ബുള്ളറ്റ് കഴിഞ്ഞേ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് മറ്റു ബൈക്കുകൾ ഉള്ളൂ. ബൈക്കുകളെ തന്നെ നാം രണ്ടായി കാണുന്നു. ഒന്നു ബുള്ളറ്റും മറ്റേത് ബാക്കി ബൈക്കുകളും. എന്തുകൊണ്ടാണ് റോയൽ എന്‍ഫീൽഡ് ബുള്ളറ്റുകൾ നമുക്കിത്ര പ്രിയങ്കരമായത്?. ഒരു ബൈക്കിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയ കമ്പനി ഇന്ന് നിരവധി ബൈക്കുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും അവയെയൊക്കെ ബുള്ളറ്റ് എന്ന ഓമനപ്പേരിലാണ് നാം വിളിക്കുന്നത്.
കഴിഞ്ഞ 60 വർഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയ ബൈക്കായി ബുള്ളറ്റ് നിലനിൽക്കുന്നതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ് ചെയ്സിങ് ബുള്ളറ്റ് എന്ന ഡോക്യുമെന്ററി. ബുള്ളറ്റിന്റെ ആരാധകരുടെ വാക്കുകളിലൂടെ മുന്നേറുന്ന ഡോക്യുമെന്ററിയുടെ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതും എഡിറ്റ് ചെയ്തതും ക്രിസ് സാഹ്നറാണ്. എന്തുകൊണ്ട് ബുള്ളറ്റ് തങ്ങളുടെ പ്രിയ ബൈക്കായെന്നും ഇന്നും അത് അങ്ങനെ തന്നെ നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും ഈ ഡ്യോക്യുമെന്ററിയിലൂടെ ബുള്ളറ്റ് ആരാധകർ പറയുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും അധികം ഇണങ്ങിയ ബൈക്ക് എന്ന് ഇവർ വിശേഷിപ്പിക്കുന്ന ബൈക്കിന്റെ പ്രധാന പോരായ്മകളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ബുള്ളറ്റ് പ്രേമികളെ മാത്രമല്ല ബുള്ളറ്റ് മെക്കാനിക്കുകളെക്കൂടി ഉൾക്കൊള്ളിച്ചാണ് ക്രിസ് തന്റെ ഹൃസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്.
Chasing the Bullet - a Royal Enfield documentary
ബുള്ളറ്റ് ചരിത്രത്തിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം
റോയൽ എൻഫീൽഡ്
1850 ൽ രൂപം കൊണ്ട ജോർജ് ടൗൺസെൻഡ് എന്ന കമ്പനിയിൽ നിന്നാണ് റോയൽ എൻഫീൽഡിന്റെ തുടക്കം. ആദ്യം തുന്നൽ സൂചികളും പിന്നീട് എൻഫീൽഡ് എന്ന പേരിൽ സൈക്കിളുകളും കമ്പനി നിർമ്മിച്ചു. 1889 ൽ കമ്പനിയുടെ പേര് എൻഫീല്‍ഡ് സൈക്കിൾസ് എന്നായി മാറി. തുടർന്ന് കമ്പനിയുടെ പേര് റോയൽ എൻഫീൽഡ് എന്നാക്കി മാറ്റി. 1912ലാണ് ആദ്യത്തെ റോയൽ എൻഫീൽഡ് ബൈക്ക് പിറക്കുന്നത്. അതിനുമുമ്പ് ചില പരീക്ഷണങ്ങളെല്ലാം നടത്തിയിട്ടുണ്ടെങ്കിലും കമ്പനിയുടെ ആദ്യ ബൈക്കായി കണക്കാക്കുന്നത് 1912 ൽ പുറത്തിറങ്ങിയ മോഡൽ 180 ആണ്. 770-സിസി ട്വിൻ സിലിണ്ടർ എൻജിനുണ്ടായിരുന്ന ഈ വാഹനം ജനപ്രിയമാകുകയും ചെയ്തു.
ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പു തന്നെ റോയൽ എൻഫീൽഡ് ബ്രിട്ടീഷ് പട്ടാളത്തിനു ബൈക്കുകൾ നിർമ്മിച്ചു നൽകിത്തുടങ്ങിയിരുന്നു. ഒപ്പം ഇംപീരിയൽ റഷ്യൻ ആർമിക്ക് ബൈക്കുകൾ നൽകാനുള്ള കരാറും എൻഫീൽഡ് നേടിയെടുത്തു. 1921ലാണ് എൻഫീൽഡ് ആദ്യമായി 350സിസി 4സ്ട്രോക്ക് എൻജിൻ ഉപയോഗിക്കുന്നത്. ഇന്നു നാം കാണുന്ന ബുള്ളറ്റ് എൻജിന്റെ ആദ്യ രൂപമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധ സമയത്തും ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി നിരവധി ബൈക്കുകൾ റോയൽ എൻഫീൽഡ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.
എൻഫീൽഡ് ഇന്ത്യ
നാൽപ്പതുകളുടെ അവസാനത്തിൽ റോയൽ എൻഫീൽഡ് ഇന്ത്യയിലെത്തിയെങ്കിലും അത്ര പ്രചാരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ആർമി എൻഫീൽഡിനെ സ്വന്തമാക്കിതുടങ്ങിയതോടെയാണ് ഇന്ത്യൻ കമ്പനിയുടെ നല്ലകാലം ആരംഭിച്ചത്. അതിർത്തി പ്രദേശങ്ങളിൽ വിശ്വസിച്ച് ഓടിക്കാവുന്ന ഇരുചക്രവാഹനത്തിന് വേണ്ടിയുള്ള ഇന്ത്യൻ ആർമിയുടെ അന്വേഷണമാണ് ബ്രിട്ടനിലെ റോയൽ എൻഫീൽഡിൽ ചെന്നവസാനിച്ചത്. 800 ബുള്ളറ്റുകളാണ് ഇന്ത്യൻ ആർമി എൻഫീൽഡിൽ നിന്ന് സ്വന്തമാക്കിയത്.
ഇന്ത്യയിൽ പ്രചാരം വർദ്ധിച്ചതോടെ 1955 ൽ മദ്രാസ് മോട്ടോഴ്സുമായി സഹകരിച്ച് ഇന്ത്യയിൽ നിർമ്മാണ ഫാക്റ്ററി സ്ഥാപിച്ചു. എന്നാൽ ജന്മനാട്ടിൽ റോയൽ എൻഫീൽഡിന് അത്ര നല്ല കാലമായിരുന്നില്ല. ബ്രിട്ടീഷ് വിപണിയിൽ പിടിച്ചു നിൽക്കാൻ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും 1971ൽ ബ്രിട്ടനിലെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. എങ്കിലും ഇന്ത്യയിൽ കമ്പനി വളരുകയായിരുന്നു. 1981 കാലഘട്ടത്തിൽ വർഷത്തിൽ 25000 ബൈക്കുകൾ വരെ കമ്പനി വിറ്റു. എന്നാൽ ആ കുതിപ്പ് അധിക കാലം തുടരാനായില്ല, 1987 ൽ കമ്പനി നഷ്ടത്തിലായി. 1990 എയ്ഷർ കമ്പനിയുമായുള്ള പങ്കാളിത്തത്തോടെ മാറ്റങ്ങൾ കണ്ടു തുടങ്ങി. 1994 ൽ റോയൽ എൻഫീൽഡിനെ പൂർണ്ണമായും എയ്ഷർ ഏറ്റെടുത്തു. പിന്നീട് റോയൽ എൻഫീൽഡിന്റെ വളർച്ചയുടെ നാൾ വഴികളായിരുന്നു. പഴയ പ്രതാപത്തിലേയ്ക്ക് എത്തിയ കമ്പനി ഇന്ത്യയുടെ മുൻ നിര ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായി മാറി.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബൈക്ക് നിർമ്മാതാക്കൾ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും എൻഫീൽഡിന് നമ്മുടെ മനസിലുള്ള സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ല.