ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനെല്ലിയുടെ ശ്രേണിയിലെ ‘302 ആർ’ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഡി എസ് കെ മോട്ടോ വീൽസ് ഒരുങ്ങുന്നു. അരങ്ങേറ്റത്തിനു മുന്നോടിയായി ഡി എസ് കെ ബെനെല്ലി ഷോറൂമുകളിൽ ‘302 ആറി’നുള്ള മുൻകൂർ ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി. വിപണന സാധ്യതയേറിയ ഇടത്തരം റേഞ്ച് ബൈക്കിങ് മേഖലയിലേക്കു പ്രവേശിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഡി എസ് കെ ബെനെല്ലി ‘302 ആർ’ അവതരിപ്പിക്കുന്നതെന്നാണു വിലയിരുത്തൽ. സൂപ്പർ ബൈക്കിങ്ങിൽ പ്രവേശിക്കാനുള്ള എൻട്രി ലവൽ മോട്ടോർ സൈക്കിളായാണു ഡി എസ് കെ ബെനെല്ലി ‘302 ആറി’നെ അവതരിപ്പിക്കുന്നത്.
വിപണിയിലെത്തുംമുമ്പുതന്നെ ആവേശം സൃഷ്ടിക്കാൻ ‘302 ആറി’നു സാധിച്ചിട്ടുണ്ടെന്ന് ഡി എസ് കെ മോട്ടോവീൽസ് ചെയർമാൻ ഷിരീഷ് കുൽക്കർണി അവകാശപ്പെട്ടു. ബ്രാൻഡിൽ ഉപയോക്താക്കൾക്കുള്ള വിശ്വാസ്യതയും സ്വീകാര്യതയുമാണ് ഈ വരവേൽപ്പിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അര നൂറ്റാണ്ടോളമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ടൊർണാഡോ പാരമ്പര്യം പേറുന്ന, പൂർണ ഫെയറിങ്ങുള്ള സ്പോർട്സ് ബൈക്കാണ് ‘302 ആർ’ എന്നു കുൽക്കർണി വിശദീകരിച്ചു. ബൈക്കിനുള്ള മുൻകൂർ ബുക്കിങ്ങിനു വിപണിയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബൈക്കിനു കരുത്തേകുന്നത് 300 സി സി, ഇൻ ലൈൻ ഇരട്ട സിലിണ്ടർ, വാട്ടർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ്. ബെനെല്ലിയുടെ ട്രേഡ് മാർക്കായ ട്രെസിൽ ഫ്ളെയിമും എൻജിനിലുണ്ട്.
Read More: Fasttrack Bike News Car Magazine Malayalam