ബൈക്ക് സ്റ്റണ്ടിലെ പെൺ പുലി

Anam Hashim, Photos Courtesy: Facebook

മുൻഗാമികളില്ലാതെയാണ് അനം ഹാഷിം സാഹസികറൈഡിങ്ങിന്റെ സാധ്യതകളിലേക്ക് തന്റെ ഇരുചക്രവാഹനവുമായി പറന്നുകയറിയത്. അക്കാലംവരെ ആൺമിടുക്കിന്റെ പര്യായമായി പറഞ്ഞുപോന്നിരുന്ന ബൈക്ക് സ്റ്റണ്ടിങ്ങിനെ അക്ഷരാർഥത്തിൽ കീഴടക്കുകയായിരുന്നു ഈ ഇരുപത്തൊന്നുകാരി. കാണികളുടെ നെഞ്ചിടിപ്പിക്കുന്ന ബൈക്ക് സ്റ്റണ്ടുകൾ പുരുഷ കേസരികളെ വെല്ലുന്ന മികവോടെ ചെയ്യുന്ന അനം ഇന്ന് ഇന്ത്യൻ ബൈക്ക് സ്റ്റണ്ടിങ് ലോകത്തെ രാജകുമാരിയാണ്.

Read More: കേരളത്തിൽ നിന്ന് ഹോളണ്ട് വരെ മഹീന്ദ്ര വാനിൽ

Anam Hashim, Photos Courtesy: Facebook

ലോകത്തിലെ ഏറ്റവും ഉയരമുള്ള മോട്ടോർ വേ ആയ, ഹിമാലയത്തിലെ ഖാർദൂംഗ്‌ ലാ പാസിൽ രണ്ടു തവണ സ്കൂട്ടർ ഓടിച്ചു കയറ്റിയ അനം ഹാഷിമിന്റെ വീരകഥകൾ ബൈക്ക് റൈഡിങ് ലോകത്ത് ഇപ്പോൾ പാട്ടാണ്. ‘ബൈക്കിന് ആൺ-പെൺ വ്യത്യാസം തിരിച്ചറിയില്ല’ എന്ന തത്വം പറയുന്ന ഈ പെൺകുട്ടിയെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത് അച്ഛനായിരുന്നു. റൈ‍ഡ് പഠിപ്പിച്ചത് അബദ്ധമായെന്ന് അനം ഹാഷിമിന്റെ പല സാഹസിക പ്രവൃത്തികളും കണ്ടപ്പോൾ പലപ്പോഴും ഈ അച്ഛന് തോന്നിയിട്ടുമുണ്ട്. എന്നാൽ ഇന്ന് തന്റെ മകളെക്കുറിച്ച് ഏറ്റവുമധികം അഭിമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

Read More: കാലൊടിഞ്ഞിട്ടും ബൈക്കോടിച്ചു, മരണത്തിന്റെ താഴ്‌വരയിലൂടെ

Anam Hashim, Photos Courtesy: Facebook

‘കുട്ടിക്കാലത്ത് ആണുങ്ങൾ ബൈക്കിൽ വീലിങ്ങും സാഹസികതകളും കാണിക്കുന്നത് കണ്ട് എന്തുകൊണ്ട് എനിക്കതിനു കഴിയില്ലെന്ന് ചിന്തിച്ചിട്ടുണ്ട്. ആ ചിന്തയാണ് എന്നെ ബൈക്ക് റൈഡർ ആക്കിയത്’. അനം ഹാഷിം പറയുന്നു. ബൈക്കിലെ സാഹസികതകളിൽ ഏറെ പ്രിയം തോന്നിയിരുന്ന അനം റൈഡ് സാഹസികതകൾ ആദ്യം പരീക്ഷിച്ചത് തന്റെ ആക്ടീവയിൽ ആയിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ അതു വിജയിച്ചതോടെ ആത്മ‌വിശ്വാസമായി. നോൺ ഗീയർ ബൈക്കിൽ സ്റ്റണ്ട് ചെയ്തത് ബുദ്ധിമുട്ടിയാണെങ്കിലും സ്റ്റണ്ടിങ് വിജയമായതോടെ ഗീയർ ബൈക്കുകളിൽ ഈ സാഹസികതകൾ അനായാസം ചെയ്യാൻ കഴിയുമെന്ന് അനം വിശ്വസിച്ചു. അങ്ങനെയാണ് ബൈക്ക് റൈഡിങ് കരിയറാക്കാൻ തീരുമാനിച്ചതെന്ന് അനം പറയുന്നു.

Anam Hashim, Photos Courtesy: Facebook

ഹിമാലയം കീഴടക്കിയത്

ബൈക്ക് റൈഡ് ചെയ്യാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മേഖലയാണ് ഹിമാലയത്തിലെ ഖാർദൂംഗ്‌ ലാ പാത. അതിനാൽ തന്നെ ബൈക്ക് റൈഡർമാരുടെ ഇഷ്ടയിടമാണിത്. 18380 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മേഖലയെ രണ്ടു തവണ കീഴടക്കിയ മിടുക്കിയാണ് അനം ഹാഷിം. 2015 ൽ ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110 ൽ ഖാർദൂംഗ്‌ ലാ പാത കീഴടക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അനം, ജമ്മുവിൽ നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. ശ്രീനഗർ, കാർഗിൽ, ജോലി ലാ പാസ് എന്നീ സ്ഥലങ്ങൾ പിന്നിട്ട് 20 ദിവസത്തിനുള്ളിൽ ഖാർദൂംഗ്‌ ലായിൽ എത്തി.

Read More: വാഹനമോടിക്കുമ്പോൾ കരുതാം ഈ രേഖകൾ

Anam Hashim, Photos Courtesy: Facebook

രണ്ടാമത് ഖാർദൂംഗ്‌ ലായിലേക്ക് യാത്ര തിരിച്ചത് പത്തു വനിതകളെയും നയിച്ചുകൊണ്ടായിരുന്നു. ഹിമാലയൻ ഹൈറ്റ്സ് രണ്ടാം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയുടെ ക്യാപ്റ്റൻ അനം ഹാഷിം തന്നെയായിരുന്നു. ഏറെ ദുർഘടം പിടിച്ച പാതയിൽ നേരത്തെ യാത്ര ചെയ്തുള്ള അനത്തിന്റെ പരിചയമാണ് ക്യാപ്റ്റനാക്കാൻ കാരണം. ഈ അനുഭവം തന്നെയാണ് കൂടെയുണ്ടായിരുന്ന സ്ത്രീകൾക്ക് ഉയരങ്ങൾ കീഴടക്കാൻ കരുത്തായതും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി അരലക്ഷത്തോളെ വനിതാ റൈഡർമാർ ആ റൈഡിന് അപേക്ഷിച്ചിരുന്നു. എന്നാൽ വിവിധ ഘട്ടങ്ങളിലായി നടത്തിയ ടെസ്റ്റുകൾക്ക് ശേഷം 10 പേരെയാണ് തിരഞ്ഞെടുത്തത്.

Anam Hashim, Photos Courtesy: Facebook

ആദരവായി സ്കൂട്ടി സെസ്റ്റ് സ്പെഷൽ എഡിഷൻ

അനം ഹാഷിമിന്റെ പ്രതിഭയെ ആദരിച്ചു കൊണ്ട് ടിവിഎസ് മോട്ടോഴ്സ് സ്കൂട്ടി സെസ്റ്റ് 110ന്റെ ഒരു സ്പെഷൽ എഡിഷൻ പുറത്തിറക്കി. 18,380 അടി ഉയരത്തിൽ റൈഡിങ് നടത്തിയതിനുള്ള ബഹുമതിയായി ഒരു എബ്ലം പതിപ്പിച്ച സ്പെഷൽ എഡിഷൻ ഹിമാലയൻ മലനിരകളെ ഓർമിപ്പിക്കുംവിധം ബ്രൗൺ നിറവും ബീജ് പാനലും ഉൾപ്പെടുത്തിയാണ് ഇറക്കിയത്. പുതിയ ടേപ്പ് സെറ്റ്, ബോഡി കളർ മിറർ, ബോഡി കളർ സ്വിച്ച് പാനലുകൾ എന്നിവയായിരുന്നു ഇതിന്റെ മറ്റ് പ്രത്യേകതകൾ. 110 സിസി എൻജിൻ കരുത്തേകിയ സ്കൂട്ടി സെസ്റ്റിന് കമ്പനി വാഗ്ദാനം ചെയ്തത് 62 കിലോമീറ്റർ മൈലേജാണ്. സിവിടിഐ ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.