പൂർണ ഫെയറിങ്ങുള്ള സ്പോർട് ബൈക്കായ ‘302 ആർ’ ഡി എസ് കെ ബെനെല്ലി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു; 3.48 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില. യമഹ ‘വൈ സീ എഫ് — ആർ ത്രീ’, കാവസാക്കി ‘നിൻജ 300’ തുടങ്ങിയവയോട് മത്സരിക്കുന്ന ‘302 ആറി’ൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ബെനെല്ലി ലഭ്യമാക്കുന്നുണ്ട്.
വൈറ്റ് റോസൊ, റെഡ് നീറൊ, സിൽവർ വെർദെ നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കുള്ളത്. 300 സി സി, ഇരട്ട സിലിണ്ടർ, ഫോർ സ്ട്രോക്ക്, ഡി ഒ എച്ച് സി എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 38.26 പി എസ് വരെ കരുത്തും 26.5 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർ ബോക്സാണു ട്രാൻസ്മിഷൻ.മുന്നിൽ തലകീഴായി ഘടിപ്പിച്ച(യു എസ് ഡി) ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനുമുള്ള ‘302 ആറി’ൽ കിടയറ്റ റൈഡിങ് അനുഭവമാണ് ഡി എസ് കെ ബെനെല്ലി വാഗ്ദാനം ചെയ്യുന്നത്. എതിരാളികളിൽ നിന്നു വ്യത്യസ്തമായി മുന്നിൽ ഇരട്ട പെറ്റൽ ഡിസ്ക് ബ്രേക്കും ബെനെല്ലി ലഭ്യമാക്കുന്നു.
ഇടത്തരം വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ‘302 ആർ’ അവതരിപ്പിക്കുന്നതെന്ന് ഡി എസ് കെ മോട്ടോവീൽസ് ചെയർമാൻ ഷിരീഷ് കുൽക്കർണി അവകാശപ്പെട്ടു. മുൻമോഡലുകളെ അപേക്ഷിച്ചു മികച്ച വരവേൽപ്പാവും ‘302 ആറി’ന് ഇന്ത്യയിൽ ലഭിക്കുകയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.കിലോമീറ്റർ പരിധിയില്ലാത്ത, നാലു വർഷകാല വാറന്റിയാണു ‘302 ആറി’നു ഡി എസ് കെ ബെനെല്ലി വാഗ്ദാനം ചെയ്യുന്നത്. പരിപാലന ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന ‘ഹാപ്പി സേവിങ്സ് പ്ലാനും’ ബൈക്കിനൊപ്പം കമ്പനി ലഭ്യമാക്കുന്നുണ്ട്.