ബുള്ളറ്റ് ആരാധകർക്കിടയിലെ പ്രാധാന തർക്കമാണ് പഴയ ബുള്ളറ്റാണോ പുതിയ ബുള്ളറ്റാണോ നല്ലതെന്നത്. പുതിയ തലമുറ ബുള്ളറ്റ് പുറത്തിറങ്ങിയതോടെയാണ് കൂടുതൽ ആളുകൾ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ വാങ്ങാൻ തുടങ്ങിയതും റോയൽ എൻഫീൽഡ് ജനകീയമാകൻ തുടങ്ങിയതും. പഴയ ബുള്ളറ്റാണോ പുതിയ ബുള്ളറ്റാണോ മികച്ചത്, ഒരു താരതമ്യം.
സ്വാതന്ത്രത്തിനു മുമ്പേ തന്നെ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ ഇന്ത്യയിലെത്തിയത്. ഇന്ന് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ മികച്ചതും കരുത്തുറ്റതുമായ മോഡലുകളിലൊന്നാണു റോയൽ എൻഫീൽഡ്. ഇന്ത്യയിൽ നിർമിച്ചു വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യുന്ന ഏക ഇരുചക്രവാഹനവും ഒരു പക്ഷേ ഇതുമാത്രം. കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ ഏതാനും പുതിയ മോഡലുകൾ കമ്പനി അവതരിപ്പിക്കുകയുണ്ടായി. എന്നാൽ പഴയ മോഡൽ ഉപയോഗിച്ചിട്ടുള്ള ചിലരുടെയെങ്കിലും അഭിപ്രായത്തിൽ പഴയ മോഡൽ തന്നെ കൂടുതൽ മികച്ചത്. അതിനവർ നിരത്തുന്ന കാരണങ്ങളും പലതാണ്. മറ്റുള്ളവർ പറയുന്നതു കേട്ടു ചിന്താകുലരാകേണ്ട. പുതിയ മോഡലിനെക്കാൾ മികച്ചതാണോ സത്യത്തിൽ പഴയ എൻഫീൽഡ് എന്നറിയാൻ ഒരു വിശദമായ താരതമ്യ പഠനം നടത്തുകയാണിവിടെ.
ബോഡി & എന്‍ജിൻ
പഴയ എൻഫീൽഡ് എത്തിയിരുന്നത് എൻജിൻ, ഗിയർബോക്സ്, ക്ലച്ച് കെയ്സ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഭാഗങ്ങളായാണ്. തികച്ചും സ്വതന്ത്രമായി നിലനിന്നിരുന്ന ഈ ഭാഗങ്ങളാണ് വാഹനത്തിനു രൂപം കൊടുത്തിരുന്നത്. ഉയർന്ന പരിപാലന ചെലവു തന്നെയാണ് ഇതിന്റെ പ്രധാന പോരായ്മ. ഉദാഹരണത്തിന് ഓരോ പാർട്സിലും ഓയിൽ നൽകേണ്ടതുണ്ട്. ഇടയ്ക്കിടെ ഗ്യാസ്കെറ്റ് മാറ്റുകയെന്നതും ചെലവു കൂട്ടുന്നു.
പുതിയ മോഡലുകളിൽ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിൻ (യുസിഇ) ഉപയോഗിക്കുമ്പോൾ പഴയ മോഡലുകളിൽ കാസ്റ്റ് അയൺ എന്‍ജിനാണുള്ളത്. ട്രാൻസ്മിഷനിൽ എൻജിനു കരുത്ത് നഷ്ടപ്പെടുന്നുവെന്നതാണ് കാസ്റ്റ് അയൺ എന്‍ജിന്റെ പ്രധാന പോരായ്മ. പരമാവധി 33 ശതമാനം വരെ കരുത്തിനു കുറവ് സംഭവിയ്ക്കാം. ഉദാഹരണത്തിനു ക്രാങ്കിൽ 18 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ കരുത്ത് പിൻചക്രത്തിൽ എത്തുമ്പോൾ ലഭിക്കുക വെറും 12 ബിഎച്ച്പി മാത്രമായിരിക്കും. ഇത് ഇന്ധനക്ഷമതയെ സാരമായി ബാധിക്കുന്നു.
പുതിയ മോഡലുകളിൽ ഉപയോഗിക്കുന്ന യുസിഇ എൻജിനിൽ കരുത്തിന്റെ നഷ്ടം 20 ശതമാനം മാത്രമാണ്. ഉദാഹരണത്തിനു 19.5 ബിഎച്ച്പി എൻജിന്റെ കരുത്തിൽ 16 ബിഎച്ച്പി വരെ പിൻചക്രത്തിലെത്തുന്നു. 30 മുതൽ 35 കിലോമീറ്ററാണ് പഴയ കാസ്റ്റ് അയൺ എൻജിനുകൾ നൽകുന്ന പരമാവധി ഇന്ധനക്ഷമത. പുതിയ യുസിഇ എൻജിനുകൾ 45 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുന്നു.
ഹൈഡ്രോളിക് വാൽവുകളാണ് യുസിഇ എൻജിനുകളിൽ ഉപയോഗിക്കുന്നത്. ഏകദേശം 18,000 മുതൽ 20,000 കിലോമീറ്റർ വരെ ഈ വാൽവുകൾക്ക് ആയുസുണ്ട്. ഏറെ ദുർഘട വഴിയിലൂടെ സഞ്ചരിക്കുമ്പോഴും ഈ വാൽവുകൾക്ക് എളുപ്പത്തിൽ കേടുപാടുകൾ സംഭവിക്കാറില്ല. അതേ സമയം കാസ്റ്റ് അയൺ എൻജിനുകളിൽ ഉപയോഗിക്കുന്ന സോളിഡ് വാൽവുകൾ എളുപ്പത്തിൽ കേടുപാടു സംഭവിക്കുന്നവയാണ്.
ഓയിൽ സർക്കുലേഷൻ
ഓയിൽ സർക്കുലേഷനാണു മറ്റൊരു പ്രധാന വ്യത്യാസം. 1950കളിൽ രൂപകൽപന നടത്തിയ കാസ്റ്റ് അയൺ എൻജിനുകളിൽ പിസ്റ്റൺ ടൈപ് ഓയിൽ പമ്പുകളാണുള്ളത്. 5500 ആർപിഎമ്മിൽ മിനിട്ടിന് ഒരു ലിറ്റർ ഓയിലാണ് ഇവ പമ്പു ചെയ്യുന്നത്. 5500 ആർപിഎമ്മിൽ എൻജിൻ പ്രവർത്തിക്കുമ്പോൾ കൂളിങ്ങിനു ലഭിക്കുന്ന ഓയിൽ വളരെ പരിമിതമാണ്. എൻജിൻ തണുപ്പിക്കുന്നതിനിത് അപര്യാപ്തമാണ്. പ്രത്യേകിച്ചും കൂടിയ വേഗതയിൽ. അതേ സമയം 60 കിലോമീറ്റർ വേഗതയിൽ ഏറെദൂരം യാത്ര ചെയ്യുന്നതിനു പഴയ എൻഫീൽഡ് മികച്ചതാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ 60 കിലോമീറ്റർ എന്ന ശരാശരി വേഗം ഒരു പോരായ്മയാണെന്നതിൽ തർക്കമില്ല.
100 കിലോമീറ്റർ വേഗതയിൽ പഴയ എൻഫീൽഡ് റൈഡു ചെയ്യുന്നതു ചിന്തിക്കാൻ പോലുമാകില്ല. എൻജിന്റെ ഫ്ലോട്ടിങ് ബുഷ് ഓയിലിൽ മുങ്ങിനിൽക്കുന്ന അവസ്ഥയിൽ മാത്രമാണു പ്രവർത്തിക്കുന്നത്. മിനിട്ടിന് ഒരു ലിറ്റർ ഓയില്‍ എന്നത് ടോപ് സ്പീഡിൽ തികച്ചും അപര്യാപ്തമാണ്.
എവിഎൽ എൻജിന്‍
കാസ്റ്റ് അയൺ എൻജിനുകളുടെ പോരായ്മകൾ മനസിലാക്കിയതോടെയാണ് അവയ്ക്കു പകരം പുതിയൊരു എൻജിൻ വേണമെന്നു കമ്പനി ചിന്തിച്ചു തുടങ്ങിയത്. ഇതേത്തുടർന്നാണ് 1990ൽ എൻജിൻ പുനരുദ്ധാരണത്തിനായി ഓസ്ട്രിയൻ എൻജിൻ ഡിസൈൻ കമ്പനി എവിഎല്ലിനെ (AVL) കമ്പനി സമീപിക്കുന്നത്. കാസ്റ്റ് അയൺ എൻജിനുകളേക്കാൾ ഒരു പടി മികച്ചതാണ് എവിഎൽ എൻജിന്‍. ഗിയറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഓയിൽ പമ്പിനു മിനിട്ടിൽ 2.42 ലിറ്റർ ഓയിൽ വരെ പമ്പു ചെയ്യാനാകും. ഫ്ലോട്ടിങ് ബുഷുകളേക്കാൾ മികച്ച റോളർ എൻഡ് ബെയറിങ്ങുകൾ ഇതിലുപയോഗിച്ചിരിക്കുന്നത്.
ഈ മികവുകൾക്കിടയിലും എവിഎൽ എൻജിനു ജനപ്രീതി നേടാനായില്ല. അലുമിനിയം ബ്ലോക്കിന്റെ ഉപയോഗം എൻജിനെ മികച്ച രീതിയിൽ തണുപ്പിക്കുന്നുവെന്നു കണ്ടെത്തി. എന്നാൽ അലുമിനിയം വാല്‍വ് വലിയ ശബ്ദമുണ്ടാക്കുന്നു. ഇതിനു പുറമെ റോയൽ എൻഫീൽഡിന്റെ മുഖമുദ്രയായ തംപ് ശബ്ദം നഷ്‌ടപ്പെടുകയും ചെയ്തു. 40 കിലോമീറ്റർ വേഗത്തിൽ തംപ് ശബ്ദം മുഴക്കി റോഡിൽ കറങ്ങാനാഗ്രഹിച്ചിരുന്നവർക്ക് ആ ശബ്ദം നഷ്ടപ്പെട്ടത് ഉൾക്കൊള്ളാനായില്ല. ഇതു മൂലം എവിഎൽ എൻജിനുകളുടെ സ്വീകാര്യത നഷ്ടപ്പെട്ടു.
മൂന്നാമതെത്തിയ എൻജിന്‍ വകഭേദമാണു യുസിഇ. മികച്ച വാൽവ് അടക്കം ഏറെ മേന്മകളോടെയാണു യുസിഇ എൻജിനെത്തിയത്. ഈ എൻജിനു മിനിട്ടിൽ 9.5 ലിറ്റർ ഓയിൽ വരെ പമ്പ് ചെയ്യാനാകും. ഹാർഡ് റൈഡിങ്ങിലും പരിപാലന ചെലവു കുറവാണെന്നതും ശ്രദ്ധേയം. പിസ്റ്റൺ റിങ്ങാണ് ഉപയോഗിക്കുന്നത്. ഓയിൽ നഷ്ടം കുറയ്ക്കുന്നതിന് ഇതു സഹായിക്കുന്നു. അനായാസ സ്റ്റാർട്ടിങ്, മികച്ച പെർഫോമൻസ് എന്നിവ തന്നെയാണ് ഈ എൻജിന്റെ പ്രധാന മേന്‍മകൾ. യുസിഇ എൻജിനും തംപ് ശബ്ദമില്ലെന്നുള്ളതു ശ്രദ്ധേയമാണ്.
ഇനി ഉടനെ ഒരു റോയൽ എൻഫീൽഡ് സ്വന്തമാക്കാനൊരുങ്ങുന്നുവെങ്കിൽ നിങ്ങൾക്കു തീരുമാനിക്കാം പഴയ മോഡൽ വേണോ അതോ പുതിയ മോഡൽ വേണോ എന്ന്. കുറഞ്ഞ വേഗതയിൽ റൈഡ് ആസ്വദിക്കുന്നവരാണ് നിങ്ങളെങ്കിൽ ധൈര്യമായി പഴയ മോഡൽ തിരഞ്ഞെടുക്കാം. അതല്ല ഇനി നിങ്ങൾക്കു വേണ്ടത് മികച്ച വേഗമാണെങ്കിൽ പുതിയ മോഡൽ തിരഞ്ഞെടുക്കുക. ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. കാസ്റ്റ് അയൺ, എവിഎൽ എന്‍ജിൻ പാർട്സുകളുടെ ലഭ്യത ഇനി എത്രനാൾ തുടരുമെന്ന് ഉറപ്പില്ല. യുസിഇ എൻജിനുകളാണ് ബുള്ളറ്റിന്റെ ഫ്യൂച്ചറെന്ന് ഇതിൽ നിന്നു വ്യക്തം. പുതിയ വാഹനങ്ങൾക്കു രണ്ടു വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ (ആദ്യം പൂർത്തിയാകുന്നത്) വാറന്റി നൽകുന്നുണ്ട്. പഴയ മോഡലുകൾക്ക് 10,000 കിലോമീറ്റർ വാറന്റി മാത്രമാണ് നൽകിയിരുന്നത്.
എല്ലാ അർഥത്തിലും മികച്ചതാണു യുസിഇ എൻജിനുകൾ. ഏത് എന്‍ജിനുപയോഗിച്ചാലും കരുത്തിന്റെയും ഈടിന്റെയും കാര്യത്തിൽ എൻഫീൽഡിനു തുല്യം എൻഫീൽഡ് മാത്രം. അതിനാൽ ഏതു തിരഞ്ഞെടുത്താലും ഇവ നിങ്ങൾക്കാസ്വദിക്കാം. ഇനി പഴയതെന്നു കരുതി വലിയ വിലക്കുറവിൽ കിട്ടുമെന്നു കരുതുന്നതും തെറ്റാണ്. വർഷങ്ങൾ പഴക്കമുള്ള വിന്റേജ് ബുള്ളറ്റുകൾ വില്‍ക്കുന്നതു പുതിയ ബുള്ളറ്റിനോട് അടുത്തു തന്നെയോ അതേ വിലയ്ക്കോ ആണ്. പഴക്കം കൂടുന്തോറും വില വർധിക്കുമെന്ന് അർഥം.
പ്രധാന വ്യത്യാസങ്ങൾ
പുതിയ മോഡൽ
∙ദീർഘദൂര യാത്രകൾക്കു യോജിക്കുന്ന മികച്ച സീറ്റുകൾ
∙വലിയ ട്രാഫിക്കിലും മികച്ച ബാലൻസു നൽകുന്ന വൈഡ് ഹാൻഡിൽസ്
∙അനായാസ ഗിയർ ഷിഫ്റ്റ് പാറ്റേൺ
∙കുറഞ്ഞ പരിപാലനചെലവ്
∙മികച്ച ഇന്ധന ക്ഷമത
∙സെൽഫ് സ്റ്റാർട് ഓപ്ഷൻ, ഡിസ്ക് ബ്രേക്ക്, ഗ്യാസ് ഷോക്സ്,ഗുണനിലവാരമേറിയ സ്വിച്ചുകൾ
പഴയ മോഡലുകള്‍
∙എല്ലാവരും ഇഷ്ടപ്പെടുന്ന ശബ്ദം
∙ക്ലാസിക് റൈറ്റ് ഷിഫ്റ്റ്
∙50 കിലോമീറ്റർ വേഗതയിൽ (വരെ) മികച്ച കൺട്രോൾ
∙ട്രാഫിക്കില്‍ മികച്ച പെർഫോമൻസ്