു തിരിച്ചടിയായത്.