Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യുകാറ്റി ‘മോൺസ്റ്റർ 797’, ‘മൾട്ടിസ്ട്രാഡ 950’ ഇന്ത്യയിൽ

Ducati Multistrada 950 Ducati Multistrada 950

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റിയുടെ രണ്ടു പുത്തൻ ബൈക്കുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ‘മോൺസ്റ്റർ 797’, ‘മൾട്ടിസ്ട്രാഡ 950’ എന്നിവയാണു കമ്പനി ഇന്ത്യയിൽ അവതിപ്പിച്ചത്. ‘മോൺസ്റ്ററി’ന് 7.77 ലക്ഷം രൂപയും ടൂററായ ‘മൾട്ടിസ്ട്രാഡ’യ്ക്ക് 12.60 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിലെ വില. ഇവയടക്കം മൊത്തം അഞ്ചു പുതിയ ബൈക്കുകളാണു ഡ്യുകാറ്റി ഇക്കൊല്ലം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക.  നിലവിൽ 19 മോഡലുകളാണു ഡ്യുകാറ്റി ഇന്ത്യയിൽ വിൽക്കുന്നത്.

ducati-monster-797 Ducati Monster 797

മലിനീകരണ നിയന്ത്രണത്തിൽ യൂറോ നാല് നിലവാരമുള്ള ലിക്വിഡ് കൂൾഡ് 803 സി സി എൻജിനാണ് ‘മോൺസ്റ്റർ 797’ ബൈക്കിനു കരുത്തേകുന്നത്. എൽ ഇ ഡി ലൈറ്റുകളും എൽ സി ഡി സ്ക്രീനുമൊക്കെയായിട്ടാണു ബൈക്കിന്റെ വരവ്.  ‘മൾട്ടിസ്ട്രാഡ’യിലെ 937 സി സി എൻജിനാവട്ടെ പരമാവധി 113 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും; നാലു റൈഡിങ് മോഡുകളും ആന്റി ലോക്ക് ബ്രേക്കിങ്ങും ട്രാക്ഷൻ കൺട്രോളുമെല്ലാം സഹിതമാണു ‘മൾട്ടിസ്ട്രാഡ’യുടെ വരവ്. ഇരുബൈക്കുകളും അടുത്ത മാസം മുതൽ ഉടമസ്ഥർക്കു കൈമാറിത്തുടങ്ങും.

ഡ്യുകാറ്റിയുടെ ഇന്ത്യൻ ഉൽപന്ന ശ്രേണി വിപുലീകരണത്തിലെ പ്രധാന ചുവടുവയ്പെന്നാണ് പുത്തൻ ബൈക്ക് അവതരണത്തെ ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ രവി അവലൂർ വിശേഷിപ്പിച്ചത്. ഇതോടെ സൂപ്പർ ബൈക്ക് വിപണിയിൽ എല്ലാ വിഭാഗത്തിലും ഡ്യുകാറ്റിക്ക് സാന്നിധ്യമായെന്നും അദ്ദേഹം അവകാശപ്പെട്ടു. പുത്തൻ അവതരണങ്ങളിലൂടെ ഇന്ത്യയിലെ വിപണി വിഹിതം ഗണ്യമായി വർധിപ്പിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കൊല്ലം മൂന്നു ഡീലർഷിപ്പുകൾ കൂടി തുറക്കുമെന്നും അവലൂർ അറിയിച്ചു; ചെന്നൈ, കൊൽക്കത്ത, ഹൈദരബാദ് നഗരങ്ങളിലാണു പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, കൊച്ചി, അഹമ്മദബാദ്, പുണെ, ബെംഗളൂരു നഗരങ്ങളിലായി ആറു ഡീലർഷിപ്പുകളാണു ഡ്യുകാറ്റിക്കുള്ളത്. 

അതേസമയം, പ്രാദേശികമായി ബൈക്കുകൾ അസംബ്ൾ ചെയ്യാൻ ഡ്യുകാറ്റിക്കു പദ്ധതിയില്ലെന്നാണു സൂചന. നിലവിൽ തായ്ലൻഡിൽ നിർമിച്ച ബൈക്കുകളാണു ഡ്യുകാറ്റി ഇന്ത്യയിൽ വിൽക്കുന്നത്. ഇന്ത്യയും തായ്ലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ(എഫ് ടി എ) നിലവിലുള്ളത് അനുകൂല ഘടകമാണെന്ന് രവി അവലൂർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ പ്രാദേശികതലത്തിലെ നിർമാണത്തിനു പകരം രാജ്യത്തെ വിപണന ശൃംഖല വിപുലീകരണത്തിനാണു കമ്പനി പരിഗണന നൽകുന്നത്.