വായനാസുഖമുള്ള പുസ്തകം പോലെയാണു ചിലരുടെ ജീവിതം. നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കണ്ട് കാറ്റിനൊപ്പം, കടലിനൊപ്പം, മഞ്ഞിനൊപ്പം യാത്ര ചെയ്യുന്നവരാണിവര്‍. ജീവിതത്തെ പട്ടം പോലെ അഴിച്ചു വിട്ടവര്‍. കാണാത്ത കടലുകള്‍ക്കും തീരങ്ങള്‍ക്കും മഞ്ഞുവീഴുന്ന മലകള്‍ക്കും അവിടത്തെ നിലാവിനും സായന്തനങ്ങള്‍ക്കും വേണ്ടി മാത്രം യാത്ര പുറപ്പെട്ടവര്‍. അവരുടെ ജീവിതം മനുഷ്യരാശിക്കു കൗതുകങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുളളൂ. ആ യാത്രയെക്കുറിച്ചുള്ള എഴുത്തും ചിത്രങ്ങളും മാത്രമല്ല, അവരുടെ ജീവതാളത്തിന്റെ ഭാഗമായ, യാത്രയ്‌ക്കൊപ്പം കൂട്ടുപോയ വാഹനങ്ങളും കൗതുകത്തിന്റെ നോട്ടുപുസ്തകങ്ങളാണ്. ആ വാഹനമായിരിക്കും അവരുടെ യാത്രയെ ലോകത്തിനു പരിചിതമാക്കുന്നതും പോലും... ജോറിക്കിന്റെയും പോളനിയുടേയും യാത്രയെപ്പോലെ.
ജോറിക്കിന്റെയും പോളനിയുടേയും പ്രണയാര്‍ദ്രമായ ഹോളണ്ട് യാത്രയിലെ പ്രധാനതാരം മഹീന്ദ്രയുടെ മാക്‌സി ക്യാബാണ്. കേരള റജിസ്‌ട്രേഷനുള്ള ഈ ഡീസൽ വാഹനത്തിലാണ് ഇവര്‍ സ്വന്തം നാടായ ഹോളണ്ടിലേക്കു റോഡു മാര്‍ഗം യാത്ര തിരിച്ചത്. നാലു മാസം മുന്‍പ്, ഇന്ത്യയും പാക്കിസ്ഥാനും ഇറാനും തുര്‍ക്കിയും യൂറോപ്പും കടന്ന്, ഉരുകും വെയിലുള്ള മരുഭൂമികളും ഹിമാലയത്തിലെ കൊടുംതണുപ്പും പര്‍വതങ്ങളും പെരുമഴയും മഞ്ഞുവീണുറഞ്ഞ പാതയോരങ്ങളും കടന്ന് ഹോളണ്ടിലേക്കുള്ള 13,500 കിലോമീറ്ററുകള്‍ താണ്ടാന്‍ കൂട്ടുനിന്നത് മഹീന്ദ്രയുടെ ഈ പഴഞ്ചന്‍ വാഹനമാണ്. ജോറിക്കും പോളിനുമൊപ്പം ഉറങ്ങിയും ഉണര്‍ന്നും മഞ്ഞു പുതച്ചും കാറ്റും വെയിലും കൊണ്ടും മഴ നനഞ്ഞും പിണങ്ങാതെ, കയര്‍ക്കാതെ നാലു മാസം മാക്‌സി കാബുമുണ്ടായിരുന്നു.
ജോലിയും വീടും പിന്നെയിടയ്ക്ക് ആഘോഷങ്ങളുമെന്ന പതിവു ശീലത്തോടു വിട പറഞ്ഞ് ഇരുവരും യാത്ര തുടങ്ങിയത് ഒരു വര്‍ഷം മുന്‍പാണ്. അതു തുടങ്ങാനൊരിടമായി തെരഞ്ഞെടുത്തത് കേരളത്തെയും. ഇന്ത്യന്‍ പര്യടനടത്തില്‍ ഹിമാലയത്തിന്റെ താഴ് വരയില്‍ ബസിലും വാടയ്‌ക്കെടുത്ത ബുള്ളറ്റിലും കറക്കം തിരിച്ചുപോക്ക് റോഡിലൂടെ ആക്കിയാലോ എന്ന ചിന്ത ജോറിക്കിലുതിച്ചു. എന്നാല്‍ പോളിനിക്ക് നാലുമാസമെടുക്കുന്ന ബൈക്കിലെ യാത്ര വിരസമായി തോന്നി. പിന്നീടുള്ള ചോയ്‌സ് മഹീന്ദ്ര മാക്‌സി ക്യാബായിരുന്നു. മധുരയില്‍ വെച്ച് ഇരുവരും മാക്‌സിയുമായി പ്രണയത്തിലായി. ജോറിക്കിന്റെയും പോളനിയുടേയും യാത്രയ്ക്കു കൂട്ടായ വാഹനത്തെ അവര്‍ തേടിപ്പിടിച്ചു സ്വന്തമാക്കിയ രീതി പോലും ഒരു വലിയ കഥയാണ്.
അധികം കോംപ്ലിക്കേഷനൊന്നുമില്ലാത്ത സിമ്പിള്‍ ടെക്നോളജിയുള്ള വാഹനമായതുകൊണ്ടാണ് മഹീന്ദ്രയുടെ മാക്‌സി ക്യാബിനെ തിരഞ്ഞെടുത്തത് എന്നാണ് ജോറിക്ക് പറയുന്നത്. പാർട്സുകളുടെ വില കുറവും, നന്നാക്കാനുള്ള എളുപ്പവും മാക്സി ക്യാബിനോട് കൂടുതൽ അടുപ്പം സൃഷ്ടിച്ചു. കേരളത്തിലെത്തി മൂന്നു ദിവസമാണ് വാഹനം തേടാന്‍ ഇരുവരും നീക്കി വച്ചത്. ആദ്യം കണ്ട വാഹനത്തിന്റെ പേപ്പറുകള്‍ ശരിയായിരുന്നില്ല. രണ്ടാമത്തേതും മൂന്നാമത്തേതും വില കൂടിയവയായിരുന്നു. പിന്നെയും ഒരു ദിവസം കൂടി കാത്തിരിക്കാന്‍ ഇരുവരും തയാറായി. അന്നാണ് 2004 മോഡല്‍ മാക്‌സി ക്യാബ് കാണാനിടയായത്. 17,5000 രൂപയ്ക്കു വാഹനം കച്ചവടവുമുറപ്പിച്ചു. ഒരു വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സംഘടിപ്പിച്ചു നല്‍കിയതും ഉടമ തന്നെ. വെല്ലുവിളിയാകുമെന്നു വിചാരിച്ചത് റജിസ്‌ട്രേഷനായിരുന്നു. പക്ഷേ അതായിരുന്നില്ല യഥാര്‍ഥ ട്വിസ്റ്റ്. അവര്‍ക്കു വണ്ടി നല്‍കിയത് യഥാര്‍ഥ ഉടമയായിരുന്നില്ല. മൂന്നു വര്‍ഷം മുമ്പ് യഥാര്‍ഥ ഉടമയില്‍നിന്നു വാഹനം വാടകയ്‌ക്കെടുത്തയാളായിരുന്നു ഉടമയായി നടിച്ച് ജോറിക്കിനും പോളിനും അതു കൈമാറിയത്.
വാഹനം തരപ്പെട്ട സന്തോഷത്തില്‍ 'ബ്രിങ് അസ് ഹോം' എന്നു പേരിട്ട് ഫെയ്‌സ്ബുക്ക് പേജും യാത്രയ്ക്കായി സഹായമഭ്യര്‍ഥിച്ചുള്ള പോസ്റ്റുമെല്ലാം ഇവര്‍ നടത്തിയിരുന്നു. സ്വപ്നങ്ങളൊക്കെയും പറന്നകലുകയാണെന്നു തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്. പക്ഷേ ജോറിക്കും പോളിനും തോല്‍ക്കാനൊരുക്കമായിരുന്നില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ യാത്രയ്ക്കു സഹായിച്ചവര്‍ക്കെല്ലാം പണം തിരികെ നല്‍കണമെന്നും തീരുമാനിച്ചുറപ്പിച്ചു. ഉടമയെ ഒന്നുകൂടി കാണാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. അദ്ദേഹത്തിനൊപ്പം പരിഭാഷകരായി എത്തിയതാകട്ടെ സഹൃദയരായ മൂന്നു ചെറുപ്പക്കാരും. ഇന്ത്യന്‍ കോഫിഹൗസില്‍ വച്ചു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരും കൊതിച്ച വാഹനം കിട്ടുകയായിരുന്നു. വാഹനം റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കു വിലങ്ങു തടിയായേക്കാവുന്ന 'വിദേശി' എന്ന ടാഗ്ലൈനും ഇരുവരും മറികടന്നു. എല്ലാവരോടും തങ്ങളുടെ സ്വപ്നത്തെക്കുറിച്ച് ഉള്ളുതുറന്നു സംസാരിച്ചതിലൂടെയായിരുന്നു അത്. യാത്രയില്‍ ഉടനീളം ഒരു സഹയാത്രികനായിരുന്ന മാക്‌സി. 10000 കിലോമീറ്റര്‍ വരെ പ്രധാനമായി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയില്ല. അൽപ്പം മെക്കാനിക്ക് ജോലി അറിയാവുന്നതുകൊണ്ട് യാത്രയിലൂടെ നീളം ഉപകാരപ്പെട്ടു. അവസാനത്തെ 2000 കിലോമീറ്ററിലാണ് എന്‍ജിന‍് കുറച്ചു പ്രശ്‌നങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത്. എൻജിന്റെ വി-ബെൽറ്റ് പൊട്ടിയപ്പോൾ പോളിനിന്റെ കാലുറ കെട്ടിവെച്ച് ഏകദേശം 35 കിലോമീറ്റോളം സഞ്ചരിച്ചാണ് തൊട്ടടുത്ത വർഷോപ്പിലെത്തിയത്. മറ്റൊരു വാഹനമായിരുന്നെങ്കിൽ ഇതൊക്ക സാധിക്കുമായിരുന്നു എന്നു തോന്നുന്നില്ല.
യാത്രകളിലൂടെ ഒരായിരം കഥകള്‍ നമ്മുടെ ജീവിതത്തിലേക്കു വരും. പക്ഷേ ജോറിക്കിന്റെയും പോളിന്റെയും ജീവിതം തന്നെ മറ്റൊരു കഥയാകുകയായിരുന്നു. വിസ്മയങ്ങള്‍ മാത്രം തീര്‍ത്ത ആ യാത്ര തുടങ്ങുമ്പോള്‍ ജോറിക്കും പോളിനും കണ്ടുമുട്ടിയിട്ട്, സുഹൃത്തുക്കളായിട്ട് അന്ന് നാലു വര്‍ഷത്തോളമായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ജോറിക്ക് പരമ്പരാഗത വിവാഹരീതിയില്‍ വിശ്വസിച്ചിരുന്നുകൂടിയില്ല. എങ്കിലും വിസ്മയിപ്പിക്കുന്ന യാത്രയ്ക്കിടയില്‍ പോളിനെ അല്‍ഭുതപ്പെടുത്തി ഗംഗയുടെ തീരത്തു വച്ച് ജോറി അവളെ ജീവിതസഖിയാകാന്‍ ക്ഷണിച്ചു. ഇന്തോനീഷ്യയിലെ ബാലിയില്‍ ഇക്കഴിഞ്ഞ കഴിഞ്ഞ ഡിസംബര്‍ 12ന് ഇരുവരും വിവാഹിതരുമായി.
യാത്രയുടെ ഓരോ നിമിഷത്തെയും എഴുത്തുകളിലൂടെയും ചിത്രങ്ങളിലൂടെയും ലോകവുമായി പങ്കിട്ടു ഇരുവരും. ജോറിക്കിന്റെയും പോളിന്റെയും യാത്ര ലോകത്തെയും ഒപ്പം കൂട്ടിക്കൊണ്ടുപോയത് അങ്ങനെയാണ്. കണ്ടറിഞ്ഞ തെരുവുകളിലെ രുചികളും സാധാരണക്കാരായ ആളുകളുടെ ചിരിയുമെല്ലാം ക്യാമറയിലാക്കി അതു നമുക്കു കാട്ടിത്തരുമ്പോഴും ആ കാഴ്ച പക്ഷേ ചെന്നുനില്‍ക്കുന്നത് മാക്‌സിന്റെ വീലുകളിലേക്കാണ്. രണ്ടാളുടെ ജീവിതത്തോടൊപ്പം സഞ്ചരിച്ച, പകിട്ടുകളില്ലാത്ത ആപഴഞ്ചന്‍ നാല്‍ചക്ര വാഹനത്തിലേക്ക്... അയാളൊന്നു പിണങ്ങിയിരുന്നുവെങ്കില്‍ ആ യാത്ര ഒരുപക്ഷേ, ഇനിയും വായിക്കാത്തൊരു പുസ്തകം പോലെ അവരില്‍നിന്നകന്നുതന്നെ നിന്നേനേ...