പ്ലീസ്, ടോറസിനെ അങ്ങനെ വിളിക്കരുത്

ഇരട്ടപ്പേരിടാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക സാമർഥ്യമുണ്ട്. അക്കാര്യത്തിൽ വാഹനങ്ങളെപ്പോലും നാം വെറുതെ വിടാറില്ല. പഴയ കൽക്കരി ബസ്സുകളെ കരിവണ്ടിയെന്നും ബോണറ്റ് നീണ്ട ടാറ്റയുടെ ലോറിയെ മൂക്കൻ ലോറിയെന്നും പമ്മി പമ്മിപോകുന്ന തടിയൻ റോഡ് റോളറിനെ അമ്മാവൻ വണ്ടിയെന്നും നമ്മൾ വിളിച്ചിട്ടുണ്ട്.

നാഷനൽ പെർമിറ്റ് ലോറി ഹരിയാന റജിസ്ട്രേഷൻ ആണെങ്കിൽ പോലും നാം പാണ്ടിലോറി എന്നേ വിളിക്കൂ. ആനയുടെ ചിത്രം എംബ്ലത്തിൽ ഉള്ളതുകൊണ്ടാണോ, ആനയെപ്പോലെ വലുപ്പമുള്ളതുകൊണ്ടാണോ എന്നറിയില്ല. കെഎസ്ആർടിസി നമുക്ക് ആനവണ്ടിയാണ് ടാറ്റയുടെ ഐറിസ് എന്ന ചെറുവാഹനം റോഡിൽ നിറഞ്ഞപ്പോൾ വെള്ള നിറമുള്ളവയ്ക്ക് വെള്ളിമൂങ്ങ എന്നും കറുത്ത നിറമുള്ളവയ്ക്ക് കരിവണ്ട് എന്നും പേരിട്ട കാവ്യഭാവനയാണു നമ്മുടേത്.

ഇങ്ങനെ പേരിടീൽ വീരന്മാരായി വിലസുന്ന നാം പല വാഹനങ്ങളെയും യഥാർഥ പേരെന്നു കരുതി വിളിക്കുന്നത് അവയുടെ കമ്പനി, മോഡൽ തുടങ്ങിയവയുമായി ഒരു ബന്ധവുമില്ലാത്ത അടിസ്ഥാനരഹിതമായ ചില പേരുകളാണെങ്കിലോ.. മലയാളികൾ പേരുകൊണ്ട് ഇരുത്തിക്കളഞ്ഞ ചില വാഹനങ്ങളെ പരിചയപ്പെടാം.

ടോറസ് ലോറി

ഹെവിഡ്യൂട്ടി ടിപ്പർ ലോറികളെ പൊതുവേ മലയാളികൾ ടോറസ് എന്നു വിളിക്കുന്നതാണ് അടുത്തകാലത്തായി ഏറ്റവും പ്രചാരത്തിലുള്ള ഒരു അബദ്ധം. ഭാരത് ബെൻസ്, ടാറ്റ, മാൻ, മഹീന്ദ്ര, അശോക് ലെയ്‌ലൻഡ് തുടങ്ങി ഏതു കമ്പനിയുടെയും ഹെവിഡ്യൂട്ടി ട്രക്കുകൾ നമുക്ക് ടോറസ് ലോറിയാണ്.

യഥാർഥത്തിൽ ടോറസ് എന്നത് അശോക് ലെയ്‌ലാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ മൾട്ടി ആക്സിൽ ട്രക്കാണ് ഇന്നു കാണുന്ന ഹെവിഡ്യൂട്ടി ടിപ്പറുകളുടെ രൂപവുമായി ആ ടോറസിന് ഒരു സാമ്യവുമില്ല. ചരക്കു നീക്കത്തിനു വ്യാപരമായി ഉപയോഗിക്കുന്ന നമ്മൾ പാണ്ടിലോറിയെന്നു വിളിക്കുന്ന, പത്തോ അതിലേറെയോ ചക്രങ്ങൾ ഉള്ള നാഷനൽ പെർമിറ്റ് ലോറിയോടാണ് ടോറസിനു സാമ്യം. 40 ടണ്ണിനൂ മുകളിലൊക്കെ ശേഷിയുള്ള കരുത്തൻമാരായ ടിപ്പറുകൾക്കു ഗ്രീക്ക് പുരാണങ്ങളിലെ ടോറസ് എന്ന കാളക്കൂറ്റനോടു സാമ്യം തോന്നിയതുകൊണ്ടാണോ എന്തോ മലയാളികളുടെ തലയിലും നാവിലും ഈ ടോറസ് സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

ജെസിബി

കുറച്ചുകൂടി പഴക്കമുള്ള ഒരു അബദ്ധമാണ് ഇത്.എക്സവേറ്ററുകൾ എല്ലാം നമുക്ക് ജെസിബിയാണ്. കമ്പനി എസ്കോർട്സോ, ടാറ്റയോ, മഹീന്ദ്രയോ, കാറ്റർപില്ലറോ ആയിക്കൊള്ളട്ടേ, എക്സവേറ്റർ ഓടുന്നത് ടയറിൽ ആണെങ്കിൽ അതിനെ നമ്മൾ ജെസിബി എന്നേ വിളിക്കൂ. യഥാർഥത്തിൽ ജെസിബി എന്നത് ഒരു ബ്രാൻഡ് നെയിം മാത്രമാണ്. ബ്രിട്ടീഷുകാരനായ ജോസഫ് സിറിൽ ബാൻഫോർഡ് എന്ന വാഹനനിർമാതാവിന്റെ ചുരുക്കപ്പേരാണ് ജിസിബി. അദ്ദേഹത്തിന്റെ കമ്പനിയുടെ പേരും അതുതന്നെ. ഇന്നു കാണുന്ന വിധത്തിൽ ബാക്ഹോയ്(backhoe-എസ്കവേറ്ററിന്റെ പിന്നിൽ ആനയുടെ തുമ്പിക്കൈപോലെ നീണ്ടു നിൽക്കുന്ന ഭാഗം. ഇത് ഉപയോഗിച്ചാണ് മണ്ണും മറ്റും കോരി ലോറിയിൽ നിറയ്ക്കുന്നത്) ഉള്ള എസ്കവേറ്റർ ആദ്യമായി അവതരിപ്പിച്ചത് ബാൻ ഫോർഡാണ്. നിർമ്മാണ മേഖലാ ഉപകരണങ്ങളുടെ നിർമാതാക്കളിൽ ലോകത്തിലെ ഒന്നാം നിരക്കാരാണ് ജെസിബി.

ഹിറ്റാച്ചി

ടയറിൽ ഓടുന്ന മണ്ണുമാന്തികളെ ജെസിബി എന്നു വിളിക്കുന്നതുപോലെതന്നെ ചെയിനിൽ ഓടുന്ന എസ്കവേറ്ററുകളെ ഹിറ്റാച്ചി എന്നും സാധാരണക്കാർ പൊതുവായി വിളിക്കുന്നു. യഥാർഥത്തിൽ ക്രൗളർ എസ്കവേറ്റർ എന്നാണ് ഇവയുടെ പേര്. ക്രൗളർ എസ്കവേറ്റർ നിർമിക്കുന്ന ഒരു കമ്പനി മാത്രമാണ് ഹിറ്റാച്ചി. ഹിറ്റാച്ചിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ടാറ്റ നിർമിച്ച ക്രൗളറുകളാണ് നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നത്. ഉരുക്കു ചെയിൻ ഉരഞ്ഞ് റോഡിനു കേടുവരാതിരിക്കാനാണ് ഇവയെ ലോറിയിൽ കൊണ്ടുവരുന്നത്. റോഡ് ഇല്ലാത്ത ഇടങ്ങളിലേക്കു കയറിപ്പോകാനും ഉപകരണത്തിന്റെ ഭാരം ചെയിനിന്റെ അത്രയും വ്യാസത്തിൽ ഭൂമിയിലേക്കു പടർന്നു കൂടുതൽ സ്ഥിരത ലഭിക്കാനുമാണ് ഇവയ്ക്കു ചെയിൻവീൽ നൽകിയിരിക്കുന്നത്.

ടെമ്പോ ട്രാവലർ

പത്തു വർഷം മുൻപേ ബജാജ് ടെമ്പോ ലിമിറ്റഡ് പേരുമാറ്റം നടത്തി ഫോഴ്സ് മോട്ടോഴ്സ് ആയെങ്കിലും നമ്മൾ ഇപ്പോഴും കല്യാണത്തിനു പോകാൻ ടെമ്പോ ട്രാവലർ ആണ് ബുക്ക് ചെയ്യുന്നത്. 2001 ൽ ജർമൻ കമ്പനിയായ ടെമ്പോയുമായുള്ള ബന്ധം ഉപേക്ഷിച്ച കമ്പനി 2005 ൽ പേരും മാറ്റി. ട്രാവലർ, ട്രാക്സ്, ക്രൂസർ തുടങ്ങിയ ജനപ്രിയ വാഹനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും സ്വർണക്കടക്കാരൻ അരിപ്രാഞ്ചി എന്നു വിളിക്കപ്പെടുന്ന സി ഇ ഫ്രാൻസിസിന്റെ ഗതിതന്നെയാണ് ഫോഴ്സിന്റെ ടെമ്പോ ട്രാവലറിനും.

ബുള്ളറ്റ്

റോയൽ എൻഫീൽഡ് കമ്പനിയുടെ എല്ലാ ഇരുചക്രവാഹനങ്ങളും നമുക്കു ബുള്ളറ്റാണ്. കമ്പനിയുടെ ഒരു പ്രത്യേക മോഡൽ ബൈക്ക് മാത്രമാണ് ബുള്ളറ്റ്. ബുള്ളറ്റ് 500. ബുള്ളറ്റ് 350, ബുള്ളറ്റ് ഇലക്ട്ര എന്നിങ്ങനെ മൂന്നു വാഹനങ്ങൾ മാത്രമേ റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്ന പേരിൽ ഇറക്കിയിട്ടുള്ളൂ. തണ്ടർ ബേർഡ്, കോണ്ടിനന്റൽ ജിടി, ക്ലാസിക്, ഹിമാലയൻ തുടങ്ങിയ മോഡലുകളും എൻഫീൽഡിനുണ്ട്

ബെൻസ് ബസ്

1954 ൽ ആദ്യ വാണിജ്യവാഹനം നിർമിച്ച ടാറ്റയ്ക്കു ബെൻസുമായി ഉണ്ടായിരുന്ന സാങ്കേതിക സഹകരണം 15 വർഷത്തേക്ക് ആയിരുന്നു. 1969-ൽ കൂട്ടുകച്ചവടം അവസാനിച്ചെങ്കിലും നമ്മുടെ നാട്ടുകാർ ഇപ്പോഴും ആ ബെൻസ് ബന്ധം ഉപേക്ഷിച്ചിട്ടില്ല. ടാറ്റയുടെ എക്കാലത്തെയും മികച്ച തടിപിടിത്തക്കാരൻ 1210 എസ് ഇ ലോറി (ആടുതോമയുടെ ചെകുത്താൻ ലോറി തന്നെ) നമുക്ക് ഇപ്പോഴും ബെൻസ് ലോറിയാണ്. മെഴ്സിഡീസ് ബെൻസ്, ഭാരത് ബെൻസ് ബ്രാൻഡുകളിൽ ഡെയിംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് ഇന്ത്യയിൽ ബസ്സുകൾ ഇറക്കുന്നുണ്ട്. കെ എസ് ആർടിസി ഇതുവരെ അവ വാങ്ങിയിട്ടില്ലെങ്കിലും മിക്ക കെ എസ് ആർ ടി സി ഡ്രൈവർമാരുടെയും അഭിപ്രായത്തിൽ പെട്ടെന്നു പിക്അപ്പ് എടുക്കുന്നത് ബെൻസുവണ്ടിയാണ്. ടാറ്റയുടെ ബസ്സിനെയും ലോറിയെയുമാണ് ഇവർ ബെൻസ് ആക്കുന്നത്.

മാരുതികാർ

പിക് അപ്പിന്റെ കാര്യത്തിൽ ആൾട്ടോ ഒന്നും മാരുതികാറിന്റെ അയലത്തുവരില്ല മോനേ-നാട്ടിൻപുറത്തുകാരൻ ഇതു പറയുമ്പോൾ കേൾക്കുന്നവർ ആൾട്ടോ എന്താ മാരുതി അല്ലേ?എന്നൊന്നും വിചാരിക്കില്ല. ആൾട്ടോ, വാഗൺ ആർ, സ്വിഫ്റ്റ്, റിറ്റ്സ് തുടങ്ങി ഇപ്പോൾ സിയാസിനെയും ബലേനോയെയും വരെ മോഡൽ നെയിമിൽ വിളിക്കുമെങ്കിലും മാരുതി 800 നെ മാത്രം മാരുതികാർ എന്നു വിളിക്കാനേ മലയാളിക്കു മനസുവരൂ..