രശ്മി കൂപ്പർ, ഡോ സൗമ്യ ഗോയൽ, നിഥി തിവാരി എന്നീ ഉറ്റസുഹൃത്തുക്കൾ തങ്ങളുടെ സ്വപ്നം പൂർത്തീകരിക്കാനായി ഒരു യാത്ര പുറപ്പെട്ടു. ഡെൽഹിയിൽ നിന്നും ആരംഭിച്ച് 17 രാജ്യങ്ങളിലൂടെ 21477 കിലോമീറ്റർ നീണ്ട ആ യാത്ര അവസാനിച്ചത് ലണ്ടനിലാണ്. മ്യാൻമാർ, ചൈന, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, റഷ്യ, ഫിൻലന്റ്, ചെക്ക് റിപ്പബ്ലിക്ക്, ജർമനി തുടങ്ങി യൂറോപ്പിലും ഏഷ്യയിലുമായുള്ള 17 രാജ്യങ്ങളിലൂടെ കടന്നു പോയ യാത്രയിൽ അവർക്കു കൂട്ടായത് മഹീന്ദ്രയുടെ എസ് യു വി സ്കോർപ്പിയോയും.
പതിനഞ്ചു വർഷം മുമ്പ് കണ്ട സ്വപ്നമാണ് ബെംഗളൂരൂ സ്വദേശികളായ മൂവർ സംഘം ഈ യാത്രയിലൂടെ യാഥാർത്യമാക്കിയത്. മഹീന്ദ്ര ഫസ്റ്റ് ചോയിസിന്റെ സ്പോൺസർഷിപ്പിൽ സ്കോർപ്പിയോ ലഭിച്ചതോടെ പുറം തിരിഞ്ഞു നോക്കാതെ ഇവർ യാത്ര തിരിക്കുകയായിരുന്നു.
അധ്യാപികയായ നിഥിയാണ് ലോകം ചുറ്റിയ ഇൗ സംഘത്തിന്റെ നേതാവ്. ഓഫ് റോഡിങ്, ദീർഘദൂര യാത്രകൾ ഇഷ്ടപ്പെടുന്ന നിഥി തന്നെയാണ് ഈ ദൂരമത്രയും വാഹനമോടിച്ചതും. ഫീസിയോതെറാപ്പിസ്റ്റാണ് സൗമ്യ ഗോയൽ. അഡ്വഞ്ചർ സ്പോർട്ട്സ് പ്രേമിയും അധ്യാപികയുമാണ് രശ്മി കൂപ്പർ. വുമൺ ബിയോണ്ട് ബൗണ്ടറീസ് എന്നാണ് ഇവർ ഇൗ സാഹസിക യാത്രയ്ക്കു നൽകിയ പേര്.
ദിവസം 600 കിലോമീറ്റർ സഞ്ചരിച്ച് 97 ദിവസം നീണ്ടു നിന്ന യാത്ര അവസാനിച്ചത് ഓക്ടോബർ 29നാണ്. ഇന്ത്യയിൽ നിന്ന് റോഡുമാർഗം ലണ്ടനിലെത്തുന്ന ആദ്യത്തെ വനിതകൾ എന്ന ബഹുമതിയും ഇതോടെ ഇവരുടെ പേരിലായി. ആർട്ടിക് സർക്കിൾ മറികടക്കുന്ന ആദ്യത്തെ ഇന്ത്യൻ വാഹനം എന്ന പേര് ഇവരിലൂടെ സ്കോർപ്പിയോയ്ക്കും സ്വന്തമായി. നേരത്തെ മലയാളികളായ ലാൽ ജോസ്, സുരേഷ് ജോസഫ്, ബൈജു എൻ നായർ എന്നിവർ കൊച്ചിയിൽ നിന്ന് ലണ്ടൻ വരെ കാറിൽ യാത്ര ചെയ്തിട്ടുണ്ട്.
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് അതിരുകൾ തീർക്കേണ്ട എന്നാണ് ഈ യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ഡോ ഗോയൽ പറയുന്നു. പരിചിതമല്ലാത്ത സ്ഥലങ്ങളിലൂടെ, ഭാഷപോലും അറിയാത്ത രാജ്യങ്ങളിലൂടെ, അതിശൈത്യത്തെ മറികടന്ന് ലണ്ടനിൽ എത്താനായതിൽ അഭിമാനിക്കുന്നു എന്ന് രശ്മി കൂപ്പർ പറയുന്നു. മുപ്പതിന്റെ യുവത്വത്തിൽ ഇവർ നടത്തിയ യാത്ര ഓരോ സ്ത്രീയ്ക്കും അഭിമാനിക്കാവുന്നതാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.