കാറുകളുടെ ലോകം കണ്ട ജനകീയ വിപ്ലവമാണ് ഫോഡ്. അമേരിക്കയിൽ ഡെട്രോയിറ്റിലെ ബാഗ്‌ലി തെരുവിൽ ഒറ്റമുറി സ്ഥാപനമായി ഹെൻറി ഫോഡ് തുടങ്ങിയ സംരംഭം ഇന്നു ലോകത്തെ ഒന്നാംകിട വാഹനനിർമാതാക്കളായി വളർന്നു. ഓട്ടമൊബീൽ വ്യവസായത്തിന്റെ മുഖഛായ മാറ്റിയെഴുതിയ, കാറിനെ സാർവജനകീയമാക്കിയ 'ഫോഡിസം' തരംഗത്തിന്റെ വിശേഷങ്ങളിലൂടെ.
ഫോഡിന്റെ നാഥൻ
അമേരിക്കയിലെ ഡിയർബോണിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഹെൻറി ഫോഡ് പതിവ് വിട്ടു യന്ത്രങ്ങളുടെ വഴിക്കു സഞ്ചരിച്ചതിൽ തുടങ്ങുന്നു ഫോഡ് എന്ന വാഹനഭീമന്റെ ജാതകം. 1863 ൽ ജനിച്ച ഹെൻറി കൗമാരപ്രായത്തിൽത്തന്നെ ഡെട്രോയിറ്റിലെ വർക്‌ഷോപ്പിൽ ജോലി തേടിയെത്തി. 1893 ൽ ഇന്നു കാണുന്ന വിധത്തിലുള്ള കാർ എൻജിനുകളുടെ അതേ പ്രവർത്തനരീതി അവലംബിക്കുന്ന എൻജിൻ വികസിപ്പിച്ച ഫോഡിന്റെ കരവിരുതിൽ കാർ രൂപപ്പെടാനും അധികം സമയമെടുത്തില്ല. 1896 ൽ തന്നെ കാർ നിർമാണം വിപുലീകരിച്ചു തന്റെ നിർമിതി നിരത്തുകളിലെത്തിക്കാൻ ശ്രമിച്ച ഫോഡിനു പക്ഷേ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. പിൻമാറാൻ ഒരുക്കമല്ലാതിരുന്ന ഫോഡ് 1901 ൽ ഒരു ശ്രമം കൂടി നടത്തി. ഹെൻറി ഫോഡ് കമ്പനി എന്ന പേരിൽ സ്ഥാപനം തുടങ്ങിയ ഫോഡിനു തിരിച്ചടി തന്നെയായിരുന്നു ഫലം. ഒടുവിൽ സ്വന്തം പേരിന്റെ അവകാശവും വാങ്ങി ആ കമ്പനി ഉപേക്ഷിച്ചപ്പോഴും ഫോഡിന്റെ മനസ് റിവേഴ്സ് ഗിയർ ഇടാൻ തയാറായില്ല. ഒന്നും രണ്ടും ചുവടുകൾ പിഴച്ചവന്റെ മൂന്നാം ശ്രമവും തെല്ലും വൈകിയില്ല. 1903 ജൂൺ മധ്യത്തിൽ 12 നിക്ഷേപകരിൽ നിന്നായി സമാഹരിച്ച 28000 ഡോളറിന്റെ മൂലധനത്തിൽ ഹെൻറി ഫോഡിന്റെ മൂന്നാമൂഴത്തിനു തിരി തെളിഞ്ഞു. ഫോഡ് മോട്ടോർ കമ്പനി എന്ന പേരിൽ തുടങ്ങിയ ഈ സംരംഭമാണ് ഇന്നു രണ്ടു ലക്ഷത്തിലേറെ ജീവനക്കാരുള്ള ആഗോള പ്രസ്ഥാനം.
ജനകീയൻ ഫോഡ്
ഹെൻറി ഫോഡിന്റെ സ്ഥാപനത്തിൽ നിന്നു 1903 ൽതന്നെ ആദ്യത്തെ ‘മോഡൽ എ’ ഫോഡ് കാർ പുറത്തിറങ്ങി. അഞ്ചു വർഷത്തിനുള്ളിൽ ‘മോഡൽ എ’ കാറിന്റെ പിൻഗാമികളായി ബിയും സിയും എഫും കെയും എസും പേരിലുള്ള നിർമിതികൾ നിരത്തിലേയ്ക്കെത്തി. ആയിരക്കണക്കിന് എന്നു മാത്രം വിശേഷിപ്പിക്കാവുന്ന എണ്ണത്തിലാണ് ഫോഡ് ഫാക്ടറിയുടെ വാഹനങ്ങൾ പുറത്തിറങ്ങിയത്. 1908 ൽ പക്ഷേ കഥ മാറി. ‘മോഡൽ ടി’ എന്ന പേരിലുള്ള ഫോഡിന്റെ മാസ് പ്രൊഡക്ഷൻ കാറുകൾ എത്തി. 1913 ൽ ഫോഡ് കമ്പനി വൻതോതിൽ കാറുകൾ നിർമിക്കുന്ന അസംബ്ലി ലൈൻ വികസിപ്പിച്ചതോടെ, ആദ്യ ജനകീയ കാർ എന്നുവിളിക്കപ്പെടുന്ന ‘മോഡൽ ടി’യുടെ നിരത്തിലെ സാന്നിധ്യം പതിന്മടങ്ങായി. രണ്ടു ദശകത്തിനുള്ളിൽ ദശലക്ഷക്കണക്കിനു കാറുകളാണു വിറ്റഴിഞ്ഞത്. 1927 ൽ ‘മോഡൽ ടി’യുടെ സ്ഥാനത്തു കൂടുതൽ സുരക്ഷ പ്രദാനം ചെയ്യുന്ന ‘മോഡൽ എ’ പുനരവതരിപ്പിച്ച ഫോഡിന്റെ ഫാക്ടറിയിൽ നിന്നു സൈഡ് വാൽവ് വി8 എൻജിൻ ഘടിപ്പിച്ച ഏറ്റവും വില കുറഞ്ഞ കാറും വൈകാതെ പുറത്തിറങ്ങി. ചെറുകാറുകളുടെ പ്രയാണത്തിനിടയിലും ആഡംബര കാറുകളിൽ ഒരു കണ്ണ് വയ്ക്കാൻ ഹെൻറി ഫോഡ് മറന്നില്ല. മെർക്കുറി എന്ന പേരിൽ ഉയർന്ന വിലയ്ക്കൊരു മോഡൽ നിർമിച്ച ഫോഡ് ലക്‌ഷുറി കാർ നിർമാണം ലക്ഷ്യമിട്ടു ലിങ്കൺ മോട്ടോർ കമ്പനിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുകയും ചെയ്തു.
ഫോഡ് ഇന്റർനാഷനൽ
വാഹനത്തിന്റെ ഓരോ ഘടകവും യോജിപ്പിച്ചു പടിപടിയായി നിർമിക്കുന്ന അസംബ്ലിലൈൻ നടപ്പാക്കിയതു ശ്രദ്ധേയ നേട്ടമായി. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പടർന്നുപന്തലിച്ച ഫോഡിനെത്തേടി ഒരിക്കൽ റഷ്യൻ ഗവൺമെന്റിന്റെ വിളിയും ചെന്നു. ഗോർക്കി ഓട്ടമോട്ടിവ് പ്ലാന്റിൽനിന്നു ഫോഡ് കാറുകളുടെ നിർമാണം തുടങ്ങിയത് ആ ക്ഷണപ്രകാരമാണ്. തൊണ്ണൂറുകളുടെ മധ്യത്തിൽ എസ്കോർട്ട് കാറുമായാണ് ഫോഡിന്റെ ഇന്ത്യൻ പ്രവേശനം. ഫാൽക്കൺ, മസ്റ്റാങ് എന്നീ നിർമിതികളിലൂടെ ലോകം ശ്രദ്ധിച്ചുതുടങ്ങിയ ഫോഡ് മോട്ടോർ കമ്പനി ഇടക്കാലത്തു വോൾവോ, ജാഗ്വാർ– ലാൻഡ് റോവർ, ആസ്റ്റൺ മാർട്ടിൻ, എന്നീ സൂപ്പർ ബ്രാൻഡുകളിൽ പങ്കാളിത്തം നേടിയും പേരുറപ്പിച്ചു. വാഹനലോകത്തെ വമ്പൻമാരായി തന്റെ സ്വപ്നസംരംഭം മാറുന്നതിനു സാക്ഷിയായാണ് ഹെൻറി ഫോഡ് വിടപറഞ്ഞത്. തുടർന്നും ഫോഡ് കുടുംബത്തിന്റെ നിയന്ത്രണത്തിലാണു കമ്പനി മുന്നോട്ടുപോയത്.